Accidents | ബസിൻ്റെ പേര് 'കൊല്ലട' എന്നാക്കിയാൽ പോരേയെന്ന് പൊതുസമൂഹം 

 
kallada buses cause many accidents
kallada buses cause many accidents


ടൂറിസ്റ്റ് ബസുകൾക്ക് വെള്ള പെയിൻറ് അടിച്ചാൽ ടൂറിസ്റ്റ് ബസ് അപകടത്തിൽ പെടില്ല എന്ന് ഉത്തരവിറക്കിയ ബുദ്ധിമാൻ എവിടെപ്പോയി?

ഏദൻ ജോൺ 

(KVARTHA) എന്നും വിവാദങ്ങളിൽപ്പെട്ടിട്ടുള്ള ടൂറിസ്റ്റ് ബസ് ആണ് കല്ലട. അശ്രദ്ധമൂലം തുടർച്ചയായി അപകടങ്ങൾ ഉണ്ടാക്കുന്നു എന്നതായിരുന്നു പ്രചാരണം. എന്നാൽ കുറച്ചുകാലമായി വലിയ വിവാദങ്ങളൊന്നും കേൾക്കാനുമില്ലായിരുന്നു. എന്നാൽ ബസിനെപ്പറ്റിയുള്ള വിവാദങ്ങൾ വീണ്ടും തലപൊക്കുകയാണ്. 'കുറച്ചു നാളായി ഒതുക്കത്തിൽ ആയിരുന്നല്ലോ? വീണ്ടും തൊടങ്ങിയോ സൂക്കേട്', എന്ന് ചോദിച്ച് പൊതുസമൂഹവും ഇപ്പോൾ കല്ലട ബസിനെതിരെ രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. ഇപ്പോൾ കേൾക്കുന്നത് കല്ലട ബസ് വീണ്ടും അപകടം ഉണ്ടാക്കിയെന്നാണ്. കര്‍ണാടകയിലെ ഗുണ്ടല്‍പ്പേട്ടില്‍ വെച്ച് മലയാളിയുടെ പിക്കപ്പ് വാഹനം ഇടിച്ചുതെറിപ്പിച്ചു. കൊച്ചിയിലെ ആല്‍ഫ ഒമേഗ സ്ഥാപനത്തിന്റെ പിക്ക് അപ്പ് വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 

Kallada Bus Accident

ഗുണ്ടല്‍പ്പേട്ട് ചെക് പോസ്റ്റില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം കല്ലട ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. അപകടത്തില്‍ പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ക്ക് പരിക്കേറ്റു. കൊച്ചി മാടവനയിലെ അപകടത്തിന് പിന്നാലെയാണ് കല്ലട ബസ് വീണ്ടും അപകടമുണ്ടാക്കിയത്. ആല്‍ഫ ഒമേഗ സ്ഥാപനത്തിന്റെ എറണാകുളം ബ്രാഞ്ചില്‍ നിന്നും മെറ്റീരിയലുമായി മൈസൂരുവിലേക്ക് പോയ വാഹനം തിരികെ വരുമ്പോഴാണ് അപകടമെന്ന് സ്ഥാപന ഉടമ ജോള്‍സ് പ്രതികരിച്ചു. ചെക്ക്‌പോസ്റ്റില്‍ കാത്തുനില്‍ക്കവെ അപകടകരമായി ഓടിച്ചെത്തിയ കല്ലട ബസ് ശക്തമായി പിക്ക് അപ്പ് വാനിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നും തലനാരിഴയ്ക്കാണ് തങ്ങളുടെ ജീവനക്കാര്‍ രക്ഷപ്പെട്ടതെന്നും ജോസ് ആരോപിച്ചു. 

അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും കല്ലട ബസ് ജീവനക്കാര്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. നിലവില്‍ രണ്ട് വാഹനങ്ങളും ഗുണ്ടല്‍പേട്ട് പൊലീസ് സ്റ്റേഷനിലാണ്. മാടവനയിലെ അപകടത്തെത്തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ കല്ലട ബസിനെതിരെ ഗുരുതര കണ്ടെത്തലുകള്‍ ഉണ്ടായിരുന്നു. കല്ലട ബസിന്റെ സ്പീഡ് ഗവേര്‍ണര്‍ വിച്ഛേദിച്ച നിലയിലായിരുന്നുവെന്നും ടയറുകളില്‍ തേയ്മാനം ഉണ്ടെന്നും എംവിഡി കണ്ടെത്തിയിരുന്നു. മാത്രമല്ല, ബസ് അമിത വേഗത്തിലായിരുന്നെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയതായി അധികൃതർ വിശദീകരിക്കുന്നു. 

ബെംഗ്ളൂറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ബസാണ് ജൂണ്‍ 23ന് രാവിലെ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. ശരിക്കും ഇത് അഹന്തയാണെന്ന് പറയേണ്ടി വരില്ലേ? നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള സഞ്ചാരമെന്നാണ് ആക്ഷേപം. അധികാരവും സ്വാധീനവും ഉണ്ടെങ്കിൽ ആർക്കും ഏതു നിയമ ലംഘനവും നടത്താം എന്ന സ്ഥിതിയാണ് ഇവിടെ. പാവപ്പെട്ടവൻ്റെ ജീവന് പുല്ല് വിലയും. പണത്തിനു മീതെ  എംവിഡിയും പറക്കില്ലാ എന്നാണ് മനസിലാക്കേണ്ടത്. ഈ ബസിൻ്റെ  പേരിൽ കർശന നടപടി ഇനിയെങ്കിലും എടുക്കുകയാണ് ഉത്തരവാദിത്വപ്പെട്ടവർ ചെയ്യേണ്ടതെന്നാണ് ഉയരുന്ന ആവശ്യം. ഇല്ലങ്കിൽ നിരപരാധികളായ മനുഷ്യനും വണ്ടിക്കാർക്കും റോഡിൽകുടി നടക്കാൻ പറ്റിയെന്നു വരില്ലെന്നാണ് അവർ പറയുന്നത്.

ഒരു പാവപെട്ട ചെറുപ്പക്കാരനെ (അതും സിഗ്നലിൽ ബൈക്കിൽ ഇരുന്നിരുന്ന) പാഞ്ഞു വന്നു കയറി കൊന്നുവെന്നാണ് നെറ്റിസൻസ് പരിതപിക്കുന്നത്. ഇവന്മാരെ ഒക്കെ ആരാണ് ഇവിടെ  നിയന്ത്രിക്കേണ്ടത്. ഈ സ്ഥിതി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അത് ഉത്തരവാദിത്വപ്പെട്ടവർക്കും അറിവുള്ള കാര്യമാണ്. പിന്നെ അപകടം നടക്കുമ്പോൾ നടത്തിയ പരിശോധനയിലും ഇവരുടെ ഉത്തരവാദിത്വമില്ലായ്മ തെളിഞ്ഞതുമാണ്. എന്നിട്ടും ഇത്തരക്കാരെ കയറൂരി വിടുന്ന സമീപനം സ്വീകരിക്കുന്നത് എന്തുകൊണ്ടും ആർക്കായാലും ഭൂഷണമാകില്ല. അങ്ങനെ വിട്ടാൽ കല്ലട ബസിനെ 'കൊല്ലട' എന്നാക്കി മാറ്റേണ്ടി വരുമെന്നും സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ പ്രതികരിക്കുന്നു. 

പണത്തിന്‍റെ ഹുങ്കാണ് ബസിലെ ജീവനക്കാർക്ക് എങ്കിൽ ഇത്രയും ആകരുത്. അതിനെ നിയന്ത്രിക്കേണ്ടത് അധികാരികളുടെ കടമയാണ്. അതുണ്ടായില്ലെങ്കിൽ പണത്തിൻ്റെ പെരുപ്പ് അതിലെ ഡ്രൈവര്‍മാർക്കുമുണ്ടാകും. അങ്ങനെ വന്നാൽ ആളുകൾ ചാകുന്നതും ആഘോഷമാക്കും ഇക്കൂട്ടർ. ഇന്ന് ബസുകളിലും മറ്റും കള്ളും കഞ്ചാവും അടിച്ചു വണ്ടി ഓടിക്കുന്നവരും കുറവല്ല. അങ്ങനെയുണ്ടെങ്കിലും  ഇങ്ങനെ ഒക്കെ നടക്കും. ഇതിനെ എതിരെ ആർക്കും ഒരു പരാതിയും ഇല്ല.  വല്ല പാവപ്പെട്ടവനും  വല്ലവന്റെയും വണ്ടിയുടെ പുറകെ ഇരുന്നു ഒരു ദിവസത്തെ കൂലിപ്പണിക്ക് പോയാൽ അപ്പോൾ ഹെൽമെറ്റില്ല, അതില്ല ഇതില്ല എന്നൊക്കെ പറഞ്ഞ്  ഉടനെ വരും തടവും പിഴയും. ഈ സംസ്‌കാരം പിന്തുടരുന്ന ഈ തലതിരിഞ്ഞ നാട്ടിൽ ഇതല്ല ഇതിനപ്പുറവും നടക്കും.  

ജീവൻ വേണമെങ്കിൽ, ഇത്തരക്കാർ വണ്ടിയുമായി വരുമ്പോൾ വല്ല മരത്തിലും കയറി ഇരിക്കണം. ഇല്ലെങ്കിൽ ജീവൻ എപ്പോൾ അപകടത്തിലായെന്ന് കരുതിയാൽ മതി. കള്ളും കഞ്ചാവും മയക്കുമരുന്നും അടിച്ചിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യാനുള്ള സംവിധാനം കൊണ്ട് വന്നാൽ ഈ അപകടങ്ങൾ കുറച്ചൊക്കെ ഒഴിവാക്കാം എന്നതാണ് വാസ്തവം. ടൂറിസ്റ്റ് ബസുകൾക്ക് വെള്ള പെയിൻറ് അടിച്ചാൽ ടൂറിസ്റ്റ് ബസ് അപകടത്തിൽ പെടില്ല എന്ന് ഉത്തരവിറക്കിയ ബുദ്ധിമാൻ എവിടെപ്പോയി. ശരിക്കും, പരിഷ്ക്കാരങ്ങൾ അല്ല ഇവിടെ വേണ്ടത്. നിയമങ്ങൾ കർശനമാക്കുകയാണ് ചെയ്യേണ്ടത്. എങ്കിലെ നമ്മുടെ സംസ്ഥാനത്ത് പൊതുനിരത്തിൽ ഇറങ്ങുന്ന മനുഷ്യന് സമാധാനത്തോടെ സഞ്ചരിക്കാൻ പറ്റുകയുള്ളു. 

ഈ ബസിൻ്റെ സ്ഥാനത്ത് ടിപ്പർ വല്ലതും ആയിരുന്നെങ്കിൽ എന്തായിരുന്നു പുകിൽ. എന്തൊക്കെയായിരുന്നു ഇവിടെ കാണേണ്ടിയിരുന്നത്. അന്തിചർച്ചക്കാർ, നിയമ ഭേദഗതി... അങ്ങനെ എന്തൊക്കെ പൊങ്ങിവന്നേനെ. ചർച്ചയൊക്കെ തീരാൻ രണ്ട് ദിവസമെങ്കിലും എടുക്കുകയും ചെയ്യുമായിരുന്നു. ഒടുവിൽ ടിപ്പറുകാരൻ്റെ കഞ്ഞികുടി മുട്ടിക്കുന്നതുവരെ ചർച്ച നീളുകയും ചെയ്യും. ഇപ്പോൾ തന്നെ ടിപ്പർ ഡ്രൈവർമാർ മൂന്ന്  മണിക്കൂർ സ്‌കൂൾ ടൈം എന്ന് പറഞ്ഞു റോഡിൽ ജോലി സമയം നഷ്ടപ്പെടുത്തുന്നു. 

അതുപോലും മനസ്സിലാക്കാതെ ആയിരിക്കും ഇവരെപോലുള്ളവരെ പൊതുസമൂഹത്തിൽ നിർത്തി ക്രൂശിക്കുക. കല്ലടക്കാർക്ക് പണവും സ്വാധീനവും ഉള്ളതുകൊണ്ട് ഇതൊന്നും ഇല്ലേയെന്ന് ജനം ചോദിക്കുന്നത്. ശരിക്കും പറഞ്ഞാൽ ഇതുപോലെയുള്ള ബസുകൾ ഉത്തരവാദിത്വപ്പെട്ടവരെ ഭയപ്പെടുത്തി അഴിഞ്ഞാടുന്നുവെന്നും വിമർശനമുണ്ട്. ഇനിയെങ്കിലും നിയമലംഘനങ്ങൾ നടത്തുന്ന ബസുകളെ ശരിക്കും നിയന്ത്രിക്കാൻ വേണ്ടപ്പെട്ട അധികാരികൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ അത് മറ്റൊരു മാതൃകയാകും സൃഷ്ടിക്കുക. അത് പൊതുസമൂഹത്തിന് ഗുണമല്ല, ദോഷമാകും ഉണ്ടാക്കുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia