Apology | സംഭവിച്ചത് അനിഷ്ടകരമായ കാര്യങ്ങള്‍; നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബത്തോട് ഖേദം പ്രകടിപ്പിച്ച് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന്‍


● കത്തില്‍ ഒപ്പോ സീലോ രേഖപ്പെടുത്തിയിട്ടില്ല
● നവീനിന്റെ മരണം നല്‍കിയ നടുക്കം വി്ടുമാറിയിട്ടില്ല
● ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല
● നവീന്‍ ഇന്നലെ വരെ എന്റെ തോളോട് തോള്‍ നിന്ന് പ്രവര്‍ത്തിച്ചയാള്‍
പത്തനംതിട്ട: (KVARTHA) കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബത്തോട് ഖേദം പ്രകടിപ്പിച്ച് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന്‍. കത്തിലൂടെയാണ് കലക്ടറുടെ ഖേദപ്രകടനം. പത്തനംതിട്ടയില്‍ നിന്നും കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ എഴുതിയ കത്ത് സബ് കലക്ടര്‍ വഴിയാണ് പത്തനംതിട്ട മലയാലപ്പുഴയിലെ നവീന്‍ ബാബുവിന്റെ കുടുംബത്തിന് കൈമാറിയത്. മാപ്പ് അപേക്ഷിച്ചുള്ള കത്ത് രാവിലെയോടെ മലയാലപ്പുഴയിലെ വീട്ടില്‍ നേരിട്ട് എത്തിക്കുകയായിരുന്നു.
സംഭവിച്ചത് അനിഷ്ടകരമായ കാര്യങ്ങളാണെന്നും താന്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കലക്ടര്‍ കത്തില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം നവീന്‍ ബാബുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ കലക്ടര്‍ പത്തനംതിട്ടയില്‍ എത്തിയിരുന്നുവെങ്കിലും കാണാന്‍ താല്‍പര്യമില്ലെന്ന് കുടുംബാംഗങ്ങള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കത്തെഴുതി പത്തനംതിട്ട സബ് കലക്ടര്‍ വഴി കുടുംബത്തിന് കൈമാറിയത്. കത്തില്‍ ഒപ്പോ സീലോ രേഖപ്പെടുത്തിയിട്ടില്ല.
കത്തിന്റെ പൂര്‍ണരൂപം:
പ്രിയപ്പെട്ട നവീനിന്റെ ഭാര്യ മഞ്ജുഷയ്ക്കും മക്കള്‍ക്കും,
പത്തനംതിട്ടയില്‍ നിന്നും തിരിച്ച് കണ്ണൂരിലേക്കുള്ള യാത്രയിലാണ് ഞാന്‍ ഇത് എഴുതുന്നത്. ഇന്നലെ നവീനിന്റെ അന്ത്യകര്‍മങ്ങള്‍ കഴിയുന്നതുവരെ ഞാന്‍ പത്തനംതിട്ടയിലുണ്ടായിരുന്നു. നേരില്‍ വന്ന് ചേര്‍ന്നു നില്‍ക്കണമെന്നു കരുതിയങ്കിലും സാധിച്ചില്ല.
നവീന്റെ കൂടെയുള്ള മടക്ക യാത്രയില്‍ മുഴുവന്‍ ഞാനോര്‍ത്തത് നിങ്ങളെക്കാണുമ്പോള്‍ എന്തു പറയണം, എങ്ങനെ ആശ്വസിപ്പിക്കണം എന്ന് മാത്രമാണ്. നവീനിന്റെ മരണം നല്‍കിയ നടുക്കം ഇപ്പോളും എന്നെയും വിട്ടു മാറിയിട്ടില്ല.
ഇന്നലെ വരെ എന്റെ തോളോട് തോള്‍ നിന്ന് പ്രവര്‍ത്തിച്ചയാളാണ് നവീന്‍. കാര്യക്ഷമതയോടും സഹാനുഭൂതിയോടും തന്റെ ഉത്തരവാദിത്തം നിര്‍വഹിച്ച വ്യക്തി ആയിരുന്നു എട്ടു മാസത്തോളമായി എനിക്കറിയാവുന്ന നവീന്‍..എനിക്ക് ഏതു കാര്യവും വിശ്വസിച്ചു ഏല്പിക്കാവുന്ന പ്രിയ സഹപ്രവര്‍ത്തകന്‍..
സംഭവിക്കാന്‍ പാടില്ലാത്ത, നികത്താനാവാത്ത നഷ്ടമാണ് സംഭവിച്ചത്. ഈ വേദനയില്‍ നിങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ പങ്കുചേരാന്‍ മനസ്സ് വെമ്പുംപോളും, നവീനിന്റെ വേര്‍പാടില്‍ എനിക്കുള്ള വേദനയും, നഷ്ടബോധവും. പതര്‍ച്ചയും പറഞ്ഞറിയിക്കാന്‍ എന്റെ വാക്കുകള്‍ക്ക് കെല്‍പ്പില്ല.
എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍... ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കരുത്ത് ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമേ ഇപ്പോള്‍ സാധിക്കുന്നുള്ളൂ ...
പിന്നീട് ഒരവസരത്തില്‍, നിങ്ങളുടെ അനുവാദത്തോടെ, ഞാന്‍ വീട്ടിലേക്ക് വരാം....
അതേസമയം കലക്ടര്‍ക്കെതിരെ ഗുരുതര ആരോപണമാണ് നവീന്‍ ബാബുവിന്റെ ബന്ധുക്കള്‍ ഉന്നയിക്കുന്നത്. വിരമിക്കല്‍ ചടങ്ങല്ല, മറിച്ച് സ്ഥലം മാറ്റമാണെന്നും യാത്രയയപ്പ് ചടങ്ങ് വേണ്ടെന്നും കലക്ടറോട് നവീന്‍ ബാബു അഭ്യര്‍ഥിച്ചിരുന്നുവെന്ന് ബന്ധു മലയാലപ്പുഴ മോഹനന്‍ ആരോപിച്ചു.
പക്ഷേ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യയ്ക്കു വേണ്ടി ചടങ്ങ് ഉച്ചയ്ക്ക് ശേഷം സംഘടിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. നവീന്‍ ബാബുവിന്റെ മരണത്തില്‍ കലക്ടറേറ്റിലെ ജീവനക്കാര്‍ക്കും കലക്ടറോട് അമര്‍ഷം ഉയര്‍ന്ന സാഹചര്യത്തിലാണ് കുടുംബത്തോട് ഖേദം പ്രകടിപ്പിച്ചുള്ള കത്ത് കൈമാറിയത്.
കലക്ടറുടെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കണ്ണൂര്‍ ടൗണ്‍ സിഐയാണ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയത്. കലക്ടര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്ന് റവന്യു മന്ത്രി കെ രാജന്‍ നേരത്തേ അറിയിച്ചിരുന്നു. നിലവില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കുടുംബത്തിന്റെ പരാതിയില്‍ ദിവ്യയ്‌ക്കെതിരെ മാത്രമാണ് ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. കലക്ടര്‍ക്കെതിരെ ഇതുവരെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടില്ല.
#KannurCollector #NaveenBabu #KeralaNews #ApologyLetter #Condolence #Kerala