Allegation | കണ്ണൂർ വിമാനത്താവളം അദാനിക്ക് കൈമാറാൻ അണിയറ നീക്കമോ, വികസനത്തിന് തുരങ്കം വയ്ക്കുന്നവരുടെ രഹസ്യ അജൻഡയെന്ത്?


● കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി നിഷേധിക്കുന്നു.
● അദാനിക്ക് വിമാനത്താളം വിൽക്കാനുള്ള ശ്രമമെന്ന് ആരോപണം.
● ഓഹരി ഉടമകൾ പ്രതിഷേധത്തിൽ.
ഭാമനാവത്ത്
കണ്ണൂർ: (KVARTHA) പ്രവർത്തമാനരംഭിച്ചിട്ട് ആറു വർഷം പിന്നിടുമ്പോഴും ബാലാരിഷ്ടത പിന്നിടാതെ വികസന വഴികളിൽ മുടന്തുകയാണ്കണ്ണൂർ രാജ്യാന്തര വിമാനത്താവളം കേന്ദ്രസർക്കാരിൻ്റെ തുടർച്ചയായ അവഗണനയാണ് വടക്കെമലബാറിലെ ജനങ്ങളുടെ ഏക പ്രതീക്ഷയായ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തെ നിരാശയുടെ പടുകുഴിയിൽ വീഴ്ത്തുന്നത്. വിമാനത്താവളം നിലിനിൽക്കുന്ന മട്ടന്നൂർ മെട്രോ നഗരമല്ലെന്ന തൊടുന്യായമാണ് ഇതിനായി പറയുന്നത്. എന്നാൽ മാസങ്ങൾക്ക് മുൻപ് പോയൻ്റ് ഓഫ് കോൾ പദവി അനുവദിച്ച ഗോവയിലെ മോപ്പ വിമാനത്താവളം കുഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ് വൈരുദ്ധ്യം.
കണ്ണൂരിന് വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താനുള്ള പോയിൻ്റ്ഓഫ് കോൾ പദവി അനുവദിക്കില്ലെന്ന്, കേന്ദ്ര വ്യോമയാന മന്ത്രാലയം ഒരേ പല്ലവിയിൽ ആവർത്തിച്ചു പാടുകയാണ്. വർഷങ്ങളായി ഒരു മാറ്റവും ഇതിൽ ഇല്ലെന്നതാണ് വസ്തുത. എപ്പോഴെങ്കിലും വിദേശ സർവീസുകൾ തുടങ്ങിയേക്കാമെന്ന ആശാകിരണം പോലും കേന്ദ്ര വ്യോമയാന മന്ത്രാലയം നൽകുന്നില്ല. ഈ സമീപനം
കണ്ണൂർ വിമാനത്താവളത്തിൻ്റെ വികസന സ്വപ്നങ്ങൾക്ക് നിരാശയുടെ കരിനിഴൽ പടർത്തിയിരിക്കുകയാണ്.
സംസ്ഥാന സർക്കാർ തുടർച്ചയായി ആവശ്യപ്പെട്ടിട്ടും, മെട്രോ നഗരങ്ങളിലെ വിമാനത്താവളങ്ങൾക്ക് മാത്രമേ അനുമതി നൽകൂകയുള്ളുവെന്ന നിലപാടിലാണ് ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര സർക്കാർ. എന്നാൽ ഗോവയിലും ആൻഡമാനിലും ഈ മാനദണ്ഡം കേന്ദ്രം മറന്നതെന്തെന്ന് കേരളം ചോദിക്കുന്നുണ്ടെങ്കിലും അതിന് മറുപടി നൽകുന്നുമില്ല. വൻ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നുംകരകയറാൻ കണ്ണൂർ വിമാനത്താവളത്തിനുള്ള പ്രതീക്ഷ വിദേശ വിമാന കമ്പനിക്ക് സർവീസ് നടത്താനുള്ള അനുമതി ലഭിക്കൽ മാത്രമാണ്.
പോയിന്റ് ഓഫ് കോൾ പദവിക്കായുള്ള കാത്തിരിപ്പ് അഞ്ചു വർഷത്തിലേറെ നീണ്ടെങ്കിലും അനുമതി നൽകാൻ കേന്ദ്രം ഇപ്പോഴും തയ്യാറാകാത്തതിന് പിന്നിൽ ദുരൂഹകാരണങ്ങളുണ്ട്.
ഒടുവിൽ വിമാനത്താവളത്തിന്റെ വികസനം ആവശ്യപ്പെട്ട് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസ് കഴിഞ്ഞ മാർച്ചിൽ പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ആറ് മാസത്തിനിപ്പുറം മറുപടി വന്നു. മെട്രോ നഗരങ്ങൾക്ക് പുറത്തുള്ള വിമാനത്താവളങ്ങൾക്ക് പോയിന്റ് ഓഫ് കോൾ പദവി അനുവദിക്കാനാവില്ലെന്നായിരുന്നു മറുപടി. അതേസമയം, ഗോവയിൽ നിന്ന് 35 കിമീ മാറി സ്ഥിതി ചെയ്യുന്ന മോപ്പ വിമാനത്താവളത്തിനും, ബംഗാളിലെ ബാഗ് ദോഗ്ര വിമാനത്താവളത്തിനും, ആൻഡമാൻ നിക്കോബാർ ദ്വീപിലെ പോർട്ബ്ലെയർ വീർസവർക്കർ വിമാനത്താവളത്തിനും പോയിന്റ് ഓഫ് കോൾ പദവി അനുവദിച്ചിട്ടുണ്ട്.
പോയിന്റ് ഓഫ് കോൾ പദവി ലഭിക്കാനായി പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു മുഖ്യമന്ത്രി. വൈകാതെ തീരുമാനമുണ്ടാകുമെന്ന് കിയാലിന്റെ വാർഷികസമ്മേളനത്തിൽ ഉറപ്പും നൽകിയത്. എന്നാൽ അതും നടന്നില്ല. വിമാനത്താവളം പ്രവർത്തനമാരംഭിച്ച് ആറു വർഷം കഴിയുമ്പോഴും തുടരുന്ന വിവേചനപരമായ നിലപാടിനെതിരെ വലിയ പ്രതിഷേധമാണുയരുന്നത്. മട്ടന്നൂർ വായാന്തോടിൽ ജനകീയ കമ്മിറ്റി നടത്തിയ അനിശ്ചിത കാല സത്യാഗ്രഹ സമരത്തിൽ വൻ സ്വീകാര്യത ലഭിച്ചിരുന്നു.
നിലവിൽ എയർ ഇന്ത്യ എക്സ്പ്രസും, ഇൻഡിഗോയും മാത്രമാണ് കണ്ണൂരിൽ നിന്നുംസർവീസ് നടത്തുന്നത്.
എഴുന്നൂറു കോടിയോളം രൂപയുടെ കടബാദ്ധ്യതയിലുടെയാണ് കണ്ണൂർ വിമാനത്താവളം മുൻപോട്ടു പോകുന്നത്. ഒന്നോ രണ്ടോ വർഷം കൊണ്ടു വിമാനത്താവള കമ്പനിയായ കിയാലിൻ്റെ പ്രതിസന്ധിമൂർച്ഛിച്ചേക്കും. ഇനിയൊരടി മുൻപോട്ടു പോകാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ തിരുവനന്തപുരം പോലെ ലേലത്തിൽ വെച്ചേക്കാം. അപ്പോൾ രക്ഷകനായി പൊന്നും വിലയ്ക്ക് ഏറ്റെടുക്കാം അദാനിയെത്തിയേക്കാം.
ഈ കള്ളക്കളികളൊക്കെ അണിയറയിൽ നടക്കുന്നുണ്ടെന്ന കാര്യം അങ്ങാടി പാട്ടാണ്. കണ്ണൂർ വിമാനത്താവള വിൽപ്പനക്കായി അരങ്ങിൽ കളിക്കുന്നത് വൻരാഷ്ട്രിയ ഉദ്യോഗസ്ഥ സംഘമാണ്, കോഴയായി നൽകിയേക്കാവുന്ന കോടികളിലാണ് ഇവരുടെ കണ്ണ്. കിയാൽ പൊതുമേഖലയിലാണോ സ്വകാര്യ മേഖലയിലാണോയെന്ന് സർക്കാരിന് ഇനിയും തുറന്നു പറയാൻ കഴിയാത്തതിന് പിന്നിൽ ഇത്തരം ചില കള്ളക്കളികളുണ്ട്. കണ്ണടച്ചു പാൽ കുടിക്കുന്നത് ആരും തിരിച്ചറിയില്ലെന്നാണ് ഭരണാധികാരികളുടെയും രാഷ്ട്രീയ നേതാക്കളുടെയും വിചാരം.
ഇതിനിടെ വിമാനത്താവള കമ്പനിയായ കിയാലിനെ ഗുരുതരമായ ആരോപണങ്ങളുമായി വീണ്ടും ഓഹരി ഉടമകൾ രംഗത്തെത്തിയത് സ്ഥിതിഗതികൾ വഷളാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാർ പോയൻ്റ് ഓഫ് കോൾ പദവി നിഷേധിച്ചതിന് പിന്നാലെയാണ് കിയാലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഓഹരി ഉടമകളും രംഗത്തുവന്നത്. തങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ കഴിഞ്ഞ മാസം നടന്നവാർഷിക പൊതുയോഗത്തിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
കിയാലിനെ എഴുന്നൂറ് കോടി രൂപയോളം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച സാഹചര്യം അന്വേഷിക്കണമെന്നും കമ്പനി നിയമങ്ങൾ ലംഘിക്കാൻ മാനേജ്മെൻ്റ് കൂട്ട് നിൽക്കുന്നതായും ഓഹരി ഉടമകൾ ചൂണ്ടിക്കാട്ടി. കോടിക്കണക്കിന് രൂപ സർക്കാർ ബജറ്ററി സപ്പോട്ടായി അനുവദിക്കുമ്പോഴും അമ്പത്തൊന്ന് ശതമാനം ഷെയർ ആർ.ഇ.സി എന്ന ധനകാര്യ സ്ഥാപനത്തിന് ദീർഘകാലത്തേക്ക് പണയപ്പെടുത്തിയിരിക്കുകയാണ് കിയാൽ.
ഈകരാർ കൂടുതൽ ബാദ്ധ്യതയിലേക്കും വിമാനത്താവള വികസനത്തിനും തടസമായി മാറുമെന്നും ഓഹരി ഉടമകൾ പറയുന്നു.
കിയാൽസർക്കാർ കമ്പനിയല്ലെന്നും വിവരാവകാശ നിയമ മനുസരിച്ച് വിവരം നൽകാൻ ബാദ്ധ്യതയില്ലെന്ന് അറിയിക്കുകയും സർക്കാറിൻ്റെ ലെറ്റർ ആഫ് കൺഫർട്ടിൻ്റെ പിൻബലത്തിൽ കോടിക്കണക്കിന് രൂപ നേരത്തെയെടുത്ത ലോൺ പുന:ക്രമീകരണമെന്ന പേരിൽ അനുവദിക്കുകയും ചെയ്തത് ഓഹരി ഉടമകളുടെ അംഗീകാരം തേടാതെയാണെന്നും ഷെയർ ഉടമകൾ ആരോപിക്കുന്നുണ്ട്.
പ്രധാന സുരക്ഷാ തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ളവരെ നിയമിക്കാത്തതും, വിവിധ തലത്തിലെക്ക് കരാർ നൽകിയതും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്താനാണ് ഇവരുടെ തീരുമാനം. കിയാൽ പബ്ലിക് പ്രൈവറ്റ് കമ്പനിയെന്ന് സൈറ്റിൽ ചൂണ്ടിക്കാട്ടുമ്പോഴാണ് വിവരാവകാശനിയമവും സി.ആൻ്റ്. ഏജിയുടെ ഓഡിറ്റുകളും ബാധകമല്ലെന്നാണ് ഇത് സംബന്ധിച്ച് നൽകിയ രേഖാമൂലമുള്ള മറുപടി നൽകിയിട്ടുള്ളത്. ഇതു സർക്കാർ സ്വീകരിക്കുന്ന ഇരട്ടതാപ്പാണെന്ന് ഓഹരി ഉടമകളുടെ സംഘടന ചെയർമാൻ അബ്ദുൾ ഖാദർ പനങ്ങാട്ട് ചൂണ്ടിക്കാട്ടി.
നേരത്തെ ഓൺലൈനായി യോഗം ചേരുന്നതിനെതിരെ വിമാനതാവള ഓഹരി ഉടമകൾ കിയാലിൻ്റെ ചെയർമാനായ മുഖ്യമന്ത്രിക്കും കേന്ദ്ര കോർപറേറ്റ് കമ്പനി കാര്യമന്ത്രാലയത്തിനും രേഖാമൂലം പരാതിനൽകിയിരുന്നു. എന്നാൽ ഈ കാര്യത്തിലൊന്നും യാതൊരു നടപടിയുണ്ടായില്ല. മണലാരണ്യത്തിൽ വിയർപ്പൊഴുക്കിയ പണം നാടിൻ്റെ വികസനത്തിനായി വിനിയോഗിച്ച ഷെയർ ഉടമകളോട് മാന്യമായ ഒരു ചർച്ച പോലും നടത്താൻ വിമാനത്താവള കമ്പനിയായ കിയാലോ സർക്കാരോ തയ്യാറാകുന്നില്ല. ഇത്തരം കാര്യങ്ങളൊക്കെ വിരൽ ചുണ്ടുന്നത് ഭാവിയിൽ ഉണ്ടായിരിക്കാൻ സാദ്ധ്യതയുള്ള അദാനിയുമായുള്ള വിൽപ്പന കരാറിലേക്കാണ്.
#KannurAirport #Privatization #Adani #KeralaPolitics #Aviation #Corruption