Aviation | കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി ലഭിക്കാൻ സാധ്യത!; വ്യോമയാന മന്ത്രി കണ്ണൂർ സന്ദർശിക്കുമെന്ന് ചേംബർ ഭാരവാഹികൾ

 
Kannur Airport May Get Point of Call Status; Aviation Minister to Visit Kannur, Chamber Officials Announce
Kannur Airport May Get Point of Call Status; Aviation Minister to Visit Kannur, Chamber Officials Announce

Photo: Arranged

● വിമാന സർവീസുകളുടെ അപര്യാപ്തത കാരണം ഉയർന്ന ടിക്കറ്റ് നിരക്കും നൽകേണ്ടിവരുന്നു.
● പരിഹാരത്തിനായി സർക്കാർ തലത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പു നൽകിയിട്ടുണ്ട്.
● ജനുവരിയിൽ കേന്ദ്ര വ്യോമയാന മന്ത്രി കണ്ണൂർ സന്ദർശിക്കും.

കണ്ണൂർ: (KVARTHA) കണ്ണൂർ അന്തർദേശീയ വിമാനത്താവളം പോയിന്റ് ഓഫ് കോൾ പദവി നേടാനുള്ള സാധ്യത തെളിയുന്നു. ഈ നേട്ടം കൈവരിക്കുന്നതിനായി നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ പ്രതിനിധികൾ വ്യോമയാന വകുപ്പ് മന്ത്രി റാം മോഹൻ നായിഡുവുമായി നേരിട്ട് ചർച്ച നടത്തി. ഡൽഹി രാജീവ് ഗാന്ധി ഭവനിലെ ഓഫിസിൽ നടന്ന ഈ ചർച്ചയിൽ ചേംബർ പ്രസിഡന്റ് ടി.കെ. രമേഷ് കുമാർ, വൈസ് പ്രസിഡണ്ട് സച്ചിൻ സൂര്യകാന്ത് മഖേച്ച, സെക്രട്ടറി സി. അനിൽകുമാർ, ട്രഷറർ കെ. നാരായണൻ കുട്ടി എന്നിവർ പങ്കെടുത്തു. വളരെ അനുകൂലമായ സമീപനമാണ് കേന്ദ്ര വ്യോമയാന മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ഭാരവാഹികൾ അറിയിച്ചു. 

കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകളുടെ അപര്യാപ്തത കാരണം ഉയർന്ന ടിക്കറ്റ് നിരക്കും നൽകേണ്ടിവരുന്നു. പോയിൻ്റെ ഓഫ് കോൾ പദവി ലഭിക്കുന്നത് വൈകിയാൽ, ചുരുങ്ങിയത് സാർക്ക്, ആസിയാൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് വ്യോമയാന മന്ത്രിയെ സമീപിച്ചു. കാർഗോ ഫ്ലൈറ്റുകളുടെ അപര്യാപ്തതയും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. അദ്ദേഹം കേരള മുഖ്യമന്ത്രിയുമായി നേരിട്ട് സംവദിച്ചിട്ടുണ്ട്. ഈ വിഷയത്തെ ഗൗരവമായി കണക്കാക്കുന്നുണ്ടെന്നും, പരിഹാരത്തിനായി സർക്കാർ തലത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പു നൽകിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സംയുക്ത ശ്രമത്തിലൂടെ പ്രശ്‌നത്തിനുള്ള പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

2018 ഡിസംബറിൽ പ്രവർത്തനമാരംഭിച്ച കണ്ണൂർ അന്തർദേശീയ വിമാനത്താവളം ആദ്യ 10 മാസത്തിനുള്ളിൽ തന്നെ 10 ലക്ഷത്തിലധികം യാത്രക്കാരെ ആകർഷിച്ചു എന്നത് വിമാനത്താവളത്തിന്റെ വളർച്ചാ സാധ്യതകൾ എത്രത്തോളം വലുതാണെന്ന് വ്യക്തമാക്കുന്നു. വിമാനത്താവളത്തിന് ലഭ്യമായ മികച്ച അടിസ്ഥാന സൗകര്യങ്ങളും അനന്തമായ വികസന സാധ്യതകളും മന്ത്രിയെ ബോധ്യപ്പെടുത്താൻ ചേംബർ പ്രതിനിധികൾക്ക് കഴിഞ്ഞു.

കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള യാത്രാ നിരക്ക് മംഗലാപുരം, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ മറ്റ് വിമാനത്താവളങ്ങളിലെ നിരക്കുകളേക്കാൾ വളരെ ഉയർന്നതാണ്. ഇത് കൂടാതെ, വിമാന സർവീസുകളുടെ അപര്യാപ്തതയും കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ചയെയും പ്രദേശത്തെ ടൂറിസം വികസനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ പ്രശ്‌നങ്ങൾ കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി ചേംബർ ഭാരവാഹികൾ.

കണ്ണൂരിൽ നിന്നുള്ള വിമാന യാത്രയുടെ നിരക്ക് കുറയ്ക്കുന്നതിനും വിമാന സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി കൂടുതൽ വിമാന കമ്പനികളുമായി ചർച്ച നടത്തുമെന്ന് മന്ത്രി ഉറപ്പ് നൽകി. മറ്റ് വിമാന കമ്പനികളെ കണ്ണൂരിൽ സർവീസ് ആരംഭിക്കാൻ പ്രേരിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചേംബർ ഭാരവാഹികളുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് കേന്ദ്ര മന്ത്രി ജനവരിയിൽ  കണ്ണൂരിൽ എത്തിച്ചേരുമെന്ന് അറിയിച്ചതായി പ്രതിനിധികൾ അറിയിച്ചു.

#KannurAirport #Aviation #KeralaNews #PointOfCall #MinisterVisit

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia