'ഇനിയും വേട്ടയാടി മതിയായില്ലെങ്കിൽ, ഒറ്റവെട്ടിന് തീർത്തേക്കണം'; സി പി എം പ്രവർത്തകരാൽ വേട്ടയാടപ്പെടുകയാണെന്ന് മാധ്യമപ്രവർത്തക; കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (www.kvartha.com 30.05.2021) സി പി എം പ്രവർത്തകരാൽ വേട്ടയാടപ്പെടുകയാണെന്ന മാധ്യമപ്രവർത്തകയുടെ ഫേസ്ബുക് പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക ചർചയാവുന്നു. വിനീത വേണു ആണ് അനുഭവങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സദാചാര ഗുണ്ടായിസത്തിന് ഇരയായ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ ഭർത്താവിന്റെ അനുഭവങ്ങളും പരാമർശിച്ചാണ് വിനീത എഴുതിയിരിക്കുന്നത്.

'വേട്ടയാടി മതിയായില്ലെങ്കിൽ കാൾടെക്സ് ജങ്ഷനിൽ വന്ന് നിൽക്കാം. തല ഉയർത്തിപ്പിടിച്ച് തന്നെ. ഞങ്ങളും കുഞ്ഞുങ്ങളും. ഒറ്റവെട്ടിന് തീർത്തേക്കണം' എന്ന് വിനീത പറയുന്നു. അഞ്ച് വര്‍ഷത്തിനിടെ ഏഴു തവണ പൊലീസുകാരനായ ഭര്‍ത്താവിന് സ്ഥലം മാറ്റം ലഭിച്ചെന്നും വിനീത ആരോപിക്കുന്നു.
Aster mims 04/11/2022

'ഇനിയും വേട്ടയാടി മതിയായില്ലെങ്കിൽ, ഒറ്റവെട്ടിന് തീർത്തേക്കണം'; സി പി എം പ്രവർത്തകരാൽ വേട്ടയാടപ്പെടുകയാണെന്ന് മാധ്യമപ്രവർത്തക; കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി


ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

സുഹൃത്തുക്കളേ...
തികച്ചും വ്യക്തിപരമായ ഒരു നീണ്ട കുറിപ്പാണ്. കഴിഞ്ഞ ദിവസങ്ങളായി കുറേയധികം ഫോൺകോളുകളും മെസേജുകളും വരുന്നുണ്ട്. എല്ലാവർക്കുമായി ഒറ്റ മറുപടിയിൽ കാര്യങ്ങൾ വിശദമാക്കാം എന്നാണ് വിചാരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രി എന്റെ ഭർത്താവ് വടകര ചോന്പാലയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് കണ്ണൂർ ഇരിട്ടിയിലുള്ള വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മിലിട്ടറിയിൽ ജോലി ചെയ്യുന്ന ഞങ്ങളുടെ ഒരു സുഹൃത്ത്, ഇപ്പോൾ നോർത്ത് ഈസ്റ്റിലാണ് ഉള്ളത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ പായം ചീങ്ങംകുണ്ടത്തുള്ള വീട്ടിൽ ഒറ്റക്ക് താമസിക്കുകയാണ്. ഈ സുഹൃത്ത് എന്റെ ഭർത്താവിനെ ഫോണിൽ വിളിക്കുകയും അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ സുഖവിവരം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന അദ്ദേഹത്തിന് ഒറ്റക്ക് താമസിക്കുന്ന മാതാപിതാക്കളെ സംബന്ധിച്ച് ആശങ്കയുണ്ടാവുക സ്വാഭാവികമാണ്.

ബുധനാഴ്ച പിതാവിന്റെ ബെർത്ത്ഡേ ആണെന്നും ഭക്ഷണം ഒരുക്കിയിട്ടുണ്ടെന്നും പറഞ്ഞു. ഉച്ചക്ക് ‌ഞങ്ങളുടെ മറ്റ് ചില സുഹൃത്തുക്കളും സഹപാഠികളും അവിടെ പോവുകയും ചെയ്തിരുന്നു. അദ്ദേഹം വീണ്ടും നിർബന്ധിച്ചത് കൊണ്ട് ഡ്യൂട്ടി കഴിഞ്ഞ് വൈകീട്ട് വീട്ടിലേക്ക് പോകും വഴി അവിടെ കയറാം എന്ന് എന്റെ ഭർത്താവ് സമ്മതിച്ചു. പതിവ് പോലെ സ്റ്റേഷനിൽ നിന്നിറങ്ങുന്പോൾ എന്നെ വിളിക്കുകയും ഞങ്ങൾ ഇക്കാര്യം സംസാരിക്കുകയും ചെയ്തതാണ്.

ബൈക്കിൽ യാത്ര ചെയ്യവേ പായത്തെത്തിയ അദ്ദേഹം ഫോൺ വന്നതിനാൽ ബൈക്ക് റോഡ് സൈഡിൽ നിർത്തി സംസാരിച്ചു. ഞങ്ങളുടെ മറ്റൊരു സുഹൃത്തും അയൽവാസിയുമായ പൊലീസുകാരനാണ് വിളിച്ചത്. ഡ്യൂട്ടിക്ക് ശേഷം ദീർഘ ദൂരം ബൈക്ക് ഓടിച്ച് വന്നതിനാൽ ശരീരത്തിന് അസ്വസ്ഥത തോന്നി. അതുകൊണ്ട് ബൈക്ക് വച്ചതിന് ഒരു മീറ്റർ താഴത്തേക്ക്, ഫോണിൽ സംസാരിച്ചുകൊണ്ട് തന്നെ നടന്നു.(അതൊരു ഇറക്കമായിരുന്നു. മറ്റെവിടെയെങ്കിലും വണ്ടി നിർത്താൻ കഴിയുമായിരുന്നില്ല.) റോഡിൽ നിന്നും ആർക്കും നോക്കിയാൽ വണ്ടി കാണാം. അതായത് ഒളിപ്പിച്ച നിലയിലൊന്നും ആയിരുന്നില്ല എന്നർത്ഥം. മറ്റ് വാഹനങ്ങളും ആളുകളും ഒക്കെ ഈ സമയം റോഡിൽ ഉണ്ടായിരുന്നു. സുഹൃത്തിന്റെ വീടിന് ഏതാണ്ട് രണ്ട് കിലോമീറ്റർ ഇപ്പുറത്ത് വട്ടിയറ എന്ന സ്ഥലമായിരുന്നു അത്.

ഈ സമയം അവിടെയെത്തിയ നാല് പേർ എന്തിന് വന്നതാണ്, എന്ത് ചെയ്യുന്നു എന്ന രീതിയിൽ ചോദ്യം ചെയ്തു. അവർ നന്നായി മദ്യപിച്ചിരുന്നു. താൻ സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയാണെന്നും ഫോൺ വന്നപ്പോൾ വാഹനം നിർത്തിയതാണെന്നും മറുപടി നൽകിയിട്ടും അവർ സദാചാര പൊലീസ് ചമഞ്ഞ് ചോദ്യം ചെയ്യൽ തുടർന്നു. ബൈക്ക് എടുത്ത് പോകാൻ ശ്രമിച്ചെങ്കിലും പോകാൻ അനുവദിച്ചില്ല.

പൊലീസുകാരനാണെന്ന് പറഞ്ഞപ്പോൾ അവർ കൂടുതൽ ആളുകളെ വിളിച്ചു വരുത്തി. പതിനഞ്ചിലധികം ആളുകൾ കൂട്ടംകൂടി സഭ്യമല്ലാതെ സംസാരിക്കാൻ തുടങ്ങി. സുഹൃത്തിനെ വിളിച്ച് നിജസ്ഥിതി ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല. മഴ ചാറി തുടങ്ങിയെന്ന പേരും പറഞ്ഞ് അവർ ബലമായി സമീപത്തെ വീടിനടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. വീടിന്റെ മതിലിനകത്തേക്ക് കയറ്റി നിർത്തി, സംഘം ചേ‍ർന്ന് വളഞ്ഞായി പിന്നീട് ചോദ്യം ചെയ്യലും ഭീഷണിയും. ഇത് ചിലർ വീഡിയോയിൽ പകർത്തുകയും ചെയ്യുന്നുണ്ടായിരുന്നു.

ഭീഷണിയുടെ സ്വരത്തിലേക്ക് സംസാരം നീങ്ങിയപ്പോൾ ഇരിട്ടി സ്റ്റേഷനിലേക്ക് വിളിച്ച് ബന്ധപ്പെടാൻ ശ്രമിച്ചു, ഫോൺ എൻഗേജ്ഡ് ആയിരുന്നു. തൊട്ടടുത്ത് താമസിക്കുന്ന ഒരു പൊലീസുകാരൻ ബഹളം കേട്ട് എത്തുകയും അദ്ദേഹത്തെ തിരിച്ചറിയുകയും ചെയ്തു. പൊലീസുകാരൻ ആണെന്ന് തിരിച്ചറിഞ്ഞ അക്രമികൾ, രക്ഷപ്പെടാനായി പിന്നീട് അപമാനിക്കുന്ന രീതിയിൽ സംസാരിച്ചുകൊണ്ട് വീഡിയോ ചിത്രീകരിക്കാൻ തുടങ്ങി. കൂടിയെത്തിയ നാട്ടുകാരിൽ ഒരാൾ പൊലീസ് സ്റ്റേഷനിൽ വിളിച്ചപ്പോൾ ഫോൺ അറ്റൻ‍‍ഡ് ചെയ്തു.

തുടർന്ന് ഇരിട്ടി സ്റ്റേഷനിലെ മൊബൈൽ പെട്രോളിങ് യൂണിറ്റ് എസ്ഐയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി. അത്രനേരം ഉണ്ടായ സംഭവങ്ങളെ മറച്ചു വച്ച് തെറ്റായ കാര്യങ്ങളാണ് അക്രമികളിൽ ചിലർ എസ്ഐയെയോട് പറഞ്ഞത്. മദ്യപിച്ചിരുന്നു എന്നാണ് അവർ പറഞ്ഞത്. തുടർന്ന് ആൾക്കൂട്ടത്തെ പിരിച്ചു വിട്ട് ഡിപ്പാർട്ട്മെന്റ് വാഹനത്തിൽ അവിടെ നിന്നും അദ്ദേഹത്തെ രക്ഷപ്പെടുത്തുകയായിരുന്നു.
ഇരിട്ടി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധന നടത്തിയതിൽ നിന്ന് മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി. ജീവിതത്തിൽ ഒരിക്കൽ പോലും മദ്യപിക്കുകയോ യാതൊരുവിധ ലഹരി വസ്തുക്കളും ഉപയോഗിക്കുകയോ ചെയ്യാത്ത ആളാണ് എന്റെ ഭർത്താവ്.

സംഭവിച്ച കാര്യങ്ങൾ പൊലീസ് സ്റ്റേഷനിൽ മൊഴിയായി നൽകുകയും ചെയ്തു. ദേഹോപദ്രവം ഉണ്ടാവാത്തതിനാലും, കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്ന അവസ്ഥ ആയതിനാലും രേഖാമൂലം പരാതി നൽകിയില്ല. മറ്റ് പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ നൽകിയ മൊഴി മതിയെന്ന് സ്റ്റേഷനിൽ നിന്നും അറിയിച്ചു. പിന്നാലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ വിളിച്ചു. അദ്ദേഹത്തെയും യഥാർത്ഥ വിവരങ്ങൾ തന്നെ അറിയിച്ചു. വീട്ടിൽ മടങ്ങിയെത്തിയ ശേഷം ഞങ്ങൾ ഇക്കാര്യം വിശദമായി സംസാരിച്ചു. വളരെ ഡെസ്പായിരുന്ന അദ്ദേഹത്തെ ഞാൻ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

നടന്നത് കൃത്യമായും ഒരു സംഘം മദ്യപാനികളുടെ നേതൃത്വത്തിൽ നടന്ന സദാചാര പൊലീസിങ് ആണ്. എന്നാൽ പിറ്റേ ദിവസം മുതൽ കളി മാറി. സിപിഎമ്മിന്റെ സൈബർ ഗ്രൂപ്പുകളിലും വാട്ട്സ് അപ് ഗ്രൂപ്പുകളിലും ഫേസ് ബുക്കിലും അക്രമികൾ എടുത്ത വീഡിയോ ഉപയോഗിച്ച് എന്റെ ഭർത്താവിനെ വളരെ മോശമായി ചിത്രീകരിക്കുന്ന രീതിയിൽ പ്രചാരണം തുടങ്ങി. ഇടത് അനുകൂല പൊലീസ് അസോസിയേഷൻ ഭാരവാഹികൾ കണ്ണൂരിലെ പല ദൃശ്യമാധ്യമപ്രവർത്തകരെയും വിളിച്ച് എന്റെ ഭർത്താവിനെ അനാശ്യാസത്തിന് പിടികൂടിയെന്നാണ് പറഞ്ഞത്. ശത്രുതയുടെയും രാഷ്ട്രീയത്തിന്റെയും പേരിൽ അത്തരം ഒരു ദുഷ്പ്രചരണത്തിന് അവർ തന്നെ ചുക്കാൻ പിടിച്ചു.

തൊട്ടടുത്ത ദിവസം രാവിലെ ദേശാഭിമാനി പത്രത്തിൽ തീർത്തും നിലവാരമില്ലാതെ, ഹീനമായ ഭാഷയിൽ ഒരു വാർത്തയും പ്രത്യക്ഷപ്പെട്ടു. ഞങ്ങളുടെ വീടുള്ള സ്ഥലത്തെക്കുറിച്ചും ജോലിസ്ഥലത്തെക്കുറിച്ചും കൃത്യമായ വിവരം നൽകി, ഐഡന്റിറ്റി വെളിപ്പെടുത്തുന്ന രീതിയിലായിരുന്നു ആ വാർത്ത. അസമയത്ത് നാട്ടുകാർ പിടികൂടിയ പൊലീസുകാരനെതിരെ അന്വേഷണം എന്നാണ് വാർത്തയിൽ പറയുന്നത്. ബഹുമാനപ്പെട്ട ലേഖകനോട് ഒരു ചോദ്യം. അല്ലയോ സർ ഏതാണ് താങ്കൾ വിവക്ഷിക്കുന്ന ഈ അസമയം? രാത്രി പത്തിന് ശേഷം എന്നും, അർധരാത്രിയെന്നും വാർത്തയിൽ പറയുന്നു. അതാണോ താങ്കൾ ഉദ്ദേശിച്ച അസമയം. ആ സമയത്ത് ഒരാൾക്ക് റോഡിലൂടെ യാത്ര ചെയ്യാൻ പാടില്ല എന്നാണോ? ബൈക്ക് നിർത്തി താഴെ ഇറങ്ങി ഫോൺ ചെയ്യാൻ പാടില്ല എന്നാണോ? രാത്രിയിലെ പെൺനടത്തം ഒക്കെ ആഘോഷമാക്കിയ സംസ്ഥാനമല്ലേ ഇത്?

പിന്നീട് പറയുന്നത് കാർപോർച്ചിൽ ഒളിച്ചിരുന്നു എന്നാണ്. ഏത് വീടിന്റെ ഏത് കാർപോർച്ചിൽ ഒളിച്ചിരുന്നു എന്നാണ് പറയുന്നത്? റോഡിൽ നിന്ന ഒരാളെ നിർബന്ധമായി 15 പേരിലധികം വരുന്ന സംഘം തടഞ്ഞുവച്ച്, ആളില്ലാത്ത വീടിന്റെ മതിലിനകത്തേക്ക് മാറ്റി നിർത്തി സംസാരിക്കുകയായിരുന്നു. സൈബർ ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വീഡിയോയിലും അക്കാര്യം പറയുന്നുണ്ട്. മഴ വന്നപ്പോൾ മാറി നിന്നു എന്ന്. വീഡിയോയിൽ അവർ പരാമർശിക്കുന്ന വീട്ടിലുള്ളവർ ബഹളം കേട്ടപ്പോൾ മാത്രമാണ് പുറത്തിറങ്ങി വന്നത്.

രാഷ്ട്രീയ പക പോക്കലിന്റെ ഭാഗമായി എന്തും എഴുതി വിടാം. പക്ഷേ അതിന് മാധ്യമധർമം എന്ന് വിളിക്കുന്നത് അശ്ലീലമാണ്. പൊലീസ് രഹസ്യങ്ങൾ സ്വകാര്യ ചാനലിന് ചോർത്തി നൽകിയതിന് പാലക്കാട്ടേക്ക് സ്ഥലംമാറ്റി എന്നാണ് വാർത്തയിൽ പറയുന്നത്. സർ ആ വിവരം താങ്കൾക്ക് എവിടെ നിന്നാണ് കിട്ടിയത്? അത്തരം ഒരു കണ്ടെത്തലും ഇതുവരെ ഇല്ല എന്നതാണ് വസ്തുത. ദേശാഭിമാനിയിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. ഇതിന് മുന്പ് ഞാൻ റിപ്പോർട്ടർ ചാനലിൽ കണ്ണൂരിൽ ജോലി ചെയ്യുന്ന സമയത്ത് ഷുഹൈബ് വധക്കേസിലെ വാർത്തകൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ പാർട്ടി പത്രവും സിപിഎമ്മും ഇടത് അനുകൂല പൊലീസ് അസോസിയേഷനിലെ അംഗങ്ങളും ഉപദ്രവിച്ചതിന് കണക്കില്ല. വാർത്ത എഴുതിയ ന്യൂസ് എഡിറ്റർ പിന്നീട് ഫോണിൽ വിളിച്ച് മാപ്പ് പറയുകയും, വ്യക്തിവിരോധമല്ല പ്രത്യയശാസ്ത്രപ്രശ്നമാണെന്ന് പറയുകയും ചെയ്തു. അദ്ദേഹം പറഞ്ഞ ആ പ്രത്യയശാസ്ത്രം
എന്തുകൊണ്ടോ എനിക്ക് മനസ്സിലായില്ല.

പത്രത്തിന്റെ ഇരിട്ടി ലേഖകനെ ഒരു കാര്യം മാത്രം ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. അങ്ങയുടെ മകൻ സംവിധാനം ചെയ്ത ഒരു സിനിമയുണ്ട്. സദാചാര പൊലീസിങ്ങിനെതിരെ സംസാരിക്കുന്ന ഒരു സിനിമയാണത്. അത് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെയാകെ റദ്ദ് ചെയ്യുന്നതാണ് താങ്കൾ എഴുതിയ വാർത്ത. ഇരിട്ടി പൊലീസ് സ്റ്റേഷനിൽ നൽകിയ മൊഴി പരിശോധിച്ചാൽ പോലും താങ്കൾക്ക് വ്യക്തത വന്നേനെ. വീണ്ടും മാധ്യമധർമം ഓർമിപ്പിക്കുകയല്ല, പക്ഷേ ആ പക്ഷം കൂടി ഉൾക്കൊള്ളിക്കാൻ താങ്കൾക്ക് എന്തായിരുന്നു തടസ്സം? ഞങ്ങളുടെ സുഹൃത്ത് മിലിറ്ററി ഉദ്യോഗസ്ഥനെ സ്റ്റേഷനിൽ നിന്ന് വിളിക്കുകയും അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടല്ലോ. തന്റെ വീട്ടിലേക്കാണ് വന്നത് എന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞിട്ടും മറ്റൊന്നാണ് കഥയെന്ന് വരുത്തി തീർക്കാൻ എന്താണ് വ്യഗ്രത.

ഇനി അനാശാസ്യം എന്ന് പാടി നടക്കുന്നവരോട്. റോഡിൽ നിന്നിരുന്ന ഒരാളെ നിങ്ങൾ എങ്ങനെയാണ് പിടികൂടി എന്ന് പറയുന്നത്? നിങ്ങൾ തന്നെ പ്രചരിപ്പിക്കുന്ന വീഡിയോയിൽ കാണാം.( രതീഷ്, രാഹുൽ , വിഷ്ണു തുടങ്ങിയവർ ആക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്നെന്ന് വീഡിയോയിൽ തന്നെ വ്യക്തമാണ്) അദ്ദേഹം ഏതെങ്കിലും വീടിന്റെ ഉള്ളിലല്ല നിൽക്കുന്നത്. മാന്യമായി വസ്ത്രം ധരിച്ച്, മാസ്കും ഇട്ട് , ഡ്യൂട്ടി കഴിഞ്ഞ് വരുന്ന അതേ വേഷത്തിൽ നിങ്ങൾ തെറ്റിദ്ധരിച്ചതാണെന്ന് മാന്യമായാണ് പ്രതികരിക്കുന്നത്. സുഹൃത്തിന്റെ ഭാര്യയെ കാണാൻ പോയെന്ന് പാടി നടക്കുന്നണ്ടല്ലോ. അവർ ഭർത്താവിനൊപ്പം അദ്ദേഹത്തിന്റെ ജോലി സ്ഥലത്താണ് ഉള്ളത്.

പിന്നെ എന്താണ് പ്രചരിപ്പിക്കുന്നതിനർത്ഥം. വ്യക്തതയില്ലാത്തത് നിങ്ങളുടെ ദുഷ്പ്രചരണങ്ങൾക്കാണ്. ഒരാൾക്ക് യാ്ത്ര ചെയ്യുന്നതിനും സുഹൃത്തിന്റെ വീട്ടിൽ പോകുന്നതിനും നിങ്ങളുടെ സ്വഭാവ സർട്ടിഫിക്കറ്റ് വേണമെന്നാണോ? റോഡിൽ നിന്ന് ഫോൺ ചെയ്താൽ അയാൾ മോഷ്ടാവാണ് എന്നാണോ?
കഴിഞ്ഞ മൂന്ന് വർഷമായി, കൃത്യമായി പറഞ്ഞാൽ ഷുഹൈബ് വധത്തിന് ശേഷം അതിഭീകരമായ മാനസിക പീഡനമാണ് ഞാനും ഭർത്താവും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ദേശാഭിമാനി വാർത്തക്ക് പുറമെ ഇടത് അനുകൂല പൊലീസുകരുടെ ഗ്രൂപ്പുകളിൽ വ്യാപകമായ ഭീഷണിയാണ് ഉണ്ടായത്. ക്യാർട്ടേഴ്സിൽ കയറി തല്ലും കൊല്ലും കാൽവെട്ടും എന്നൊക്കെയാണ് പൊലീസുകാർ തന്നെ ഭീഷണി മുഴക്കിയത്.

എന്റെ ഭർത്താവിന്റെ യൂണിഫോമിട്ട ഫോട്ടോ സൈബർ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചുകൊണ്ടുള്ള ഭീഷണി വേറെയും. മട്ടന്നൂർ കോടതിക്ക് മുന്നിൽ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമം ഉണ്ടായി. ഞാൻ ബസിൽ യാത്ര ചെയ്യുന്പോൾ ഒരു സംഘം ആളുകൾ പിൻതുടർന്നു. എന്റെ പിഞ്ചുകുഞ്ഞുങ്ങളെ മാസങ്ങളോളം സ്കൂളിലും ഡേ കെയറിലും വിടാൻ പറ്റാത്ത വിധം പേടിപ്പെടുത്തുന്ന അവസ്ഥ. എന്തും ചെയ്യാൻ മടിക്കാത്തവരാണെന്ന് നേരിട്ട് ബോധ്യം വന്ന ദിവസങ്ങൾ.

ഭീഷണിയെക്കുറിച്ച് ഞാൻ നൽകിയ പരാതി ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചത്. ഒരു സ്ത്രീയാണെന്ന പരിഗണന പോലും തരാതെയുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ ചോദ്യം ചെയ്യൽ ഒരിക്കലും മറക്കാനാവില്ല. നിന്റെ ഭർത്താവ് രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടല്ലേടി എന്ന് തുടങ്ങി വാദി പ്രതിയായ അവസ്ഥ. മാനസികമായി അത്രയും തകർന്നിരിക്കുന്ന അവസ്ഥയിൽ ആ ഹരാസ്മെന്റ് സഹിക്കാനാവാതെ അവിടിരുന്നു പൊട്ടിക്കരഞ്ഞുപോയി. അന്വേഷണത്തിന് ഒടുവിൽ അദ്ദേഹം നൽകിയ റിപ്പോർട്ട് അവർ പറഞ്ഞതെല്ലാം തമാശയാണെന്നാണ്. തല്ലും കൊല്ലും എന്നൊക്കെ ഭീഷണിപ്പെടുത്തുന്നതിലെ തമാശ ഇതുവരെ മനസ്സിലായിട്ടില്ല. പരാതി, അന്വേഷണം തുടങ്ങിയ പ്രഹസനങ്ങൾ അതോടുകൂടി മതിയായി.

പിന്നീടും എന്റെ ഭർത്താവിനെതിരെ പകപോക്കൽ നടപടികൾ തുടർന്നു. മൂന്ന് വർഷത്തിനിടെ ഏഴ് തവണയാണ് അദ്ദേഹത്തെ ട്രാൻസ്ഫർ ചെയ്തത്. ലോക്ഡൗൺ സമയത്ത് ഏഷ്യാനെറ്റ് ന്യൂസിന് വേണ്ടി ഒരു മാസം ഞാൻ കണ്ണൂരിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യേണ്ടി വന്നു. പൊലീസിന്റെ കൊവിഡ് ആപ്പിൽ നിന്നും രോഗികളുടെ വിവരങ്ങൾ ചോ‍ർന്നെന്ന വാർത്ത ആ സമയത്താണ് റിപ്പോർട്ട് ചെയ്യുന്നത്. മറ്റ് ചാനലുകൾക്ക് പിന്നാലെ മൂന്നാമതോ നാലാമതോ ആയാണ് ഞാനാ റിപ്പോർട്ട് കൊടുക്കുന്നത്. വാർത്ത സ്ഥിരീകരിക്കാൻ അത്രയും സമയം എടുത്തു എന്നതാണ് സത്യം.

സിഐ മുതൽ മുകളിലേക്ക് റാങ്കിങ് ഉള്ള ഉദ്യോഗസ്ഥർക്ക് നൽകിയ ഒരു ഗൂഗിൾ മാപ്പ് ലിങ്കിൽ നിന്നാണ് കൊവിഡ് രോഗികളുടെ ഫോൺ നമ്പർ അടക്കം ചോർന്നത്. കൃത്യമായ സുരക്ഷ ഇല്ലാതെ അത് തയ്യാറാക്കിയതാണ് ചോരാൻ കാരണമായത്. ലിങ്കിനൊപ്പം നൽകിയ മെയിലിൽ നിന്നും അത് തയ്യാറാക്കിയ സൈബർ സെല്ലിലെ ഉദ്യോഗസ്ഥനെ ഞാൻ ഫോണിൽ വിളിച്ചു. വിവരം ചോർന്നത് സത്യമാണെന്നും ആ ലിങ്ക് ലോക്ക് ചെയ്തെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. (ഫോൺ റെക്കോർഡ് കയ്യിലുണ്ട്). ജില്ലാകലക്ടറും അത്തരം ലിങ്ക് വാട്സ് അപ് ഗ്രൂപ്പുകളിൽ വന്നെന്നും വിവരചോർച്ചയുണ്ടെന്നും സർക്കാരിന് റിപ്പോർട്ട് നൽകി. അത്രയും ആധികാരികമായിരുന്നു ആ വാർത്ത.

എന്നാൽ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി എന്റെ ഭർത്താവാണ് വാ‍ർ‍ത്ത ചോർത്തി നൽകിയതെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടു. എന്റെയും ഭർത്താവിന്റെയും ഫോട്ടോകൾ ഉപയോഗിച്ച് സൈബർ ആക്രമണത്തിന് ആഹ്വാനം ചെയ്ത് ഭീഷണിയുടെ സ്വരത്തിലായിരുന്നു പോസ്റ്റ്. ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം കിട്ടുന്ന ലിങ്ക് ആണ് അതെന്ന് ഓർക്കണം. ഭീഷണി പോസ്റ്റിനെതിരെയും പരാതി നൽകി. പക്ഷേ അതിൻമേൽ ഒരന്വേഷണം ഉണ്ടായില്ലന്ന് മാത്രമല്ല, അകാരണമായി കണ്ണൂർ ജില്ലയിൽ നിന്നും പാലക്കാട്ടേക്ക് സ്ഥലം മാറ്റുകയാണ് ചെയ്തത്. കൊവിഡ് രൂക്ഷമായ സമയത്ത്, ലോക്ഡൗൺ നിലനിൽക്കുന്പോഴായിരുന്നു ഈ നടപടികൾ.

സുരക്ഷയില്ലാതെ ലിങ്ക് തയ്യാറാക്കിയ പൊലീസുകാരനെതിരെ ഒരന്വേഷണവും ഉണ്ടായില്ല. കാരണം അദ്ദേഹം ഭരണ അനുകൂല പൊലീസ് അസോസിയേഷൻ അംഗമായിരുന്നു. വിചിത്രമെന്ന് തോന്നാമെങ്കിലും അതാണ് യാഥാർത്ഥ്യം. ജില്ല മാറി സ്ഥലം മാറ്റിയ അസാധാരണ നടപടിക്കെതിരെ ഡിജിപിക്ക് പരാതി നൽകി. പൊലീസ് ഹെഡ് ക്വാട്ടേഴ്സിൽ നിന്ന് നടത്തിയ അന്വേഷണത്തിൽ, നിജസ്ഥിതി ബോധ്യപ്പെടുകയും കോഴിക്കോടേക്ക് സ്ഥലം മാറ്റുകയും ചെയ്തു.

രാവും പകലും ഇല്ലാതെ കൊവിഡ് ഡ്യൂട്ടി. അവധി പോലും ഇല്ലാത്ത അവസ്ഥ. നിരന്തരം ട്രാൻസ്ഫർ. പ്രായമായ അച്ഛനമ്മമാർ ഉൾപ്പടെ കുടുംബമാകെ മാനസികമായി തകർന്നു. കുഞ്ഞുങ്ങളും മാനസിക സമ്മർദ്ദത്തിലായി. ഈ സാഹചര്യത്തിലാണ് ഞാൻ ജോലി വിടുന്നത്. എന്ത് കാര്യത്തിന് എന്ന് പലരും ചോദിച്ചു. അനുഭവിച്ചാൽ മാത്രം മനസ്സിലാകുന്ന അവസ്ഥയാണെന്നേ എനിക്കതേക്കുറിച്ച് പറയാനുള്ളൂ. തെരഞ്ഞെടുപ്പ് റിസൽട്ട് വന്ന ശേഷം വാട്സ് ഗ്രൂപ്പുകളിൽ വ്യാപകമായി വീണ്ടും ഭീഷണി തുടങ്ങി. യുഡിഎഫ് അനുകൂല അസോസിയേഷനിൽ പ്രവർത്തിച്ചതുകൊണ്ട് എന്റെ ഭർത്താവിനെ കണ്ണൂരിൽ കാലുകുത്തിക്കില്ലെന്നും പണി കളയുമെന്നും ആയിരുന്നു ഭീഷണി. ഏത് നിമിഷവും അടുത്ത ട്രാൻസ്ഫർ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. എന്നാൽ അതിനേക്കാൾ ഭീകരമായ ടോർച്ചറിങ് ആണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.

ഹീനമായ രീതിയിൽ വ്യക്തിഹത്യ നടത്തുകയാണ്. സ്പെഷ്യൽബ്രാഞ്ച് റിപ്പോർട്ട് തിരുത്തി, നടപടിയെടുക്കാനുള്ള നീക്കം തകൃതിയായി നടക്കുന്നു. അപ്പോൾ പരാതി നൽകിക്കൂടെ എന്ന് ചോദിക്കാം. മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ പറയട്ടെ. ചിലരുടെ തിട്ടൂരം മാത്രമേ ഇവിടെ നടപ്പാവൂ. എന്തായാലും പരാതി നൽകിയിട്ടുണ്ട്. മൂന്ന് വർഷമായി അനുഭവിക്കുന്ന മെന്റൽ ട്രോമ ഊഹിക്കാവുന്നിലും അപ്പുറമാണ്. പേടിച്ച് ജീവിക്കേണ്ട അവസ്ഥ.. ഞങ്ങളുടെ ആകെയുള്ള സന്പാദ്യവും ലോണും സുഹൃത്തുക്കളുടെ സഹായവും ഒക്കെ ചേർത്ത് ഒരു ചെറിയ സ്ഥലം കണ്ണൂരിൽ വാങ്ങിയിരുന്നു. അത് വിറ്റ് അവിടെ നിന്നും പലായനം ചെയ്യേണ്ട അവസ്ഥ. സാമൂഹിക മാധ്യമങ്ങളിൽ അഭിപ്രായം പറയാൻ പേടിക്കേണ്ട അവസ്ഥ. ഞാൻ ഒരു പോസ്റ്റ് ഇട്ടാൽ അത് എന്റെ ഭർത്താവിന്റെ ജോലി തെറിപ്പിക്കാൻ ഉപയോഗിക്കുന്ന അവസ്ഥ. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് അവർ തന്നെ വീണ്ടും വീണ്ടും വാചാലരാകും.

അഞ്ച് വർഷം പൊലീസ് കമ്മ്യൂണിറ്റിയിൽ ജീവിച്ചവരാണ് ഞങ്ങൾ. ഏആർ ക്യാന്പിലെ പൊലീസ് ക്വാട്ടേഴ്സിൽ. നൂറോളം കുടുംബങ്ങൾക്കിടയിൽ. ഒരാളെയും ബുദ്ധമുട്ടിക്കുന്ന ഒരു കാര്യവും ചെയ്തിട്ടില്ല. ഒരു വാക്കു കൊണ്ടോ നോക്കു കൊണ്ടോ പോലും. അക്കാര്യത്തിൽ ആർക്കെങ്കിലും പരാതി ഉണ്ടെന്നും തോന്നുന്നില്ല. ജോലിക്കിടയിലും വ്യക്തി ജീവിതത്തിലും അത്രയും മാന്യത പുലർത്തുന്നയാളാണ് എന്റെ ഭർത്താവ്. സംഘടനാ പ്രവർത്തനം നടത്തി എന്നതിന്റെ പേരിൽ മാത്രം ഒരാളെ അപമാനിക്കുകയും മോശക്കാരനായി ചിത്രീകരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുകയാണ്. അതാണ് വേദനിപ്പിക്കുന്നത്.

ആരുടെയും സഹതാപമോ പിന്തുണയോ തേടിയല്ല പോസ്റ്റ്. നിരവധി തവണ എഴുതാൻ ശ്രമിച്ചെങ്കിലും പേടിച്ചിട്ട് തന്നെയാണ് എഴുതാഞ്ഞത്. ഇതൊക്കെ നിസ്സാരമെന്ന് തോന്നുന്നവർ ഉണ്ടാകാം. പക്ഷേ നാളെ ആർക്കും ഇത്തരം അവസ്ഥ ഉണ്ടാകാം എന്ന് ഓർമിപ്പിക്കാൻ ആഗ്രഹിക്കുകയാണ്. സദാചാര പൊലീസുകാരും അവർക്ക് ചൂട്ട് പിടിക്കുന്നവരും എവിടെയും പതുങ്ങിയിരുപ്പുണ്ട്. അത്തരക്കാരെ പിന്തുണക്കാൻ , മനുഷ്യത്വത്തെക്കുറിച്ച് പാടുമെങ്കിലും, അതാകെ റദ്ദ് ചെയ്ത്, ജനാധിപത്യത്തിന്റെ കുപ്പായമിട്ട ഫാസിസ്റ്റുകളായി ഇറങ്ങും. ജാഗ്രത....

വിഷമഘട്ടങ്ങളിലെല്ലാം പിന്തുണച്ച ചില നല്ല സുഹൃത്തുക്കളുണ്ട്. അതിൽ എല്ലാ രാഷ്ട്രീയ വിശ്വാസികളും ഉണ്ട്.അവരെ ഹൃദയത്തോട് ചേർക്കുന്നു. ഈ പോസ്റ്റിന് താഴെ ഒരു ചർച്ചക്ക് പറ്റുന്ന ഒരു മാനസികാവസ്ഥയിലല്ല. ഞാൻ എഴുതിയ വസ്തുതകൾ നിങ്ങൾക്ക് വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം. അത് ഓരോരുത്തരുടെയും ഇഷ്ടം. ആരോടും പരിഭവവും പരാതിയുംഇല്ല. വളരെ മോശമായ ചർച്ചക്ക് പലരും ഈ പോസ്റ്റ് ഉപയോഗിക്കുമെന്നും ഇതിലും വലിയ ആക്രമണമാണ് കാത്തിരിക്കുന്നതെന്നും അറിയാം.
അവസാനമായി ഒരു കാര്യമേ പറയാനുള്ളൂ. ഇനിയും വേട്ടയാടി മതിയായില്ലെങ്കിൽ കാൾടെക്സ് ജങ്ഷനിൽ വന്ന് നിൽക്കാം. തല ഉയർത്തിപ്പിടിച്ച് തന്നെ. ഞങ്ങളും കുഞ്ഞുങ്ങളും. ഒറ്റവെട്ടിന് തീർത്തേക്കണം.

Keywords:   News, Kerala, Kannur, Social Media, Facebook, Fake, Journalist, Viral, Journalists fb post goes viral.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script