Booked | പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി എന്നാരോപിച്ച് റോജി എം ജോണ്‍, സനീഷ് കുമാര്‍ ജോസഫ് എന്നിവര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും കണ്ടാലറിയാവുന്ന 13 പേര്‍ക്കുമെതിരെ കേസ്

 


കാലടി: (www.kvartha.com) പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി എന്നാരോപിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും കണ്ടാലറിയാവുന്ന 13 പേര്‍ക്കുമെതിരെ കേസെടുത്തതായി കാലടി പൊലീസ്. അങ്കമാലി എംഎല്‍എ റോജി എം ജോണ്‍, ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കണ്ടാലറിയാവുന്ന 13 പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

പൊലീസ് സ്റ്റേഷനിലെ സെലില്‍(Cell) അടച്ചിട്ട പ്രവര്‍ത്തകരെ റോജി എം ജോണ്‍ എംഎല്‍എ പുറത്തേക്കു വലിച്ചിറക്കിയത് നേരത്തെ വിവാദമായിരുന്നു. ഞായറാഴ്ച രാവിലെയാണു കേസിന് ആസ്പദമായ സംഭവമുണ്ടായത്.

ശ്രീശങ്കര കോളജിലെ യൂനിയന്‍ ഭാരവാഹി ഉള്‍പെടെ രണ്ടു കെ എസ് യു പ്രവര്‍ത്തകരെ പാതിരാത്രി വീട്ടില്‍ക്കയറി പൊലീസ് അറസ്റ്റ് ചെയ്തതാണ് പ്രതിഷേധത്തിനു കാരണമായത്. പ്രവര്‍ത്തകരെ അകാരണമായാണ് അറസ്റ്റ് ചെയ്തതെന്ന് ആരോപിച്ചു റോജിയും ബെന്നി ബഹനാന്‍ എംപി, സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ എന്നിവരും പ്രവര്‍ത്തകരും അഞ്ചു മണിക്കൂറോളം സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. ഞായറാഴ്ച പുലര്‍ചെ 4.30നാണു പ്രതിഷേധം ആരംഭിച്ചത്.

ഒന്‍പതരയോടെ ആലുവ എഎസ്പി ജുവനപ്പടി മഹേഷ് സ്റ്റേഷനിലെത്തി പൊലീസിനു വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണു പ്രതിഷേധം അവസാനിപ്പിച്ചത്. കെഎസ്യു യൂനിറ്റ് പ്രസിഡന്റും കോളജ് യൂനിയന്‍ മാഗസിന്‍ എഡിറ്ററുമായ രാജീവ് വാലപ്പന്‍, പ്രവര്‍ത്തകനായ ഡി ജോണ്‍ എന്നിവരെയാണ് ശനിയാഴ്ച അര്‍ധരാത്രിയോടെ വീടുകളില്‍ കയറി അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച ശ്രീശങ്കര കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നെടുത്ത കേസിലായിരുന്നു അറസ്റ്റ്. വെള്ളിയാഴ്ച അര്‍ധരാത്രി തന്നെ ജോമോന്‍, അഭിജിത്, സരീഷ്, സന്ദീപ്, വിഷ്ണു എന്നീ വിദ്യാര്‍ഥികളെയും വീട്ടില്‍ക്കയറി അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ശനിയാഴ്ച കോടതി ജാമ്യത്തില്‍ വിട്ടു. ഇതിനു പിന്നാലെയാണ് ശനിയാഴ്ച രാജീവ് വാലപ്പനെയും ഡിജോണിനെയും അറസ്റ്റ് ചെയ്തത്.

ആദ്യം അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് മൂന്നാംമുറ പ്രയോഗിച്ചതായുള്ള ആരോപണവും ഉയര്‍ന്നു. എന്നാല്‍, പൊലീസ് ഇതു നിഷേധിച്ചു. സംഭവമറിഞ്ഞ് എംപിയും എംഎല്‍എമാരും സ്റ്റേഷനിലെത്തുമ്പോള്‍ പ്രവര്‍ത്തകരെ സെലില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ക്ഷുഭിതനായി പൊലീസിനോടു തര്‍ക്കിച്ച റോജി എം ജോണ്‍ ഇവരെ സെലില്‍നിന്നു പുറത്തേക്കു വലിച്ചിറക്കി.

Booked | പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി എന്നാരോപിച്ച് റോജി എം ജോണ്‍, സനീഷ് കുമാര്‍ ജോസഫ് എന്നിവര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും കണ്ടാലറിയാവുന്ന 13 പേര്‍ക്കുമെതിരെ കേസ്

സംഭവത്തെ എം എല്‍ എ ന്യായീകരിക്കുകയും ചെയ്തു. കൊലപാതകങ്ങള്‍, ബലാത്സംഗങ്ങള്‍ പോലെ വലിയ തെറ്റുകള്‍ ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാത്ത പൊലീസ് ചെറിയ കുറ്റം ചെയ്തവരെ കയ്യാമം വച്ച് തടവിലിടുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Keywords:  Kalady police registered case against Roji M John and Saneesh Kumar Joseph, Kochi, News, Politics, Police, Case, Congress MLA,  Police Station, Allegation, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia