കെ ടി ജലീല്‍ വിദ്യാഭ്യാസമന്ത്രിയാകുമോ? അതോ ന്യൂനപക്ഷ ക്ഷേമമോ? ഏതായാലും മന്ത്രിയാകും എന്നുറപ്പ്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 21.05.2016) പിണറായി സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ ആയേക്കുമെന്ന അഭ്യൂഹം സജീവം. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിനു തുടര്‍ച്ചയായി ഇടതുമുന്നണി സര്‍ക്കാരിലും മുസ്്‌ലിം വിദ്യാഭ്യാസ മന്ത്രിയാകുന്നതിനോട് വിവിധ വിഭാഗങ്ങള്‍ക്ക് ഉണ്ടാകാവുന്ന പ്രതികരണങ്ങള്‍ സിപിഎം നിരീക്ഷിക്കും. പ്രത്യേകിച്ചും സംസ്ഥാനത്ത് ഏറ്റവുമധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ക്രൈസ്തവ സഭ, എന്‍എസ്എസ് എന്നിവയെ തുടക്കത്തില്‍ത്തന്നെ പ്രകോപിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകില്ല എന്ന മറുപ്രചാരണവും ശക്തമാണ്.

സഭയുടെയും എന്‍എസ്എസിന്റെയും മുഖം നോക്കി തീരുമാനമെടുക്കാന്‍ മുതിരാറില്ലാത്ത പിണറായി വിജയന്റെ മുന്‍ നിലപാടുകളില്‍ മുഖ്യമന്ത്രിയായ ശേഷവും ഉറച്ചു നില്‍ക്കുമോ എന്നത് സുപ്രധാനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജലീല്‍ അല്ലെങ്കില്‍ കെ സുരേഷ് കുറുപ്പ് വിദ്യാഭ്യാസ മന്ത്രിയാകും എന്നാണ് സൂചന. വിദ്യാഭ്യാസ വകുപ്പ് നല്‍കിയില്ലെങ്കിലും പ്രധാന വകുപ്പുകളിലേതിലെങ്കിലും ജലീലിനെ പരിഗണിക്കും. ന്യൂനപക്ഷ ക്ഷേമ വകുപ്പിനൊപ്പം സാമൂഹിക നീതി കൂടി നല്‍കുമെന്നും സൂചനയുണ്ട്.

മൂന്നാം തവണയാണ് മുന്‍ മുസ്്‌ലിം ലീഗ് നേതാവായ കെ ടി ജലീല്‍ സിപിഎം സ്വതന്ത്രനായി നിയമസഭയില്‍ എത്തുന്നത്. പിണറായി വിജയന് പ്രിയപ്പെട്ടയാളുമാണ് അദ്ദേഹം. പിണറായിയുടെ രണ്ട് നവകേരള യാത്രകളിലും ജലീലിനെ ഉള്‍പ്പെടുത്തിയിരുന്നു. അധ്യാപകനും ഗവേഷകനും വിദ്യാഭ്യാസ രംഗത്തേക്കുറിച്ച് നല്ല കാഴ്ചപ്പാടുള്ളയാളുമാണ്
ജലീല്‍ എന്നതാണ് പരിഗണിക്കപ്പെടാന്‍ പ്രധാന കാരണം.

മലപ്പുറം ജില്ലയില്‍ നിന്നുള്ള പ്രാതിനിധ്യം മാത്രമല്ല മുസ്്‌ലിം സമുദായത്തില്‍ നിന്നുള്ള പ്രാതിനിധ്യം എന്ന നിലയിലും രാഷ്ട്രീയമായി വലിയ പ്രാധാന്യമാണ് ജലീലിന്റെ മൂന്നാം വിജയത്തിനും മന്ത്രിസഭാ പ്രവേശനത്തിനും സിപിഎം നല്‍കുന്നത്.

പൊന്നാനിയില്‍ നിന്നു വീണ്ടും ജയിച്ച ശ്രീരാമകൃഷ്ണനെയും മന്ത്രിയാക്കിയേക്കും. യുഡിഎഫ് ഭരണത്തില്‍ മലപ്പുറത്തിന് അഞ്ച് മന്ത്രിമാരാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസിനു രണ്ടും ലീഗിന് മൂന്നും. സിപിഎമ്മിനല്ലാതെ ഇടതുമുന്നണി ഘടക കക്ഷികളില്‍ ആര്‍ക്കും മലപ്പുറത്ത് എംഎല്‍എമാരില്ല. തവനൂര്‍, താനൂര്‍, പൊന്നാനി, നിലമ്പൂര്‍ എന്നിവയാണ് ഇടതു സീറ്റുകള്‍. ഇതില്‍ പൊന്നാനി ഒഴികെ മൂന്നും സിപിഎം സ്വതന്ത്രര്‍ തന്നെയാണ്. കഴിഞ്ഞ തവണ പൊന്നാനിയും തവനൂരും മാത്രമാണ് ഉണ്ടായിരുന്നത്.

യൂത്ത് ലീഗിന്റെ തീപ്പൊരി നേതാവായിരുന്ന ജലീല്‍ ഗുജറാത്ത് ഭൂകമ്പങ്ങളേത്തുടര്‍ന്ന് ലീഗ് നേതാക്കളുടെ അഴിമതിയെ പരസ്യമായി ചോദ്യം ചെയ്തതുമുതലാണ് അനഭിമതനായത്. അദ്ദേഹത്തെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റാക്കുന്നത് ഒഴിവാക്കാന്‍ അഖിലേന്ത്യാ കണ്‍വീനറാക്കി ഒതുക്കാന്‍ ശ്രമിച്ചു. രാജിവച്ച് പുറത്തുവന്ന ജലീല്‍ 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറം മണ്ഡലത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ തോല്‍പ്പിച്ചു ശ്രദ്ധേയനായി.
കെ ടി ജലീല്‍ വിദ്യാഭ്യാസമന്ത്രിയാകുമോ? അതോ ന്യൂനപക്ഷ ക്ഷേമമോ? ഏതായാലും മന്ത്രിയാകും എന്നുറപ്പ്


Also Read:
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയെന്ന് റിട്ട. എസ് പി ഹബീബ് റഹ് മാന്‍ ഫേസ്ബുക്കില്‍

Keywords:  K T Jaleel to be education minister? or minority welfare?, Thiruvananthapuram, Pinarayi vijayan, Chief Minister, Teacher, Researchers, Malappuram, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia