Satchidanandan | വിജ്ഞാനത്തില്‍ നിന്നും വിവേകിയിലേക്കുമുള്ള പരിവർത്തനമാകണം വായനയെന്ന് കെ സച്ചിദാനന്ദന്‍

 
K Satchidanandan


'വായനയുടെ സംസ്‌കാരത്തിന്റ സ്ഥാനത്ത് ഇന്ന് ദൃശ്യസംസ്‌കാരം കൂടുതലായി വളര്‍ന്നുവരുന്നു'

തൃശൂർ: (KVARTHA) വിവരത്തില്‍ നിന്നും വിജ്ഞാനത്തിലേക്കും വിജ്ഞാനത്തില്‍ നിന്നും വിവേകത്തിലേക്കുമുള്ള പരിവർത്തനത്തിന് ഉതകുന്നതായിരിക്കണം വായനയെന്ന് കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ. സച്ചിദാനന്ദന്‍. തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ നടന്ന വായന പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജ്ഞാനം വിവേകമായി മാറുമ്പോഴാണ് അത് മനുഷ്യ ജീവിതത്തിന് ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നത്. നമ്മുടെ ജീവിതത്തെയും അപരരുടെ ജീവിതത്തെയും ഉത്തമമാക്കാന്‍ സഹായിക്കുകയും ചെയ്യുമ്പോഴാണ് വായന അതിന്റെ സാഫല്യം നേടുന്നതെന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വായന പലതരത്തിലുള്ള വെല്ലുവിളികളെ നേരിടുന്ന കാലമാണിത്. ജീവിതത്തിന്റെ വേഗതയില്‍ വായന ആവശ്യപ്പെടുന്നത് ഒഴിവു സമയമാണ്. അതിവേഗത്തിലുള്ള ജീവിതത്തില്‍ വായനക്ക് സമയമില്ലാതാകുന്നു. ഒഴിവുസമയമാണ് മനുഷ്യസംസ്‌കൃതിയുടെ ആരംഭത്തിന് കാരണം. ഒഴിവുസമയം കിട്ടിയ ആളുകളാണ് പുതിയ പുതിയ വിജ്ഞാന ശാഖകള്‍ നിര്‍മ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

പുതിയ കാലഘട്ടത്തില്‍ വായന നിലച്ചു എന്ന് പറയാനാകില്ല. വായന അത് പുസ്തക വായന മാത്രമാകണമെന്നില്ല. ഇ-വായനയുടെ പ്രാധാന്യവും തിരിച്ചറിയേണ്ടിയിരിക്കുന്നു. ഏതുരൂപത്തില്‍ പുസ്തകം വായിക്കുന്നു എന്നതല്ല ഏതു പുസ്തകം വായനയ്ക്കു തിരഞ്ഞെടുക്കുന്നു എന്നതാണ് പ്രധാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

യുവതലമുറയുടെ വായന പലപ്പോഴും ജോലിയിലുള്ള ഉയര്‍ച്ചയ്‌ക്കോ ധന സമ്പാദനത്തിനോ വേണ്ടിയുള്ള വിജ്ഞാന ശേഖരത്തില്‍ മാത്രം ഒതുങ്ങിപ്പോകുന്നു. യഥാര്‍ത്ഥത്തില്‍ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനും ചരിത്രത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനും ഭാവിയെക്കുറിച്ച് ചിന്തിക്കുന്നതിനും സ്വന്തം കർമ്മ മേഖലയ്ക്ക് പുറത്തുള്ള വിഷയങ്ങളിലേക്ക് വായനയെ വ്യാപിപ്പിക്കേണ്ടതുണ്ട്. ഇന്ന് വിവര സംസ്‌കാരം എന്ന ഒരു സംസ്‌കാരം തന്നെ വളര്‍ന്നുവരുന്നുണ്ട്. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് പോലെ വിവരങ്ങളുടെ ആധിക്യം കൊണ്ട് ശ്വാസംമുട്ടിക്കുന്ന ഒരു സമയത്താണ് നമ്മള്‍ ജീവിക്കുന്നത്. സംസ്‌കാരം കൂടുതല്‍ കൂടുതലായി ഒരു വ്യവസായമായി മാറുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. വായനയുടെ സംസ്‌കാരത്തിന്റ സ്ഥാനത്ത് ഇന്ന് ദൃശ്യസംസ്‌കാരം കൂടുതലായി വളര്‍ന്നുവരുന്നതായും കെ. സച്ചിദാനന്ദന്‍ പറഞ്ഞു.

ലൈബ്രറി കൗണ്‍സില്‍, ജില്ലാ ഭരണകൂടം, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ന് ആരംഭിച്ച് ഐ.വി ദാസിന്റെ ജന്മദിനമായ ജൂലൈ 7 ന് അവസാനിക്കുന്ന രീതിയിലാണ് വായന പക്ഷാചരണം നടത്തുന്നത്.
ഇതിൻ്റെ ഭാഗമായി എല്ലാ വായനശാലകളിലും പി.എൻ.പണിക്കർ അനുസ്മരണം നടത്തും. 

ജൂൺ 22ന് ജി.ശങ്കരപ്പിള്ള അനുസ്മരണം, 24, 25 തീയതികളിൽ ഗ്രന്ഥശാലാ പരിസരത്തെ എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കൽ എന്നിവ നടത്തും. ജൂൺ 26 ന് ലഹരി വിരുദ്ധ സദസ് സംഘടിപ്പിക്കും. ചരമദിനം പക്ഷാചരണ കാലയളവിലുള്ള സാഹിത്യകാരൻമാരുടെ അനുസ്മരണവും വായന പ്രോത്സാഹിപ്പിക്കുന്നതിനുള്ള മത്സരങ്ങളും പദ്ധതികളുമാണ് ജൂലൈ 7 വരെ സംഘടിപ്പിക്കുന്ന മറ്റ് പരിപാടികൾ.

ചടങ്ങില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അസി. കളക്ടര്‍ അതുല്‍ സാഗര്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സി. അംഗം പി. തങ്കം ടീച്ചര്‍, കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രഫ. സി.പി അബൂബക്കര്‍, ഡി.ഡി.ഇ എ.കെ അജിതകുമാരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ്‌കുമാര്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി കെ.ജി ബാബുരാജ്, സ്റ്റേറ്റ് കൗണ്‍സില്‍ അംഗം എം.കെ സദാനന്ദന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ ഹാരിഫാബി തുടങ്ങിയവര്‍ സംസാരിച്ചു

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia