K Sudhakaran | കണ്ണൂരിൽ വീണ്ടും സുധാകരൻ? കളത്തിലിറക്കാൻ ഹൈക്കമാൻഡ്
Feb 11, 2024, 11:11 IST
/ കനവ് കണ്ണൂർ
കണ്ണൂർ: (KVARTHA) മുഖ്യമന്ത്രി പദത്തിൽ കണ്ണും നട്ടിരിക്കുന്ന കെ സുധാകരനെ പ്രതിസന്ധിയിലാക്കി ഹൈക്കമാൻഡ് നിലപാട്. കണ്ണൂർ പാർലമെൻ്റ് മണ്ഡലം നിലനിർത്തണമെങ്കിൽ കെ സുധാകരൻ മത്സരിക്കണമെന്നാണ് ഹൈക്കമാൻഡ് നിർദേശം. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ഹൈക്കമാൻഡ് സാധ്യതാ സർവേ നടത്തിയിരുന്നു. ഇതുപ്രകാരം കെ. സുധാകരൻ മത്സരിച്ചാൽ മാത്രമേ കണ്ണൂരിൽ ജയിക്കുകയുള്ളുവെന്ന വിവരമാണ ലഭിച്ചത്.
കണ്ണൂർ പാർലമെൻ്റ് മണ്ഡലത്തിൽ നിന്നും താൻ ഇനി മത്സരിക്കുന്നില്ലെന്ന് കെ സുധാകരൻ കെ.പി.സി.സി യോഗത്തിൽ തുറന്നു പ്രഖ്യാപിച്ചിരുന്നുവെങ്കിലും എ.ഐ.സി.സി ഇടപെടുകയായിരുന്നു. രണ്ടു വർഷം കഴിഞ്ഞു നടക്കാൻ പോകുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ മത്സരിക്കാനായിരുന്നു സുധാകരൻ ലക്ഷ്യമിട്ടിരുന്നത്. കണ്ണൂർ നിയമസഭാമണ്ഡലത്തിൽ നിന്നും മത്സരിച്ചു ജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാമെന്ന സുധാകരൻ്റെ രാഷ്ട്രീയ പ്രതീക്ഷയ്ക്കാണ് ഇതോടെ മങ്ങലേറ്റിരിക്കുന്നത്.
കെ സുധാകരനെ ഒതുക്കാൻ കെ സി വേണുഗോപാൽ അണിയറ നീക്കങ്ങൾ ദേശീ യ തലത്തിൽ നിന്നും തുടങ്ങിയെന്ന വിമർശനവും കോൺഗ്രസിൽ നിന്നുയർന്നിട്ടുണ്ട്. എന്നാൽ 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകൾ സമാഹരിക്കുകയെന്നതാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിൻ്റെ ലക്ഷ്യം. ദേശീയ തലത്തിൽ ഏറ്റവും ചുരുങ്ങിയത് നൂറു സീറ്റുകളിൽ എങ്കിലും എത്തിയില്ലെങ്കിൽ കോൺഗ്രസിന് അതു രാഷ്ട്രീയമായി ക്ഷീണം ചെയ്യും. ഇതു മുൻകൂട്ടി കണ്ടു കൊണ്ടാണ് ജയിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥികളെ ഓരോ പാർലമെൻ്റ് മണ്ഡലത്തിലും പരിഗണിക്കുന്നത്.
Keywords: K Sudhakaran, Congress, CPM, Kerala, Politics, Kannur, Parliament, KPCC, AICC, Chief Minister, K. C. Venugopal, Lok Sabha, Election, K Sudhakaran will contest again in Kannur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.