കെട്ടുതാലിവരെ പണയപ്പെടുത്തി കടമെടുത്ത് ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന വ്യാപാരികളോട് സംസാരിക്കേണ്ട ഭാഷയല്ല മുഖ്യമന്ത്രിയുടെ നാവില്‍ നിന്ന് ഉണ്ടായത്; കോണ്‍ഗ്രസ് വ്യാപാരികളോടൊപ്പം; ഗവര്‍ണറുടെ ഉപവാസത്തിന് ഉത്തരവാദി സര്‍കാരാണെന്നും കെ സുധാകരന്‍
Jul 14, 2021, 18:10 IST
തിരുവനന്തപുരം: (www.kvartha.com 14.07.2021) വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കാതെ കടയടപ്പിക്കാനുള്ള നടപടികളുമായി സര്‍കാര്‍ മുന്നോട്ടു പോയാല്‍ അതിനെതിരേ പ്രതികരിക്കാന്‍ കച്ചവടക്കാര്‍കൊപ്പം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരുമാനമില്ലാത്ത കോവിഡ് കാലത്തും നികുതിയടച്ച് കടകള്‍ തുറക്കുന്നവരാണ് വ്യാപാരികള്‍. ന്യായമായ അവകാശങ്ങള്‍ക്കെതിരെ സര്‍കാര്‍ കണ്ണടച്ചപ്പോഴാണ് അവര്‍ പരസ്യമായി പ്രതിഷേധിച്ചതും കടകള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചതും. സര്‍കാരിന്റെ കണ്ണില്‍ ഇത് തെറ്റാണെങ്കിലും വ്യാപാരികളുടെ സമരമുറയെ അനുനയിപ്പിക്കാന്‍ തയ്യാറാകാതെ മുഖ്യമന്ത്രി തെരുവ് ഭാഷയില്‍ പ്രതികരിച്ചത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും സുധാകരന്‍ പറഞ്ഞു. കെട്ടുതാലിവരെ പണയപ്പെടുത്തി കടമെടുത്ത് ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന വ്യാപാരികളോട് സംസാരിക്കേണ്ട ഭാഷയല്ല മുഖ്യമന്ത്രിയുടെ നാവില്‍ നിന്ന് ഉണ്ടായത്. ഇത് പ്രതിഷേധാര്‍ഹമാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
കച്ചവടക്കാരുടെ പ്രയാസങ്ങളും ദുരിതങ്ങളും കേള്‍ക്കാനും മനസ്സിലാക്കാനും മുഖ്യമന്ത്രിയും സര്‍കാരും തയ്യാറാകണം. വ്യാപാരികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ട സര്‍കാര്‍ അവരോട് യുദ്ധം പ്രഖ്യാപിക്കുകയല്ല ചെയ്യേണ്ടത്. ക്രിയാത്മകമായ ഇടപെടലുകള്‍ സര്‍കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. കച്ചവടക്കാരുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍കാരിന് കഴിയുന്നില്ലെങ്കില്‍ ചുരുങ്ങിയപക്ഷം അവരെ അപമാനിക്കാതിരിക്കാനെങ്കിലും മുഖ്യമന്ത്രി സുമനസ്സ് കാട്ടണം എന്നും സുധാകരന്‍ അഭ്യര്‍ഥിച്ചു.
വ്യാപാരികള്‍ മാത്രമല്ല സ്വകാര്യ ബസുടമകളും ആത്മഹത്യയുടെ വക്കിലാണ്. അവരെ അതിലേക്ക് തള്ളിവിടുന്നത് സര്‍കാരിന്റെ നിലപാടുകളാണ്. കോവിഡ് നിയന്ത്രണങ്ങളുടെ പ്രാധാന്യത്തെ വിലകുറച്ച് കാണുന്നില്ല. എന്നാല്‍ വിലക്കുകള്‍ മയപ്പെടുത്താനുള്ള ഒരുപാട് സാധ്യതകള്‍ സര്‍കാരിന്റെ മുന്നിലുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കുറയുമ്പോള്‍ കേരളത്തില്‍ ടി പി ആര്‍ ഉയരുന്നത് സര്‍കാരിന്റെ ആസൂത്രണത്തിന്റെ പിഴവു കൊണ്ടാണ്.
കോവിഡ് മൂന്നാം തരംഗം വരാന്‍ പോകുന്നുവെന്ന് പറയപ്പെടുന്നു. എന്നാല്‍, വാക്സിന്‍ വിതരണം ഇതുവരെ കേരളത്തില്‍ പൂര്‍ത്തിയായിട്ടില്ല. പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്ക് പോലും വാക്സിന്‍ നല്‍കിയില്ല. കോവിഡ് വ്യാപനം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച വേളയില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയില്ല. വരുമാന മാര്‍ഗത്തിന് വേണ്ടിയുള്ള വന്‍കിട പദ്ധതികള്‍ക്ക് അനുമതി വാങ്ങാനുള്ള താല്‍പര്യം മാത്രമാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചത്. മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ ചില അന്തര്‍ധാരകളുണ്ട്. ബിജെപിയുടെ മുഖ്യശത്രു സിപിഎം അല്ല കോണ്‍ഗ്രസാണ്.
ഡെല്‍ഹി അന്ധേരിയ മോഡിലെ ലിറ്റില്‍ ഫ്ളവര്‍ കത്തോലിക ദേവാലയം പൊളിച്ച അധികൃതരുടെ നടപടി മതേതരത്വത്തിന് മേല്‍ പതിച്ച ഒടുവിലത്തെ കോടാലിയാണ്. ഭരണ പരാജയത്തിന് നേരെ ചോദ്യങ്ങളുയരുമ്പോള്‍ അത് മറച്ചുപിടിക്കാന്‍ രാജ്യമെമ്പാടും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സംഘപരിവാര്‍ അജന്‍ഡയുടെ ഭാഗമാണിതെന്നും സുധാകരന്‍ പറഞ്ഞു.
കേരളത്തില്‍ സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരസ്യമായി ഉപവസിക്കേണ്ടി വന്നതിനു ഉത്തരവാദി സംസ്ഥാന സര്‍കാരാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
ഗവര്‍ണറുടെ സത്യാഗ്രഹത്തില്‍ രാഷ്ട്രീയം കാണുന്നില്ല. ഭരണത്തലവന്‍ സ്വന്തം സര്‍കാരിനെതിരെ സത്യാഗ്രഹം ഇരിക്കുന്നത് രാജ്യത്ത് കേട്ടുകേഴ് വിയില്ലാത്തതാണ്. ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തപ്പെട്ട സര്‍കാരിന്റെ നിഷ്‌ക്രിയത്വത്തില്‍ പ്രതിഷേധിച്ചാണ് ഗവര്‍ണര്‍ക്ക് തന്നെ സമരമുഖത്ത് വരേണ്ടി വന്നത്.
ആഭ്യന്തരവകുപ്പിന്റെ അതീവ ഗുരുതരമായ വീഴ്ചകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. സ്വര്‍ണക്കടത്തിലും കൊലപാതകത്തിലും പീഡനത്തിലുമെല്ലാം പ്രതികളായി ഒരുഭാഗത്ത് സിപിഎമ്മുകാരാണ്. അവര്‍ക്ക് പ്രേരകശക്തിയായി നില്‍ക്കുന്നത് സര്‍കാരാണെന്നും സുധാകരന്‍ പറഞ്ഞു.
Keywords: K Sudhakaran against Pinarayi govt, Thiruvananthapuram, News, Politics, K.Sudhakaran, Criticism, Chief Minister, Pinarayi vijayan, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.