K Sudhakaran | സ്വന്തം നാക്കുപിഴ കൊണ്ട് സ്വയം വാരിക്കുഴി തീർക്കുന്നു; സുധാകരൻ ഹൈക്കമാൻഡിനെയും വെട്ടിലാക്കുമോ?

 


/ ഭാമനാവത്ത്

കണ്ണൂർ: (KVARTHA) സ്വന്തം നാക്കു പിഴ കൊണ്ടു സ്വയം വാരിക്കുഴി തീർക്കുന്ന കെ സുധാകരൻ പാർട്ടിയെയും പ്രതിസന്ധിയിലാക്കുന്നു. എഴുപതിന്റെ പകുതി വയസ് പിന്നിട്ട കെ സുധാകരന് പ്രായത്തിന്റെ അവശതകൾ പുറമേ കാണാനില്ലെങ്കിലും അദ്ദേഹത്തിന്റെ വാക്കുകളിലും ചിന്തകളിലും ഇടയ്ക്കിടെ അതു തെളിയുന്നുണ്ട്. കൂടെയുള്ളവർ പല തവണ വിലക്കിയിട്ടും താൻ തനിക്കു തന്നെ പാരയാകുന്ന പ്രസ്താവനകളാണ് കഴിഞ്ഞ രണ്ടു വർഷമായി സുധാകരൻ നടത്തി വരുന്നത്. എങ്ങനെയെങ്കിലും മുഖ്യ ശത്രുവായ കെ സുധാകരനെ സംഘ്പരിവാർ പാളയത്തിൽ കൊണ്ടുപോയി കെട്ടിയിടാൻ ശ്രമിക്കുന്ന സിപിഎമ്മിന് ഇതു നല്ല ആയുധവുമായി മാറുകയാണ്.

K Sudhakaran | സ്വന്തം നാക്കുപിഴ കൊണ്ട് സ്വയം വാരിക്കുഴി തീർക്കുന്നു; സുധാകരൻ ഹൈക്കമാൻഡിനെയും വെട്ടിലാക്കുമോ?

സുധാകരന്റെ വിവാദ പ്രസ്താവനകൾ മുസ്ലിം ലീഗിലും അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. സെനറ്റിൽ യോഗ്യരാണെങ്കിൽ സംഘ്പരിവാറുകാരെയും നിയമിക്കാൻ ഗവർണർക്ക് അധികാരമുണ്ടെന്നാണ് സുധാകരൻ പറഞ്ഞതിന്റെ പച്ച മലയാളം. ഇങ്ങനെ യോഗ്യതയുള്ളതിനാൽ രണ്ടു കോൺഗ്രസുകാരും മുസ്ലിം ലീഗുമാരൊക്കെ കോഴിക്കോട് സർവകലാശാലയിൽ സെനറ്റ് അംഗങ്ങളായി ഇരിക്കുന്നുണ്ടെന്നാണ് സുധാകരൻ പറഞ്ഞതിന്റെ പൊരുൾ. എന്നാൽ പറഞ്ഞ ടൈമിങും വളച്ചൊടിക്കാൻ സാധ്യതയുള്ള ഒരു പ്രസ്താവനയായി മാറുമെന്ന ബോധ്യവും സുധാകരനില്ലാതെയായി പോയി.

K Sudhakaran | സ്വന്തം നാക്കുപിഴ കൊണ്ട് സ്വയം വാരിക്കുഴി തീർക്കുന്നു; സുധാകരൻ ഹൈക്കമാൻഡിനെയും വെട്ടിലാക്കുമോ?

മുസ്ലീം ലീഗിനെ യുഡിഎഫിലേക്ക് അടർത്തിയെടുക്കാൻ കിണഞ്ഞുപരിശ്രമിക്കുന്ന സിപിഎം നേത്യത്വം ഇതു കൃത്യമായി രാഷ്ട്രീയമായി മുതലെടുക്കുകയും ചെയ്തു. സുധാകരന്റെ സംഘ്പരിവാർ അനുകൂല പ്രസ്താവനകൾക്കെതിരെ പ്രതികരിക്കേണ്ടത് മതേതര കക്ഷികളും മുസ്ലിം ലീഗുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എൽഡിഎഫ് കൺവീനർ ഇപി ജയരാജനും തന്ത്രപരമായി പ്രതികരിച്ചതോടെ പ്രതിസന്ധിയിലായത് കോൺഗ്രസ് ദേശീയ നേതൃത്വമാണ്. ഇതു തിരിച്ചറിഞ്ഞതു കൊണ്ടാണ് ഗവർണർ സർവകലാശാലകളിൽ നടത്തുന്ന കാവിവൽക്കരണത്തെ അനുകൂലിക്കുന്നില്ലെന്ന് ഡൽഹിയിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് തുറന്നു പറയേണ്ടി വന്നത്.

ഗവർണർ - മുഖ്യമന്ത്രി പോര് നടക്കുന്ന വേളയിലാണ് സുധാകരന്റെ ഗവർണർ അനുകൂല പരാമർശമെന്നതാണ് ഏറെ വിവാദമായത്. തുടർച്ചയായ സംഘ പരിവാർ അനുകൂല പ്രസ്താവനകൾ കാരണം മുസ്ലിം ലീഗിന്റെ ഗുഡ് ബുക്കിൽ കെപിസിസി അധ്യക്ഷനായിട്ടും കെ സുധാകരനിപ്പോഴില്ല. കണ്ണൂർ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് മത്സരിക്കാൻ ലക്ഷ്യമിടുന്ന സുധാകരനെ കാലുവാരി നിലത്തടിക്കാൻ തക്കം പാർത്തു നിൽക്കുകയാണ് മുസ്ലിം ലീഗ്. സുധാകരനെ ചുമക്കേണ്ട കാര്യം ഇനി തങ്ങൾക്കില്ലെന്ന് കണ്ണൂരിലെ മുസ്ലിം ലീഗ് നേതാക്കൾ രഹസ്യമായി പറഞ്ഞു തുടങ്ങിയിട്ടുണ്ട്. കെ എം ഷാജി ഒഴിച്ച് മുസ്ലിം ലീഗിലെ സംസ്ഥാന നേതാക്കളിലാർക്കും സുധാകരനോട് താൽപര്യമില്ല. വി ഡി സതീശനും രമേശ് ചെന്നിത്തലയുമാണ് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് സ്വീകാര്യരായ നേതാക്കൾ.

ഒന്നിന് പുറകെ ഒന്നായി സിപിഎമ്മിന് തന്നെ അടിക്കാൻ വടി പൊട്ടിച്ചു കൊടുക്കയാണ് സുധാകരനെന്നാണ് യുഡിഎഫിന്റെ പൊതു വിലയിരുത്തൽ. 2021 മാർച്ച് ഒന്നിന് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ഇവിടുത്തെ രാഷ്ട്രീയ എതിരാളി സിപിഎമ്മാണെന്നും തനിക്ക് ബിജെപിയിൽ പോകാൻ തോന്നിയാൽ പോകുമെന്നായിരുന്നു സുധാകരൻ പറഞ്ഞത്. ഇതിനെ ചൊല്ലിയുള്ള വിവാദങ്ങൾ അണയുന്നതിന് മുൻപേ വന്നു 2022 നവംബർ ഒൻപതിന് മറ്റൊരെണ്ണം. തോട്ടട, നടാൽ പ്രദേശങ്ങളിലെ ആർഎസ്എസ് ശാഖകളെ സംരക്ഷിക്കാൻ താൻ പ്രവർത്തകരെ അയച്ചിട്ടുണ്ടെന്നായി ഗീർവാണം. കണ്ണൂരിൽ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു വിവാദ പ്രസംഗം.

2022 നവംബർ 14 ന് വീണ്ടും ഒന്നു കൂടി വന്നു. കണ്ണൂർ ഡിസിസി സ്റ്റേഡിയം കോർണറിൽ നടത്തിയ നവോത്ഥാന സദസിലാണ് ജവഹർലാൽ നെഹ്രു ശ്യാമപ്രസാദ് മുഖർജിയെ മന്ത്രിസഭയിലെടുക്കുക വഴി ആർഎസ്എസുമായി സന്ധിചെയ്യുകയായിരുന്നുവെന്ന വിവാദ പ്രസംഗം നടത്തിയത്. 2022 ഒക്ടോബർ 22 ന് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ തെക്കൻ - വടക്കൻ രാഷ്ട്രീയ നേതാക്കളുടെ വ്യത്യാസം തോന്നും പോലെ വർണിച്ചതും പണിയായി.

ഏറ്റവും ഒടുവിൽ മുസ്ലിം ലീഗ് യുഡിഎഫിൽ പോകുമോയെന്ന ചോദ്യത്തിന് അടുത്ത ജന്മത്തിൽ പട്ടിയായി മാറുന്നതിന് ഇപ്പോഴെ കുരയ്ക്കണോയെന്നായി സുധാകരന്റെ മറുചോദ്യം. ഇതിനെതിരെ പിഎംഎ സലാം ഉൾപടെയുള്ള ലീഗ് നേതാക്കൾ രംഗത്തു വരികയും ചെയ്തു. എന്നാൽ താൻ പറഞ്ഞ പ്രസ്താവനകൾ തിരുത്തുകയും ചെയ്യുന്ന സുധാകരനെ സംരക്ഷിക്കാൻ കോൺഗ്രസിൽ നിന്നാരും കാര്യമായി എത്താറില്ല. മുസ്ലിം ലീഗിന്റെ കോപത്തെ ഭയന്ന് അദ്ദേഹത്തിന്റെ ഫാൻസുകാരും മാളത്തിൽ ഒളിക്കാറാണ് പതിവ്. സ്വയം കുഴിച്ച കുഴിയിൽ വീണുരുളുന്ന സുധാകരന്റെ വിടുവായത്തങ്ങൾ ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാടാണ് രമേശ് ചെന്നിത്തല ഉൾപെടെയുള്ള പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കുള്ളതെന്ന് അറിയുന്നു.

Keywords: News, Kerala, Kannur, Kerala Governor, Congress, K Sudhakaran, Pinarayi Vijayan, Politics, Muslim League, K Sudhakaran's statements becoming trouble for party.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia