അപകീര്‍ത്തിപ്പെടുത്താനുള്ള ബി ജെ പി ശ്രമം നിയമപരമായി നേരിടും: കെ സി വേണുഗോപാല്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 09.07.2020) സ്വര്‍ണ കടത്തു കേസില്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണന്റെ ശ്രമം നിയമപരമായി നേരിടുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത ആരോപണങ്ങള്‍ വിളിച്ചു പറയുന്നവര്‍ക്ക് അത് തെളിയിക്കാനും ബാധ്യതയുണ്ട്. തെളിയിയിക്കാന്‍ ഗോപാലകൃഷ്ണനെ വെല്ലുവിളിക്കുകയാണെന്നും വേണുഗോപാല്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

അപകീര്‍ത്തിപ്പെടുത്താനുള്ള ബി ജെ പി ശ്രമം നിയമപരമായി നേരിടും: കെ സി വേണുഗോപാല്‍

മന്ത്രിയായിരുന്ന കാലത്ത് വകുപ്പുകള്‍ക്ക് കീഴില്‍ നടന്ന എല്ലാ കാര്യങ്ങള്‍ക്കും താന്‍ ഉത്തരവാദിയാണെന്നു പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. സാറ്റ്‌സ്, എയര്‍ ഇന്ത്യയുമായി ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് കരാറുള്ള സ്വകാര്യ കമ്പിനിയാണ്. അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ താന്‍ ഇടപെട്ടെന്ന് പറയുന്നത് ശുദ്ധ മര്യാദകേടാണെന്നും വേണുഗോപാല്‍ പറഞ്ഞു.

ബി ജെ പി ആരെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് ഗോപാലകൃഷ്ണന്‍ വ്യക്തമാക്കണം. മാധ്യമ ശ്രദ്ധ കിട്ടാന്‍ വേണ്ടി എന്ത് അസംബന്ധവും വിളിച്ചുപറയുന്ന തരത്തിലേക്ക് ഒരു രാഷ്ട്രീയ നേതാവും തരംതാണു പോകരുത്. ഇങ്ങനെ പറയാന്‍ ആരാണ് ഗോപാലകൃഷ്ണനെ പ്രേരിപ്പിക്കുന്നത്? നാക്കിന് എല്ലില്ലാ എന്നുകരുതി എന്തും പറയാമെന്നു കരുതരുത്. ആരോപണം വാസ്തവ വിരുദ്ധമാണെന്നും വേണുഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസിലെ യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ രാഷ്ട്രീയ നീക്കം നടക്കുന്നുവെന്നതിന് ഏറ്റവും വലിയ തെളിവാണ് തനിക്കെതിരേ ഉയര്‍ത്തിയിരിക്കുന്ന ആരോപണം. ഈ കേസ് സി ബി ഐ അന്വേഷിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയാണെന്നും വേണു ഗോപാല്‍ പറഞ്ഞു. വാസ്തവ രഹിതമായ ഈ ആരോപണം പറയുന്നതിന് പിന്നിലുള്ള ലക്ഷ്യം എന്താണെന്നു മനസിലാകുന്നില്ല. ഉദ്ദേശം എന്തായാലും അത് പുറത്തുവരണം. ഒന്നുകിൽ മാധ്യമ ശ്രദ്ധകിട്ടാൻ, അല്ലെങ്കിൽ ആരെയോ രക്ഷപ്പെടുത്താനാണ് ഈ കല്ലുവെച്ച നുണ പറയുന്നതെന്നും വേണു ഗോപാല്‍ പറഞ്ഞു.

Keywords: Kerala, News, Politics, BJP, Minister, MP, Gold, Smuggling, Case, Leader, CBI, AICC, Air India. K C Venugopal on P Goplaakrishnan's statement.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia