Criticized | ഇപിക്കുള്ള സിപിഎം സംരക്ഷണം: ബിജെപി സ്വാധീനം സംസ്ഥാന സെക്രടേറിയറ്റിലും പ്രതിഫലിച്ചതിനാലെന്ന് കെ സുധാകരന്‍

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) ബിജെപി സ്വാധീനം സിപിഎം സംസ്ഥാന സെക്രടേറിയറ്റിലും പ്രതിഫലിച്ചതിനാലാണ് അവരുടെ നേതാവ് പ്രകാശ് ജാവഡേക്കറുമായി രഹസ്യകൂടിക്കാഴ്ച നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ നടപടിയെടുക്കാതെ പൂര്‍ണ സംരക്ഷണം ഒരുക്കിയതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആരോപിച്ചു.

ഇപിക്കെതിരെ അച്ചടക്ക വാളോങ്ങിയാല്‍ താനും പെടുമെന്ന ബോധ്യം മുഖ്യമന്ത്രിക്കുണ്ട്. അതുകൊണ്ടാണ് സംഘപരിവാര്‍ നേതൃത്വവുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ ഇപിയെ നിഷ്‌കളങ്കനെന്നും സത്യസന്ധനെന്നുമൊക്കെ പാര്‍ടി സെക്രടറിയെ കൊണ്ട് പറയിപ്പിച്ചത്. ശിവനോട് പാപി ചേര്‍ന്നാല്‍ ശിവനും പാപിയാകുമെന്ന് പറഞ്ഞവര്‍ ഇപ്പോഴത് വിഴുങ്ങി. കാരണം ഉള്‍പാര്‍ടി രഹസ്യങ്ങളറിയുന്നയാള്‍ പാപിയായാല്‍ ശിവന്‍ മാത്രമല്ല മൊത്തം കൈലാസവും പാപമുക്തമാണെന്ന് വിശ്വസിക്കുന്ന ഭീരുക്കളായ വിഡ്ഢികളാണ് സിപിഎമിനെ നയിക്കുന്നതെന്നും സുധാകരന്‍ പരിഹസിച്ചു.

Criticized | ഇപിക്കുള്ള സിപിഎം സംരക്ഷണം: ബിജെപി സ്വാധീനം സംസ്ഥാന സെക്രടേറിയറ്റിലും പ്രതിഫലിച്ചതിനാലെന്ന് കെ സുധാകരന്‍

ഇന്നത്തെ സിപിഎം നാളെത്തെ ബിജെപിയാണ്. ബംഗാളിലും ത്രിപുരയിലും നടന്നതിന്റെ ആവര്‍ത്തനം കേരള സിപിഎം ഘടകത്തിലും വൈകാതെ ഉണ്ടാകും. സിപിഎമില്‍ തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിച്ച വിഎസ് അച്യുതാനന്ദനെ അരിഞ്ഞ് വീഴ് ത്താന്‍ എകെജി സെന്ററിന്റെ അകത്തളത്തില്‍ ഗര്‍ജിച്ച പലരും ഇന്ന് സ്വന്തം നേതാക്കളുടെ ബിജെപി ബാന്ധവത്തില്‍ പ്രതികരിക്കാനോ, പ്രതിഷേധിക്കാനോ കഴിയാത്ത ഗതികേടിലാണ്. ഇന്‍ഡ്യ സംഖ്യത്തിനെതിരേയും രാഹുല്‍ ഗാന്ധിക്കെതിരേയും മുഖ്യമന്ത്രിയും സിപിഎമും തിരിഞ്ഞതിന്റെ അകം പൊരുള്‍ തെളിഞ്ഞതും ഇപ്പോഴാണ്.

കമ്യൂണിസ്റ്റ് സിദ്ധാന്തവും പ്രത്യയശാസ്ത്രവും വില്‍പന ചരക്കാക്കിയ നേതൃത്വമാണ് കേരളത്തില്‍ സിപിഎമിന്റേത്. ബിജെപി ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമാണ് സിപിഎമിന്റെ മുന്‍നിരനേതാക്കള്‍ക്കുള്ളത്. പ്രകാശ് ജാവഡേക്കറെ കണ്ടെന്നു പിണറായി തന്നെ സമ്മതിച്ചു. ജാവഡേക്കര്‍ ഇപ്പോള്‍ മന്ത്രിയല്ല. കേരളത്തില്‍ ബിജെപിയെ വളര്‍ത്തുന്നതിനാണ് അവരുടെ നേതൃത്വം അദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നത്.

അങ്ങനെയുള്ള ജാവഡേക്കറെ പിണറായി കണ്ടത് എന്തിന്? ഇതെല്ലാം സിപിഎം-ബിജെപി ഡീലിന്റെ ഭാഗം തന്നെയാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ കേസുകളിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും കെ സുരേന്ദ്രനെതിരായ കേരള പൊലീസിന്റെ നടപടിയും പാതിവഴിയില്‍ എങ്ങനെ നിലച്ചു എന്നതിന് തെളിവുകളാണ് സിപിമിന്റെയും ബിജെപിയുടേയും നേതാക്കളുടെ ഇത്തരത്തിലുള്ള രഹസ്യ കൂടിക്കാഴ്ചകള്‍.

സ്വന്തം അണികളെ വഞ്ചിച്ചവരാണ് ഇന്ന് സിപിഎമിനെ നയിക്കുന്നത്. സിപിഎം പലപ്പോഴും കേരളത്തില്‍ ബിജെപിയുടെ റിക്രൂട് മെന്റ് ഏജന്‍സിയെപോലെയാണ് പ്രവര്‍ത്തിക്കുന്നത്. ബിജെപിയുടെ താരപ്രചാരകനെപ്പോലെയാണ് ഈ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയുടെ പല പ്രസ്താവനകളും രാഹുല്‍ ഗാന്ധിക്കെതിരായി വന്നതെന്നും സുധാകരന്‍ പറഞ്ഞു.

Keywords: K Sudhakaran Criticized CPM, Kannur, News, K Sudhakaran, Criticized, CPM, Politics, Controversy, BJP, Statement, Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia