Kerala Story | ഇത് കേരളമാണ്! ബലിപെരുന്നാള്‍ നിസ്‌കാര സമയത്ത് ഉച്ച ഭാഷിണി ഓഫ് ചെയ്ത് സൗകര്യമൊരുക്കി സഹായിച്ചു; നന്ദിയുമായി ജുമാമസ്ജിദ് ഭാരവാഹികള്‍ ക്ഷേത്രത്തില്‍

 


തിരുവനന്തപുരം: (www.kvartha.com) കഴിഞ്ഞ വ്യാഴാഴ്ച ബലിപെരുന്നാള്‍ നിസ്‌കാര സമയത്ത് ഉച്ച ഭാഷിണി ഓഫ് ചെയ്ത് ഈദ് ഗാഹിന് സൗകര്യമൊരുക്കിയതിന് ക്ഷേത്രം അധികൃതര്‍ക്ക് നന്ദിയുമായി മസ്ജിദ് ഭാരവാഹികള്‍ ക്ഷേത്രത്തിലെത്തിയത് നവ്യാനുഭവമായി. തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്ര അധികൃതര്‍ക്ക് നന്ദി അര്‍പിച്ച് ചാല ജുമാ ചീഫ് ഇമാം അബ്ദുല്‍ ശുകൂര്‍ മൗലവിയുടെ നേതൃത്വത്തിലാണ് ഒരു സംഘം എത്തിയത്. ക്ഷേത്ര മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരിപ്പാട് ഉള്‍പെടെയുള്ളവര്‍ ചേര്‍ന്ന് ഇവര്‍ക്ക് ഹൃദ്യമായ സ്വീകരണമാണ് നല്‍കിയത്. ഇതാണ് 'യഥാര്‍ഥ കേരള സ്റ്റോറി' എന്ന വിശേഷണത്തോടെ സംഭവം സാമൂഹ്യ മാധ്യമങ്ങളിലും വൈറലായി.
         
Kerala Story | ഇത് കേരളമാണ്! ബലിപെരുന്നാള്‍ നിസ്‌കാര സമയത്ത് ഉച്ച ഭാഷിണി ഓഫ് ചെയ്ത് സൗകര്യമൊരുക്കി സഹായിച്ചു; നന്ദിയുമായി ജുമാമസ്ജിദ് ഭാരവാഹികള്‍ ക്ഷേത്രത്തില്‍

ചാല ജുമാ മസ്ജിദിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം പുത്തരിക്കണ്ടം നായനാര്‍ പാര്‍കിലാണ് ഈദ് ഗാഹ് സംഘടിപ്പിച്ചത്. നൂറുകണക്കിന് പേര്‍ പെരുന്നാള്‍ നിസ്‌കാരത്തിന് എത്തിയിരുന്നു. ഇതേസമയത്ത് പാര്‍കിന് എതിര്‍ വശത്തുള്ള പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ നിന്ന് ഉച്ചഭാഷിണി വഴി പ്രാര്‍ഥന ഗീതങ്ങള്‍ മുഴങ്ങുന്നുണ്ടായിരുന്നു. നിസ്‌കാരത്തിന് തടസമുണ്ടാവാതിരിക്കാന്‍ ഉച്ചഭാഷണിയുടെ ശബ്ദം കുറയ്ക്കണമെന്ന ആവശ്യവുമായി മസ്ജിദ് കമിറ്റി ഭാരവാഹികള്‍ ക്ഷേത്രം അധികൃതരെ കണ്ടിരുന്നു. അഭ്യര്‍ഥന മാനിച്ച ക്ഷേത്ര അധികൃതര്‍ പുറത്തെ ഉച്ചഭാഷിണി ഓഫ് ചെയ്യുകയും അകത്തെ ഉച്ചഭാഷിണിയുടെ ശബ്ദം കുറയ്ക്കുകയും ചെയ്തു.

ഈദ്ഗാഹില്‍ നടന്ന ഇമാമിന്റെ പ്രസംഗത്തില്‍ ക്ഷേത്ര കമിറ്റിയുടെ നല്ല മനസ് പ്രതിപാദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം മസ്ജിദ് കമിറ്റി ഭാരവാഹികള്‍ ക്ഷേത്രം സന്ദര്‍ശിച്ചത്. ഓള്‍ ഇന്‍ഡ്യ മില്ലി കൗണ്‍സില്‍ സംസ്ഥാന ജെനറല്‍ സെക്രടറി എഎംകെ നൗഫലും ചാല ജുമാ മസ്ജിദ് പ്രസിഡന്റ് മാഹിനും സംഘത്തില്‍ ഉണ്ടായിരുന്നു. മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരിപ്പാട്, ക്ഷേത്ര മാനജര്‍ ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരോട് ഇവര്‍ നന്ദി അറിയിക്കുകയും ചെയ്തു. 'മാനവികതയുടെ പ്രവാചകന്‍' എന്ന പുസ്തകം ഉപഹാരമായി നല്‍കിയാണ് മസ്ജിദ് ഭാരവാഹികള്‍ മടങ്ങിയത്. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഇരുവരുടെയും നന്മയെ അഭിനന്ദിക്കുകയും ചെയ്തു.

Keywords: Pazhavangadi Ganapathy Temple, Thiruvananthapuram, Chala Juma Masjid, Viral News, Juma Masjid officials visited temple to thank help for Eidgah.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia