ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയ സംഭവം; ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുത്തു

 


തിരുവനന്തപുരം: (www.kvartha.com 15.08.2021) ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയ സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് ദേശീയതയെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്ന കാരണത്താല്‍ കെ സുരേന്ദ്രനും കണ്ടാലറിയുന്ന ഏതാനും പേര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ ബി ജെ പി സംസ്ഥാന കമിറ്റി ഓഫിസിലാണ് കെ സുരേന്ദ്രന്‍ തെറ്റായ രീതിയില്‍ പതാക ഉയര്‍ത്തിയത്. ആദ്യം തലതിരിച്ച് പതാക ഉയര്‍ത്തുകയായിരുന്നു. പിന്നീട് അബദ്ധം ശ്രദ്ധയില്‍പെടുകയും ശരിയായ വിധത്തില്‍ ഉയര്‍ത്തുകയും ചെയ്തു. ദേശീയ പതാക ഉയര്‍ത്താന്‍ തിരുവനന്തപുരത്തെ ഓഫിസിന് മുന്നില്‍ സുരേന്ദ്രന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കളെല്ലാം അണിനിരന്നിരുന്നു.

ചരടില്‍ കോര്‍ത്ത പതാക സുരേന്ദ്രന്‍ ഉയര്‍ത്തി തുടങ്ങി. രണ്ടടിയോളം ഉയര്‍ന്നപ്പോള്‍ പച്ചനിറം മുകളിലും കുങ്കുമം താഴെയുമായിരുന്നു. തിരിഞ്ഞു പോയെന്ന് മനസിലായതോടെ പതാക വലിച്ചുതാഴ്ത്തി. ഒടുവില്‍ വീണ്ടും ഉയര്‍ത്തി പ്രശ്‌നം പരിഹരിച്ചു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സുരേന്ദ്രനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയ സംഭവം; ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുത്തു

എന്നാല്‍ പതാക ഉയര്‍ത്തിയതിന് വിശദീകരണവുമായി ബിജെപി രംഗത്തെത്തി. പതാക ഉയര്‍ത്തിയപ്പോള്‍ കയര്‍ കുരുങ്ങിയതാണെന്നും അതുകൊണ്ട് സംഭവിച്ച പിഴവാണെന്നുമാണ് വിശദീകരണം. പതാക ഉയര്‍ത്തി പൂക്കളും വീണ ശേഷമാണ് അമളി മനസിലാക്കി തിരിച്ചിറക്കുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം. ചടങ്ങില്‍ മുന്‍ എം എല്‍ എ രാജഗോപാല്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നുവെന്നും വിവിധ മാധ്യമങ്ങൾ റിപോർട് ചെയ്തു. 

ദേശീയ പതാകയെ അപമാനിച്ചുവെന്ന് കാണിച്ച് സി പി എം നല്‍കിയ പരാതിയിലാണ് സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു.

Keywords:  K Surendran booked for ‘disrespecting’ national flag, Thiruvananthapuram, News, Politics, BJP, K Surendran, Police, Independence-Day-2021, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia