Financial Struggles | കണ്ണൂർ വിമാനത്താവളം ആറാം വർഷത്തിലേക്ക്; സാമ്പത്തിക പ്രതിസന്ധിയിൽ ആകാശവഴിയിൽ കിതയ്ക്കുന്നു
● അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള കമ്പനി (കിയാൽ) നീങ്ങുന്നത്.
● ആറാം വാർഷികം കലാ കായിക മത്സരങ്ങളോടെ ആഘോഷിക്കും.
● എയർ ഇന്ത്യ എക്‌സ്‌പ്രസ് യാത്രാനിരക്കിൽ 15 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.
നവോദിത്ത് ബാബു
മട്ടന്നൂർ: (KVARTHA) കേന്ദ്ര അവഗണന സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിൽ ചിറകൊടിഞ്ഞ് വികസന വീഥിയിലേക്ക് പറക്കാനാവാതെ കണ്ണൂർ അന്താരാഷ്ട വിമാനത്താവളം ആകാശവഴിയിൽ കിതയ്ക്കുന്നു ഈ വരുന്ന ഡിസംബർ ഒൻപതിന് വിമാനത്താവളത്തിന് ആറ് വയസ് തികയുമ്പോൾ സംസ്ഥാന സർക്കാരിനും കിയാലിനും ജനങ്ങൾക്ക് മുന്നിൽ നിരത്താൻ നേട്ടങ്ങളുടെ പട്ടികയൊന്നുമില്ല. ഒരു വർഷം 15 ലക്ഷം യാത്രക്കാരെന്ന സുപ്രധാന നേട്ടത്തോടെ ഈ സാമ്പത്തിക വർഷാവസാനം 180 കോടി രൂപയുടെ വരുമാനം കൈവരിക്കുകയെന്ന ലക്ഷ്യമുണ്ടെങ്കിലും യാഥാർത്ഥ്യമാകുമെന്ന് തോന്നുന്നില്ല.
അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള കമ്പനി (കിയാൽ) നീങ്ങുന്നത്. 700 കോടിയുടെ സഞ്ചിത നഷ്ടമുണ്ടെന്നാണ് ഷെയർഹോൾഡേഴ്സ് ആരോപിക്കുന്നത്. 2018 ഡിസംബർ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌ത വിമാനത്താവളം ആദ്യവർഷം 10 ലക്ഷം യാത്രക്കാരെന്ന നേട്ടം കൈവരിച്ചിരുന്നുവെങ്കിലും പിന്നീട് താഴേക്ക് കൂപ്പുകുത്തുകയായിരുന്നു.
ഗോ എയറിന്റെ 10 സർവീസുകൾ നിലച്ചതിലും വിദേശ വിമാന സർവീസിനുള്ള പോയിന്റ് ഓഫ് കോൾ പദവി ലഭിക്കാത്തതിലുമുണ്ടായ പ്രതിസന്ധികൾ തിരിച്ചടിയായി. എയർ ഇന്ത്യ എക്‌സ്‌പ്രസ്, ഇൻഡിഗോ സർവീസ് സർവീസുകൾ മാത്രമാണുള്ളത്.
നിലവിൽ 3,500 കോടി രൂപയുടെ അംഗീകൃത മൂലധനം കണ്ണൂർ വിമാനത്താവളത്തിനുണ്ടെങ്കിലും കോടികൾ മുടക്കിയ നിക്ഷേപകർക്ക് പത്തുപൈസ പോലും ലാഭവിഹിതമായി ഇതുവരെ നൽകിയില്ല. മൂലധന ഓഹരികൾക്കൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച് കടം പുനഃക്രമീകരിക്കാനുള്ള പദ്ധതിയിലാണ് ഇപ്പോൾ കിയാൽ നീങ്ങുന്നത്.
അപ്രോച്ച് ലൈറ്റ്‌നിങ് കാറ്റഗറി ഒന്നിലേക്കുയർത്തി ഏത് പ്രതികൂല കാലാവസ്ഥയിലും വിമാനങ്ങൾക്കിറങ്ങാനും പറന്നുയരാനും കഴിയുന്ന വിമാനത്താവളമായി മാറ്റുകയാണ് ലക്ഷ്യം. അനുബന്ധ സംരംഭങ്ങളിലൂടെ അധിക വരുമാനമുണ്ടാക്കുന്നതിന് ഹോട്ടൽ, കൺവൻഷൻ സെന്റർ എന്നിവ ആരംഭിക്കാൻ ടെൻഡർ നടപടികളുമായി മുന്നോട്ടു പോകുന്നു.
ആറാം വാർഷികം കലാ കായിക മത്സരങ്ങളോടെ ആഘോഷിക്കും. വിമാനത്താവള കമ്പനിയിലെ ജീവനക്കാർക്കൊപ്പം വ്യത്യസ്ത ഏജൻസികളിലെ ജീവനക്കാരും പങ്കാളികളാകും.
എയർ ഇന്ത്യ എക്‌സ്‌പ്രസ് യാത്രാനിരക്കിൽ 15 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ദമാം, അബുദാബി, ദോഹ, റിയാദ്, ബഹ്‌റൈൻ, കുവൈറ്റ്, റാസൽഖൈമ, മസ്കറ്റ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള യാത്രയ്‌ക്ക് തിങ്കൾവരെ ടിക്കറ്റ് ബുക്കു ചെയ്യുന്നവർക്കാണ് ഇളവ്.
ബംഗളൂരു സർവീസ് 13ന് തുടങ്ങും
കണ്ണൂർ–- ബംഗളൂരു എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസ് 13ന് പുനരാരംഭിക്കും. രാവിലെ 6.10ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന വിമാനം 7.10ന് ബംഗളൂരുവിലെത്തും. തുടർന്ന് ബംഗളൂരുവിൽനിന്ന് 8.10ന് പുറപ്പെടുന്ന വിമാനം 9.10ന് കണ്ണൂരിലെത്തുന്ന രീതിയിലാണ് സർവീസ് പുനഃക്രമീകരിച്ചത്. എല്ലാ വെള്ളിയാഴ്‌ചയിലുമാണ് സർവീസ് നടത്തുന്നത്.
#KannurAirport #Kerala #Aviation #EconomicCrisis #AirIndiaExpress #Bengaluru