SWISS-TOWER 24/07/2023

Mayor | കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനം കലഹിച്ചുവാങ്ങി; ആർക്ക് നൽകണമെന്ന പ്രതിസന്ധിയില്‍ മുസ്ലിം ലീഗ്

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കോര്‍പറേഷന്‍ മേയര്‍ പദവി രണ്ടാം ടേമില്‍ ലഭിക്കാന്‍ കോണ്‍ഗ്രസില്‍ സമ്മര്‍ദ തന്ത്രം പയറ്റിയ മുസ്ലിം ലീഗിന് വരാനിരിക്കുന്നത് പ്രതിസന്ധിയുടെ നാളുകള്‍. മേയര്‍ സ്ഥാനത്തേക്ക് ആരെ നിര്‍ത്തുമെന്ന ആശങ്ക മുസ്ലീം ലീഗ് ജില്ലാ നേതൃത്വത്തിനുണ്ട്. പാര്‍ടിക്കുള്ളിലെ ഗ്രൂപ് പോര് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരെ നിര്‍ത്തിയാലും അഭിപ്രായ ഭിന്നതയും ചേരിപ്പോരും ഉണ്ടായേക്കാം. ഡെപ്യൂടി മേയര്‍ ശബീന ടീചര്‍, കൗണ്‍സിലര്‍മാരായ സിയാദ് തങ്ങള്‍, മുസ്ലിഹ് മഠത്തില്‍ എന്നിവരെയാണ് പരിഗണിക്കേണ്ടി വരിക.

Mayor | കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനം കലഹിച്ചുവാങ്ങി; ആർക്ക് നൽകണമെന്ന പ്രതിസന്ധിയില്‍ മുസ്ലിം ലീഗ്

ഇതില്‍ ശബീന ടീചര്‍ക്ക് രണ്ടര വര്‍ഷത്തോളം ഡെപ്യൂടി മേയര്‍ പദവിയിലിരുന്ന അനുഭവ പരിചയമുണ്ടെങ്കിലും ജെനറല്‍ സീറ്റിലേക്ക് വനിതയായ അവരെ പരിഗണിക്കുന്നതില്‍ ജില്ലാ നേതൃത്വത്തിന് താല്‍പര്യമില്ല. മറ്റു രണ്ടു പേരാകട്ടെ ശരാശരിയില്‍ താഴെ പ്രകടനം കാഴ്ചവെച്ച നേതാക്കളുമാണ്. എല്ലാവരെയും കൂട്ടി യോജിപ്പിച്ചു കൊണ്ടു കോര്‍പറേഷന്‍ ഭരണം കൊണ്ടുപോകാനുള്ള കഴിവും പ്രതിപക്ഷമായ എല്‍ഡിഎഫിന്റെ കടന്നാക്രമണം തടയാനുള്ള പ്രാപ്തിയും ഇവര്‍ക്കില്ലെന്നാണ് പാര്‍ടിക്കുള്ളിലെ വിലയിരുത്തല്‍.

ഈ സാഹചര്യത്തില്‍ നിലവില്‍ കൗണ്‍സിലറല്ലാത്ത ഒരാളെ മത്സരിപ്പിച്ചു വിജയിപ്പിക്കാനുള്ള സാധ്യതയാണ് മുസ്ലീം ലീഗ് നേതൃത്വം തേടുന്നത്. മുന്‍ നഗരസഭാ വൈസ് ചെയര്‍മാനും മുതിര്‍ന്ന നേതാവുമായ സി സമീറിനെ സിറ്റിങ് സീറ്റുകളിലൊന്നില്‍ മത്സരിപ്പിച്ചു ജയിപ്പിക്കാനാണ് അണിയറ നീക്കം നടത്തുന്നത്. എന്നാല്‍ ഈ നീക്കത്തോട് പാര്‍ടിയിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്. സി സമീറിനെ എതിര്‍ക്കുന്ന ഒരു വിഭാഗം നേതാക്കള്‍ പാര്‍ടി ജില്ലാ നേതൃത്വത്തിലുണ്ട്. രണ്ടു ടേം മത്സരിച്ചു വിജയിച്ചവര്‍ വീണ്ടും മത്സരിക്കാതെ മാറി നില്‍ക്കണമെന്ന തീരുമാനം കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിര്‍ണയ വേളയില്‍ പാര്‍ടി പൊതുവായി സ്വീകരിച്ചതാണെന്നും ഇതില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നുമാണ് സമീറിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.

ഈ മാനദണ്ഡം പരിഗണിച്ചാണ് സമീറിന് മൂന്നാം ടേമില്‍ മത്സരിക്കാന്‍ കഴിയാതെ പോയത്. കണ്ണൂര്‍ കോര്‍പറഷനിലെ പ്രത്യേക സാഹചര്യം പരിഗണിച്ചു സി സമീറിനെ മത്സരിപ്പിക്കാന്‍ അനുമതി ലഭിക്കണമെന്ന ആവശ്യം ജില്ലാ ലീഗ് നേതൃത്വം പാര്‍ടി സംസ്ഥാന സമിതിയ്ക്കു മുന്‍പില്‍ ഉന്നയിക്കുമെന്നാണ് സൂചന. എന്നാല്‍ മേയര്‍ സ്ഥാനം ലീഗിന് കൈമാറുന്നതില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് അതിശക്തമായ എതിര്‍പ്പുണ്ട്. മുസ്ലിം ലീഗ് സമ്മര്‍ദ തന്ത്രത്തിന് കീഴടങ്ങുകയാണ് സംസ്ഥാന നേതൃത്വം ചെയ്ത തെന്നാണ് ഇവര്‍ ചൂണ്ടികാട്ടുന്നത്.

കഴിഞ്ഞ രണ്ടര വര്‍ഷം ടി ഒ മോഹനന്റെ നേതൃത്വത്തില്‍ കെട്ടുറപ്പുള്ള ഒരു ഭരണം നടത്താന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞുവെന്നും നിരവധി വികസന പ്രവൃത്തികള്‍ നടപ്പിലാക്കിയതോടെ ജനകീയ അംഗീകാരം നേടാന്‍ നിലവിലുള്ള ഭരണ സമിതിക്ക് കഴിഞ്ഞുവെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷമായ സിപിഎം നടത്തിയ സമരങ്ങള്‍ ക്ലച് പിടിക്കാതെ പോയതിന് കാരണം ടി ഒ മോഹനന്റെ നേതൃത്വമികവാണെന്നും ഇവര്‍ പറയുന്നു. നിരവധി പ്രതിസന്ധികളിലൂടെയും വികസന പ്രവര്‍ത്തനങ്ങളിലൂടെയും മുന്‍പോട്ടു പോകുന്ന കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണത്തെ താളം തെറ്റിക്കുകയാണ് ഭീഷണിപ്പെടുത്തി സമ്മര്‍ദ തന്ത്രത്തിലുടെ മുസ്ലീലീഗ് ചെയ്തതെന്നും ഇവര്‍ ആരോപിക്കുന്നു.

Keywords: News, Kannur, Kerala, Kannur Corporation, Politics, Muslim League, Congress,  Kannur Corporation Mayor post: Muslim League in crisis.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia