Controversy | വീണ്ടും ഓൺലൈൻ പൊതുയോഗം; കണ്ണൂർ വിമാനത്താവള ഓഹരി ഉടമകൾ പ്രതിഷേധത്തിൽ; കേന്ദ്ര കമ്പനി കാര്യമന്ത്രാലയത്തിന് പരാതി നൽകും
വിമാനതാവളത്തിൻ്റെ സ്ഥിതിവിവരങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ വാർഷിക പൊതുയോഗത്തിൽ പുറത്തുവിടണമെന്നും ആവശ്യം
കനവ് കണ്ണൂർ
കണ്ണൂർ: (KVARTHA) രാജ്യാന്തര വിമാനത്താവള കമ്പനിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ മുറുകുന്നു. വാർഷിക പൊതുയോഗം ഓൺലൈനായി നടത്തി കിയാൽ അധികൃതർ മുഖാമുഖം നിക്ഷേപകരുമായി നേരിട്ടു കാര്യങ്ങൾ സംസാരിക്കുന്നതിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം. ഇതിൽ പ്രതിഷേധവുമായി ഓഹരി ഉടമകള്‍ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. പൊതുയോഗം സംബന്ധിച്ച അറിയിപ്പ് ഇത്തവണയും സി.പി.എം മുഖപത്രത്തില്‍ മാത്രം പ്രസിദ്ധീകരിച്ചതിനെതിരെയും വിമർശനമുണ്ട്.
കോവിഡ് സാഹചര്യം മാറിയിട്ടും ഓണ്‍ലൈൻ യോഗം ചേരുന്നതിനെതിരെ കേന്ദകമ്പനകാര്യ മാന്ത്രാലയത്തിന് പരാതി നല്‍കാനാണ് ഒരു വിഭാഗം ഓഹരിയുടമകളുടെ തീരുമാനം. കണ്ണൂർ രാജ്യന്തര വിമാനത്താവള കമ്പനിയുടെ പതിനഞ്ചാമത് വാർഷിക പൊതുയോഗമാണ് സെപ്തംബർ 23 ന് നടക്കുന്നത്. പൊതു യോഗം വീഡിയോ കോണ്‍ഫറൻസ് വഴി നടത്താൻ നിശ്ചയിച്ചിട്ടുളളത്. പൊതുയോഗം സംബന്ധിച്ച അറിയിപ്പ് ഇത്തവണയും കമ്പനി നല്‍കിയത് സി.പി.എം മുഖപത്രത്തില്‍ മാത്രം.
തപാല്‍ വഴിയും ഇ മെയിലായും അറിയിപ്പ് നല്‍കിയെന്ന് കിയാല്‍ പറയുമ്പോഴും പലർക്കും യോഗത്തെ കുറിച്ച് വിവരമില്ല. കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പതിനൊന്നാമത്തെയും പന്ത്രണ്ടാമത്തെയും വാർഷിക പൊതുയോഗങ്ങള്‍ 2021 ഡിസംബറില്‍ ഓണ്‍ലൈനായി ചേർന്നത്. എന്നാല്‍ ആ സാഹചര്യം മാറിയിട്ടും വാർഷിക പൊതു യോഗങ്ങള്‍ ഓണ്‍ലൈനില്‍ തുടരുന്നതിനെതിരെയാണ് ഓഹരിയുടമകള്‍ രംഗത്തെത്തിയിട്ടുളളത്. വിമാനത്താവളം പ്രവർത്തനം തുടങ്ങിയ ശേഷം രണ്ട് തവണ മാത്രമാണ് ഓഹരിയുടമകളെ നേരിട്ട് പങ്കെടുപ്പിച്ച് നടന്നത്.
ഓണ്‍ലൈൻ യോഗങ്ങള്‍ പലതും ഏകപക്ഷീയമായി മാറിയതായും ഇവർ പറയുന്നു. കിയാലിൻറെ നടപടിക്കെതിരെ കമ്പനികാര്യ മാന്ത്രാലയത്തെ സമീപിക്കാനൊരുങ്ങുകയാണ് ഒരു വിഭാഗം ഓഹരിയുടമകള്‍. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്, മാനേജിങ് ഡയറക്ടർ ദിനേശ് കുമാറിന്റെ ശമ്പള വർദ്ധനവിന് അംഗീകാരം നല്‍കല്‍ തുടങ്ങിയവയാണ് ഇത്തവണത്തെ വാർഷിക യോഗത്തില്‍ അജണ്ടയായി നിശ്ചയിച്ചിട്ടുളളത്. കനത്ത നഷ്ടത്തിലോടുന്ന കണ്ണൂർ വിമാനതാവളത്തിൻ്റെ സ്ഥിതിവിവരങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ വാർഷിക പൊതുയോഗത്തിൽ പുറത്തുവിടണമെന്നാണ് ഓഹരി ഉടമകളുടെ ആവശ്യം
#KannurAirport, #AGM, #shareholders, #protest, #corruption, #Kerala