വിടവാങ്ങിയത് കണ്ടലിന്റെ കാവല്‍ക്കാരന്‍

 


കണ്ണൂര്‍: (www.kvartha.com 28/09/2015) ഞായറാഴ്ച വൈകുന്നേരം അന്തരിച്ച പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ കല്ലേന്‍ പൊക്കുടന്റെ ജീവിതം ത്യാഗോജ്വലം. ആദ്യം രാഷ്ട്രീയ പ്രവര്‍ത്തകനായും പിന്നീട് പരിസ്ഥിതി പ്രവര്‍ത്തകനായും സമൂഹത്തില്‍ സ്ഥാനംനേടിയ കല്ലേന്‍ പൊക്കുടന്‍ അഭിനേതാവെന്നനിലയിലും പേരെടുത്തിരുന്നു.

എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തനരംഗത്താണ് അദ്ദേഹംകൂടുതല്‍ ശ്രദ്ധപതിപ്പിച്ചത്. കേരളത്തില്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പേതന്നെ ഇത്തരമൊരു ആശയം പ്രചരിപ്പിക്കുന്നതില്‍ കല്ലന്‍ പൊക്കുടന്‍ സജീവമായി രംഗത്തുണ്ടായിരുന്നു. കണ്ണൂര്‍ ജില്ലയിലെ ഏഴോംപഞ്ചായത്തിലെ ഇടക്കില്‍തറയില്‍ അരിങ്ങളയന്‍ ഗോവിന്ദന്‍ പറോട്ടിയുടേയും കല്ലേന്‍ വെള്ളച്ചിയുടേയും മൂന്നാമത്തെ മകനായി 1937ല്‍ ജനിച്ച പൊക്കുടന്‍ രണ്ടാംതരത്തില്‍ പഠനം അവസാനിപ്പിച്ച് ജന്മിയുടെകീഴില്‍ കാര്‍ഷിക ജോലികള്‍ ചെയ്തുവരികയായിരുന്നു. ബാല്യകാലത്തുതന്നെ കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായ പൊക്കുടന്‍ പില്‍കാലത്ത് സജീവ പാര്‍ട്ടിപ്രവര്‍ത്തകനായി മാറുകയും ചെയ്തിരുന്നു.

1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതോടെ സി.പി.എമ്മിനൊപ്പംനിന്ന പൊക്കുടന്‍ നിരവധി സമരങ്ങളില്‍പങ്കെടുക്കുകയും ജയില്‍വാസം അനുഭവിക്കുകയുംചെയ്തിട്ടുണ്ട്. 1980 മുതലാണ് പൊക്കുടന്‍ പരിസ്ഥിതിരംഗത്ത് ശ്രദ്ധപതിപ്പിച്ചുതുടങ്ങിയത്. കേരളത്തില്‍ കണ്ടല്‍കാടുകള്‍ നശിക്കുന്നത് പരിസ്ഥിതിക്ക് കടുത്ത ഭീഷണി സൃഷ്ടിക്കുമെന്ന് ആദ്യംതിരിച്ചറിഞ്ഞത് കല്ലേന്‍ പൊക്കുടനാണ്. കേരളത്തിലെ വിവിധയിനം കണ്ടല്‍കാടുകളെകുറിച്ച് പഠനംനടത്തിയ അദ്ദേഹം അതിന്റെ സംരക്ഷണം സ്വയം ഏറ്റെടുക്കുകയായിരുന്നു. വിവിധ ഏജന്‍സികളുടെ സഹായത്തോടെ ലക്ഷക്കണക്കിന് കണ്ടല്‍ചെടികളാണ് സംസ്ഥാനത്തെ കായലോരങ്ങള്‍ കേന്ദ്രീകരിച്ച് അദ്ദേഹംവെച്ചുപിടിപ്പിച്ചത്.

ഇത്തരമൊരു പ്രവര്‍ത്തനരീതി പൊക്കുടനെ ദേശീയതലത്തില്‍തന്നെ ശ്രദ്ധാകേന്ദ്രമാക്കിമാറ്റുകയും ചെയ്തു. പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ പേരില്‍ വിവിധ കോണുകളില്‍നിന്ന് ഭീഷണി നേരിടേണ്ടിവന്നുവെങ്കിലും അതിനെയൊന്നും വകവെക്കാതെ പൊക്കുടന്‍ തന്റെ ലക്ഷ്യവുമായി മുന്നോട്ടുപോവുകതന്നെചെയ്തു. കണ്ടല്‍ചെടികളുടെ സംരക്ഷണത്തിന് വേണ്ടി 500ലധികം ക്ലാസുകളെടുക്കുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയുംചെയ്ത പൊക്കുടന് സര്‍ക്കാരിന്റേതുള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പുസ്തകങ്ങള്‍ രചിക്കുകയുംചെയ്തിട്ടുണ്ട്. കണ്ടലിന്റെ കാവല്‍ക്കാരന്‍ വിടവാങ്ങിയതോടെ പരിസ്ഥിതിമേഖലയ്ക്ക് സംഭവിച്ചിരിക്കുന്നത് കനത്തനഷ്ടമാണ്.  

വിടവാങ്ങിയത് കണ്ടലിന്റെ കാവല്‍ക്കാരന്‍

Keywords: Kallen Pokkudan passed away, Kallen Pokkudan no more
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia