Tragic Incident | കളര്‍കോട് വാഹനാപകടം; കാറിന് തകരാറുണ്ടായതായി തോന്നിയെന്ന് വാഹനം ഓടിച്ചിരുന്ന വിദ്യാര്‍ത്ഥി; നൊമ്പരമായി എടത്വ സ്വദേശി ആല്‍ബിന്റെ മരണവും
● കളർകോട് അപകടത്തിൽ ആൽബിൻ മരിച്ചു
● കാർ ഓടിച്ച വിദ്യാർത്ഥി തകരാർ പറയുന്നു
● പൊലീസ് അന്വേഷണം തുടരുന്നു
ആലപ്പുഴ: (KVARTHA) കഴിഞ്ഞ തിങ്കളാഴ്ച്ച ആയിരുന്നു നാടിനെയാകെ കണ്ണീരിലാഴ്ത്തി ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍, കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. 11 വിദ്യാര്‍ത്ഥികളായിരുന്നു അപകടം നടക്കുന്ന സമയത്ത് കാറിനകത്ത് ഉണ്ടായിരുന്നത്. ഇതില്‍ ആറ് പേര്‍ മരിച്ചു. അഞ്ചുപേര്‍ സംഭവ ദിവസവും അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ എടത്വ സ്വദേശി ആല്‍ബിന്‍ വ്യാഴാഴ്ച വൈകിട്ടുമാണ് മരിച്ചത്.
പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്‍, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ ആദ്യം മരിച്ചത്.
ആല്‍ബിന് അപകടത്തില്‍ തലച്ചോറിലും ആന്തരിക അവയവങ്ങളിലും ക്ഷതമേറ്റിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ആല്‍ബിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടില്‍ എത്തിച്ചു സംസ്‌കരിച്ചു.
അതേസമയം, കാര്‍ വാടകക്കെടുത്തത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. കാറിന് 14 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. കാറോടിച്ച വിദ്യാര്‍ത്ഥി ഗൗരീശങ്കര്‍ ഉടമയ്ക്ക് 1000 രൂപ ഗൂഗിള്‍ പേ ചെയ്തു നല്‍കിയതിന്റെ തെളിവ് പൊലീസിന് ലഭിച്ചു. ഗൗരിശങ്കറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. കേസില്‍ ആദ്യം പ്രതി ചേര്‍ക്കപ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവറെ പിന്നീട് ഒഴിവാക്കിയിരുന്നു.
എന്നാല്‍, സംഭവവുമായി ബന്ധപ്പെട്ട് കാറിന് തകരാറുണ്ടായതായി തോന്നിയെന്ന് കാറോടിച്ചിരുന്ന വിദ്യാര്‍ത്ഥി ഗൗരി ശങ്കര്‍. പൊലീസിന് നല്‍കിയ മൊഴിയിലാണ് പരാമര്‍ശം. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ വിചാരിച്ച സ്പീഡ് കിട്ടിയില്ലെന്നും പെട്ടെന്ന് ബ്രേക്ക് പിടിച്ചതോടെ കാര്‍ തെന്നി നീങ്ങുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥിയുടെ മൊഴിയിലുണ്ട്.
'കനത്ത മഴയുണ്ടായിരുന്നതിനാലാണ് അന്ന് കാര്‍ എടുക്കാന്‍ തീരുമാനിച്ചത്. ആലപ്പുഴ റെയ്ബാന്‍ തിയേറ്ററില്‍ 9.30നുള്ള ഷോയ്ക്കായിരുന്നു ടിക്കറ്റെടുത്തത്. കാര്‍ ഓടിച്ചുതുടങ്ങിയപ്പോള്‍ തന്നെ എന്തോ തകരാറുള്ളതായി തോന്നിയിരുന്നു. മുന്‍പിലുണ്ടായിരുന്ന കാറിനെ മറികടക്കുന്നതിനിടെ വിചാരിച്ച പുള്ളിംഗ് കിട്ടിയിട്ടില്ല. ആക്സിലറേറ്ററില്‍ കൊടുക്കുന്ന പവറിന് അനുസരിച്ചുള്ള വേഗത കിട്ടിയില്ല. ഇതിനിടെയാണ് എതിര്‍വശത്തുനിന്നും വരുന്ന കെഎസ്ആര്‍ടിസി കണ്ടത്. പെട്ടെന്ന് ബ്രേക്ക് ചവിട്ടി. റോഡ് നനഞ്ഞു കിടന്നതിനാല്‍ നിയന്ത്രണം വിട്ടു, വലതുവശത്തേക്ക് തെന്നിമാറി, ബസിലിടിച്ചു,' വിദ്യാര്‍ത്ഥി പറഞ്ഞു.
കാറിനെ മറികടക്കുന്നതിനിടെയായിരുന്നു അപകടമെന്നാണ് വാഹനത്തിലുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിയായ മുഹസിന്റെ മൊഴി. വ്യാഴാഴ്ച മെഡിക്കല്‍ കോളേജിലെത്തിയ സൗത്ത് പൊലീസാണ് മൊഴി രേഖപ്പെടുത്തിയത്.
അപകടത്തില്‍ പരുക്കേറ്റ് വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന നാല് വിദ്യാര്‍ത്ഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. ഒന്നാം വര്‍ഷം മെഡിക്കല്‍ വിദ്യാര്‍ഥികളായ ആനന്ദമനു, ഗൗരി ശങ്കര്‍, കൃഷ്ണദേവ്, മൂഹ്‌സിന്‍ എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്. നാലുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ചിലര്‍ക്ക് സ്വന്തമായി ഭക്ഷണവും കഴിക്കാന്‍ സാധിക്കുന്നുണ്ട്. ഗൗരി ശങ്കറിന്റെ തുടയെല്ലിന്റെ ശസ്ത്രക്രിയ കഴിഞ്ഞിട്ടുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
#KalarkodeAccident #Kerala #medicalstudents #caraccident #investigation