Reinterpretation | രാവണന്റെ മനോരഥങ്ങളുമായി പെരും ആള്‍; കണ്ണൂരുകാര്‍ അരങ്ങിലെത്തിച്ച നാടകം  കയ്യടി നേടി

 
Kannur Actor Reimagines Ravana in Solo Performance
Kannur Actor Reimagines Ravana in Solo Performance

Photo: Arranged

● കണ്ണൂരില്‍ അരങ്ങേറിയ ഒറ്റയാള്‍ അഭിനയം
● രാവണന്റെ കഥ പുതിയ വെളിച്ചത്തില്‍

കണ്ണൂര്‍: (KVARTHA) പുരാണങ്ങളില്‍ പ്രതിനായകനായി അറിയപ്പെടുന്ന രാവണന്റെ മനോരഥങ്ങള്‍ വ്യത്യസ്തമായ വീക്ഷണകോണില്‍ അരങ്ങിലെത്തിച്ചിരിക്കുകയാണ് കണ്ണൂര്‍ സ്വദേശികളായ ഒരുകൂട്ടം കലാകാരന്‍മാര്‍. വാത്മീകി രാമായണത്തിലെ രാവണചരിതത്തിന് പുതു നാടകാവിഷ്‌ക്കാരമൊരുക്കിയത് ഇരു കയ്യും നീട്ടിയാണ് നാടകപ്രേമികള്‍ സ്വീകരിച്ചത്. ശ്രീകണ്ഠന്‍ നായരുടെ പ്രശസ്ത നാടകമായ ലങ്കാ ലക്ഷ്മിക്ക് ശേഷം ലങ്കേശ്വരനായ രാവണന്റെ മറ്റൊരു ജീവിതം അരങ്ങിലെത്തിച്ചത് കണ്ണൂരുകാരനും ദുബൈ യുവ കലാസാഹിതി ഭാരവാഹിയുമായ സുഭാഷ് ദാസാണ്. 

ഇദ്ദേഹം തകര്‍ത്ത് അഭിനയിച്ച പെരും ആള്‍ സോളോ ഡ്രാമയിലൂടെ രാമായണത്തില്‍ പ്രതിനായകന്റെ കറുപ്പ് നിറത്തില്‍ ആലേഖനം ചെയ്യപ്പെട്ട രാക്ഷസ രാജാവായ രാവണന്റെ മനോരഥങ്ങള്‍ അതി തീവ്രമായി പ്രക്ഷേകരിലെത്തിക്കുകയായിരുന്നു. അത്രയധികം സുഷ്മവും ഗംഭീരവുമായിരുന്നു സുഭാഷ് ദാസിന്റെ ഏകാംഗ അഭിനയം. മോഡേണ്‍ തീയേറ്ററിന്റെ സാധ്യതകള്‍ എല്ലാം ഉപയോഗപ്പെടുത്തി കൊണ്ടാണ് സംവിധായകന്‍ ബിജു ഇരിണാവ് 40 മിനുട്ടുള്ള പെരും ആള്‍ സോളോ നാടകം ഒരുക്കിയത്.

പത്മനാഭന്‍ ബ്ലാത്തൂരാണ് രമേശന്‍ ബ്ലാത്തൂരിന്റെ പ്രശസ്തമായ പെരും ആള്‍ നാടകത്തിന് രംഗഭാഷ ഒരുക്കിയത്. നിറഞ്ഞ സദസിലാണ് നാടകം കണ്ണൂര്‍ മഹാത്മ മന്ദിരത്തില്‍ അരങ്ങേറിയത്. വനവാസകാലത്ത് പ്രണയാഭ്യര്‍ത്ഥന നടത്തിയ സ്വന്തം സഹോദരി ശൂര്‍പ്പണഖയുടെ അംഗഭാഗങ്ങള്‍ വാള്‍ കൊണ്ടു അരിഞ്ഞിടാന്‍ സഹോദരന് കൂട്ടുനിന്ന ശ്രീരാമനോടുള്ള പകയും സഹോദരിയുടെ നിലവിളികളുമാണ് സീതാപഹരണത്തിലേക്ക് തന്നെ എത്തിച്ചതെന്ന് നാടകത്തില്‍ രാവണന്‍ പരിതപിക്കുന്നുണ്ട്. 

രാമ സഹോദരന്‍ ലക്ഷ്മണന്‍ ചെയ്ത ക്രൂരകൃത്യത്തിന് പ്രതികാരമായാണ് ലങ്കേശ്വരനായ താന്‍ പുഷ്പക വിമാനത്തില്‍ രാമ പത്‌നിയായ സീതയെ തട്ടിക്കൊണ്ടുവന്ന് അശോക വനിയില്‍ പാര്‍പ്പിച്ചതെന്നാണ് രാവണന്‍ തന്റെ വാക്കുകള്‍ കൊണ്ട് സാക്ഷ്യപ്പെടുത്തുന്നത്. അല്ലാതെ ഒരു പെണ്ണിനോടുള്ള മോഹം കൊണ്ടല്ലെന്നും മണ്ഡോദരിക്കപ്പുറം തനിക്കാരുമില്ലെന്നുമാണ് ലങ്കേശ്വരന്റെ തുറന്നു പറച്ചില്‍. 

എന്നാല്‍ താന്‍ സഹോദരിക്കായി നടത്തിയ സീതാപഹരണം ലങ്കാപുരിയുടെ നാശത്തിന് ഇടയാക്കിയെന്നുമുള്ള തിരിച്ചറിവില്‍ സ്വയം മറന്ന് അലറി കരയുന്നുണ്ട് രാവണന്‍. സ്വന്തം സഹോദരനായ വൈശ്രവണനെ രാജ്യാധികാരമെന്ന പ്രലോഭനം നല്‍കി ശ്രീരാമാന്‍ വശത്താക്കിയതും വാനര രാജാവായ ബാലിയെ ചതിയിലൂടെ കൊന്നു കളഞ്ഞതും രാജ്യതന്ത്രത്തിന്റെ പേരില്‍ നടത്തിയ ചതിയാണെന്ന് തിരിച്ചറിയുന്ന രാവണ കഥാപാത്രം ഉജ്വലമായാണ് ശബ്ദ ദൃശ്യവിന്യാസങ്ങളോടെ അരങ്ങില്‍ ചടുലമായി അവതരിപ്പിക്കപ്പെട്ടത്.

പ്രേക്ഷക മനസില്‍ മഹാമേരുപോലെ വളര്‍ന്നാണ് രാവണന്‍ ലങ്കയ്‌ക്കൊപ്പം വലിയൊരു അലര്‍ച്ചയോടെ എരിഞ്ഞടങ്ങുന്നത്. പ്രേക്ഷക മനസില്‍ മികച്ച നാടകാനുഭവമാണ് പെരും ആള്‍ സോളോ നാടകം സൃഷ്ടിച്ചത്. നാടകം അവസാനിച്ചപ്പോള്‍ ഉയര്‍ന്ന കരാവരങ്ങള്‍ അതു സാക്ഷ്യപ്പെടുത്തുന്നുണ്ട്. യുവകലാസാഹിതി കണ്ണൂര്‍ ജില്ലാ കമ്മിറ്റി നടത്തിയ സാംസ്‌കാരിക സംഗമത്തിന്റെ ഭാഗമായാണ് പെരും ആള്‍ നാടകാവതരണം നടത്തിയത്. 

നാടക - സിനിമാ പ്രവര്‍ത്തകന്‍ മുഹമ്മദ് പേരാമ്പ്ര ഉദ് ഘാടനം ചെയ്തു. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ ഹരീഷ് മോഹന്‍, ദുബൈയില്‍ നടന്ന മാസ്റ്റേഴ്‌സ് വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടിയ ഇന്ത്യന്‍ ടീം അംഗം എം പ്രസന്ന എന്നിവരെ ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു. 

നാരയണന്‍ കാവുമ്പായി, നോവലിസ്റ്റ് രമേശന്‍ ബ്ലാത്തൂര്‍, നാടക കൃത്ത് പത്മനാഭന്‍ ബ്ലാത്തൂര്‍, സംവിധായകന്‍ ബിജു ഇരിണാവ്, ഷിജിത്ത് വായന്നൂര്‍, അജയകുമാര്‍ കരിവെള്ളൂര്‍, വിജയന്‍ നണിയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നേരത്തെ ദുബൈ യുവ കലാസാഹിതി ഷാര്‍ജയിലും മറ്റിടങ്ങളിലും പെരും ആള്‍ നാടക അവതരണം നടത്തിയിരുന്നുവെങ്കിലും കണ്ണൂരില്‍ ആദ്യമായാണ് അരങ്ങേറുന്നത്.

 #Ravana #Ramayana #KeralaTheater #SoloPerformance #IndianMythology

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia