Media | അധികാര ഗര്‍വിനെ മാധ്യമങ്ങള്‍ ഭയപ്പെടരുതെന്ന് കെ ജയകുമാര്‍ ഐ എ എസ്
Feb 11, 2023, 21:29 IST
തലശ്ശേരി: (www.kvartha.com) നവകേരള നിര്‍മിതിയില്‍ മാത്രമല്ല, സമൂഹത്തിന് നൂതനമായ കാഴ്ചപ്പാടും പ്രതീക്ഷകളുമേകാനും ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുമായിരുന്നു പ്രമുഖ മാധ്യമ സ്ഥാപനങ്ങളെല്ലാം തുടങ്ങിയതെന്ന് കെ ജയകുമാര്‍ ഐഎഎസ്. സമൂഹത്തിന് ദിശാബോധവും, ധാര്‍മികതയും പകര്‍ന്നേകാന്‍ ആ മാധ്യമങ്ങള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തലശേരി പ്രസ് ഫോറം, പത്രാധിപര്‍ ഇ കെ നായനാര്‍ സ്മാരക ലൈബ്രറി ആന്‍ഡ് കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന മട്ടുപാവ് കൃഷിയുടെ ഉദ് ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാര ഗര്‍വിനോട് സത്യം വിളിച്ചു പറയാന്‍ മുട്ടടിക്കുന്ന ഒരു പത്രം എന്തിനാണ് നിലനില്‍ക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു. സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ അധികാരി വര്‍ഗത്തിന്റെ മുന്നിലെത്തിക്കാന്‍ കഴിയണം. ഉദ്യോഗസ്ഥരുടെ അഴിമതിയും അഹങ്കാരവും കൊണ്ട് ആത്മഹത്യ ചെയ്ത എത്രപേര്‍ നമ്മുടെ നാട്ടിലുണ്ട്. പരാധികാരം ദുഷിച്ചു പോകാതിരിക്കാനാണ് മാധ്യമങ്ങള്‍ തിരുത്തല്‍ ശക്തിയായി വര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതിക വിദ്യയുടെ കരുത്ത് കൊണ്ട് സാധാരണക്കാരന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനാകണം. ഭീരുത്വം കൊണ്ട് വിട്ടുവീഴ്ച ചെയ്യുന്ന മുഖ്യധാര പത്രങ്ങളെ നേര്‍വഴിക്ക് നയിക്കുവാന്‍ സാധാരണക്കാരന്റെ കൈകളിലുള്ള ശാസ്ത്ര സാങ്കേതിക വിവരവിനിമയ സൗകര്യങ്ങള്‍ കൊണ്ട് ആവുമെന്ന പ്രതീക്ഷയും നഷ്ടമായിരിക്കുന്നു.
ആടിനെ പേപ്പട്ടിയാക്കുന്ന കാലമാണിത്. തിന്‍മയുടെ കയ്യിലെ കളിപ്പാട്ടമായി മാധ്യമ രംഗം മാറിക്കൊണ്ടിരിക്കുന്നു. സത്യം ഇന്ന് ഏറെ അകലെയായി മാറിയിരിക്കുന്നു. വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വന്നാലും മാനവികത കൈവിട്ടു കൂടാ. നൈതികതയെന്നത് മാനവികത തന്നെയാണ്.
അധികാരമുള്ളവന്റെ ചെയ്തികള്‍ മാത്രം വിളിച്ചു പറയാനുള്ളതാണോ മാധ്യമ പ്രവര്‍ത്തനം എന്നും അദ്ദേഹം ചോദിച്ചു.
ആര്‍ക്കൊക്കെയോ ആരെയൊക്കെയോ ഭയമാണ്. കുടിലതയും ഭയവും നാടിനെ നശിപ്പിക്കുമെന്ന് വിളിച്ചു പറഞ്ഞത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയാണ്. നമ്മുടെ മൗലിക അവകാശങ്ങള്‍ നിഷ്‌ക്രിയമായ ആസ്തിയായി മാറിക്കൂടാ. ഓരോ പൗരനും മൗലിക അവകാശങ്ങളുടെ സംരക്ഷണത്തിന് ബാധ്യതയുണ്ടെന്ന് വിസ്മരിച്ചു കൂടാ.
നാം ജനാധിപത്യവാദിയാണെങ്കില്‍ അത് വീട്ടിലും നാട്ടിലും നടപ്പിലാക്കണം. പ്രിയ തരങ്ങളില്‍ പൊതിഞ്ഞ് അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയാനാണ് ഞാന്‍ സര്‍വീസ് ജീവിതകാലത്ത് ശ്രമിച്ച് വന്നത്. പ്രതികരണങ്ങളില്‍ നിന്നുപോലും നമ്മള്‍ പിന്‍ വാങ്ങുകയാണ്. രാഷ്ട്രീയത്തില്‍ തനിക്ക് മിത്രങ്ങളേയുള്ളൂവെന്നും, സ്നേഹം മാത്രമേ എവിടെ നിന്നും ലഭിച്ചിട്ടുള്ളൂവെന്നും ജയകുമാര്‍ പറഞ്ഞു.
അപ്രിയ സത്യങ്ങള്‍ പ്രിയ തരമായേ പറയാനാവൂ. അപ്രിയ സത്യങ്ങളാണെങ്കിലും അവയൊന്നും ഒരിക്കലും പറയാതിരുന്നിട്ടില്ല. ഉദ്യോഗത്തില്‍ രാഷ്ട്രീയം കളിക്കുമ്പോഴാണ് പ്രശ്നങ്ങളുണ്ടാവുന്നത്. പത്രമില്ലാത്ത പത്രപ്രവര്‍ത്തകരും പത്രമുള്ള പ്രവര്‍ത്തനമില്ലാത്ത പത്രപ്രവര്‍ത്തകരും നമുക്കിടയിലുണ്ട്.
മാധ്യമങ്ങളില്‍ എഴുതുന്നത് മൂലം നമ്മള്‍ അപ്ഡേറ്റ് ചെയ്യപ്പെടും. നൈതിക, മാനവിക നിയമപ്രശ്നങ്ങളില്‍ നമ്മള്‍ ജാഗരൂകരാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ കെപി മോഹനന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ഫാദര്‍ മനോജ് ഒറ്റപ്ലാക്കല്‍ പടയണി സുവര്‍ണ ജൂബിലി പതിപ്പ് നഗരസഭാ ചെയര്‍പേഴ്സന്‍ കെഎം ജമുനാ റാണിക്ക് കൈമാറി. പ്രൊഫ: എപി സുബൈര്‍ മോഡറേറ്ററായി. നവാസ് മേത്തര്‍, അനിഷ് പാതിരിയാട്,
പി എം അശ്റഫ്, ശശികുമാര്‍ കല്ലിടുംബില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചാലക്കര പുരുഷു സ്വാഗതവും, കെപി ഷീജിത് നന്ദിയും പറഞ്ഞു.
Keywords: K Jayakumar IAS says media should not be afraid of politicians, Thalassery, News, Politics, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.