ഗൗരിയമ്മ ഉപേക്ഷിച്ചവരും ഗൗരിയമ്മയെ ഉപേക്ഷിച്ചവരും

 


തിരുവനന്തപുരം: (www.kvartha.com 18/07/2015) ത്രിപുരയിലെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും മുഖ്യമന്ത്രിയുമായിരുന്ന നൃപന്‍ ചക്രവര്‍ത്തിയുടെ അതേ വഴിയിലേക്കു കെ ആര്‍ ഗൗരിയമ്മയും എത്തുന്നതിനു മുമ്പേ അവരെ ഉപേക്ഷിച്ചവരില്‍ പ്രമുഖ നക്‌സല്‍ നേതാവു മുതല്‍ എസ്എന്‍ഡിപിക്കാര്‍ വരെ.

സിപിഎം വിട്ട ഗൗരിയമ്മയെ മുന്നില്‍ നിര്‍ത്തി കേരള രാഷ്ട്രീയം പിടിക്കാന്‍ ഇറങ്ങിത്തിരിച്ചവരായിരുന്നു ഇവരെല്ലാം. ചിലരൊക്കെ ഗൗരിയമ്മയുടെയും ജെഎസ്എസിന്റെയും ബാനറില്‍ എന്തെങ്കിലുമൊക്കെയായി. പരമാവധി എംഎല്‍എ വരെ. മന്ത്രിയാകാന്‍ ആര്‍ക്കും സാധിച്ചില്ല, ഗൗരിയമ്മയക്കല്ലാതെ.

പക്ഷേ, അണികളെങ്കിലും ഗൗരിയമ്മയുടെ മുന്‍ പാര്‍ട്ടി എന്ന പേരില്‍ യുഡിഎഫില്‍ ജെഎസ്എസിന്റെ ഒരു കഷ്ണം ഇപ്പോഴുമുണ്ട്. നയിക്കുന്നത് എ എന്‍ രാജന്‍ബാബു. പ്രതീക്ഷ: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെയെങ്കിലും ജയിക്കുക,യുഡിഎഫ് വന്നാല്‍ മന്ത്രിയാവുക.

കൊടിയ നക്‌സലൈറ്റ് നേതാവായിരുന്ന കെ വേണുവാണ് സിപിഎം വിട്ട ഗൗരിയമ്മയില്‍ ആദ്യം പ്രതീക്ഷയര്‍പ്പിച്ച വലിയ നേതാവ്. ജെഎസ്എസ് എന്ന ജനാധിപത്യ സംരക്ഷണ സമിതി ഒരു ഈഴവ സാമുദായിക സ്വഭാവമുള്ള രാഷ്ട്രീയ പാര്‍ട്ടിയായി മാറുമെന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നില്ല. നക്‌സലൈറ്റായിരിക്കെ സിപിഎം ശരിയല്ലെന്നു പറഞ്ഞ വേണു മാത്രമല്ല നക്‌സല്‍ബാരിയുടെ ആവേശത്തില്‍ കാടുകയറിയ തീപ്പൊരി നേതാവ് കെ അജിതയും സിപിഎം വിട്ട ഗൗരിയമ്മയില്‍ പ്രതീക്ഷ പുലര്‍ത്തി കൂടെക്കൂടി.

ജെഎസ്എസിനു യുഡിഎഫ് സ്വാഗതമോതിയപ്പോള്‍ വേണു നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കൊടുങ്ങല്ലൂരില്‍ നിന്നു മത്സരിക്കുകയും ചെയ്തു. പക്ഷേ, വിജയിച്ചത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മീനാക്ഷി തമ്പാനാണ്. അതോടെ വേണുവിന് ജെഎസ്എസും പാര്‍ലമെന്ററി രാഷ്ട്രീയവും മതിയായി. അജിത അതിനുമുമ്പേ കളം വിട്ട് അന്വേഷി പുനരുജ്ജീവിപ്പിച്ചിരുന്നു. 2001ലെ ആന്റണി സര്‍ക്കാരില്‍ ജെഎസ്എസിന്റെ പേരില്‍ ഗൗരിയമ്മ കൃഷി മന്ത്രിയായി. രാജന്‍ബാബുവും ഉമേഷ് ചള്ളിയിലും ഉള്‍പ്പെടെ നാല് എംഎല്‍എമാരാണ് ഉണ്ടായിരുന്നത്.

അടുത്ത നിയമസഭയില്‍ അത് മൂന്നായി. പിന്നീട് ആരുമില്ലാതായി. ഇപ്പോഴതാണു സ്ഥിതി. ആരുമില്ല. പക്ഷേ, കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും വലിയ നേതാക്കളിലൊരാളായ ഗൗരിയമ്മയെ അരൂരില്‍ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു എന്നതാണ് അവരെ ചൊടിപ്പിച്ചത്. ആ തോല്‍വിയുടെ പക ഗൗരിയമ്മ മറന്നില്ല. കോണ്‍ഗ്രസുമായി സൗഹൃദത്തിലാവുകയോ മുന്നണി ഏകോപന സമിതി യോഗങ്ങളില്‍ പങ്കെടുക്കുകയോ ചെയ്തില്ല. കേരളത്തില്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുണ്ടാക്കാന്‍ ത്യാഗം സഹിച്ച നേതാവിനെ സിപിഐ ക്ഷണിച്ചെങ്കിലും അവര്‍ പോയില്ല. ഭര്‍ത്താവ് ടി വി തോമസ് സിപിഐയില്‍ പോയപ്പോള്‍ അവര്‍ ഉറച്ചുനിന്നത് സിപിഎമ്മിലായിരുന്നല്ലോ.

 ആ പാര്‍ട്ടിയിലേക്കു തിരിച്ചുപോകാനാണ് ഗൗരിയമ്മ ആഗ്രഹിച്ചത്. എം എ ബേബിയും തോമസ്
ഗൗരിയമ്മ ഉപേക്ഷിച്ചവരും ഗൗരിയമ്മയെ ഉപേക്ഷിച്ചവരും
ഐസക്കുമെല്ലാം നടത്തിയ ശ്രമങ്ങളോട് അവര്‍ അനുകൂലമായാണു പ്രതികരിച്ചത്. അതിനൊടുവിലാണ് കോടിയേരി ബാലകൃഷ്ണന്‍ അവരെ സന്ദര്‍ശിച്ചതും ലയനം തീരുമാനിച്ചതും. കോടിയേരി ഉള്‍പ്പെടെയുള്ള ഇന്നത്തെ സിപിഎം നേതാക്കള്‍ക്കറിയാം, ഗൗരിയമ്മ വിളിച്ചത്ര മുദ്രാവാക്യങ്ങളൊന്നും തങ്ങളാരും വിളിച്ചിട്ടില്ലെന്ന്; വി എസ് ഒഴികെ. ഗൗരിയമ്മ വി എസിനു പകരമോ വി എസ് തിരിച്ചോ അല്ല. അങ്ങനെ ചിലരൊക്കെ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും.

Also Read:
നഗ്‌നയായി മൊബൈല്‍ ക്യാമറയ്ക്ക് പോസ് ചെയ്യാന്‍ വിസമ്മതിച്ച യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം

Keywords:  K R Gouriyamma's line is clear now; but so many leaders are went back earlier, Thiruvananthapuram, Chief Minister, Oommen Chandy, Kodiyeri Balakrishnan, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia