Demand | മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് എതിരെ നടപടിയെടുക്കണമെന്ന് കെ യു ഡബ്ല്യു ജെ
'മന്ത്രി എം ബി രാജേഷിന്റെ വാർത്താ സമ്മേളനം റിപ്പോർട്ട് ചെയ്യാനെത്തിയ മീഡിയവൺ റിപ്പോർട്ടർ സിജോ സുധാകരൻ ഉൾപ്പെടെയുള്ള മാധ്യമ പ്രവർത്തകരെയാണ് ആക്രമിച്ചത്'
കണ്ണൂര്‍: (KVARTHA) മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ക്യാമറ നശിപ്പിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സ് (KUWJ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
സെക്രട്ടേറിയറ്റിനുളളില്‍ ഗുണ്ടായിസം കാണിച്ച ജീവനക്കാരുടെ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും പറഞ്ഞു. ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂണിയന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
മന്ത്രി എം ബി രാജേഷിന്റെ വാര്‍ത്താ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനാണ് മാധ്യമ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റില്‍ എത്തിയത്. വാര്‍ത്താ സമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ സെക്രട്ടേറിയറ്റിനുളളിലെ സബ് ട്രഷറിക്ക് മുന്നില്‍ ഒരു കൂട്ടം ജീവനക്കാര്‍ മറ്റൊരു ജീവനക്കാരനെ കൈയ്യേറ്റം ചെയ്യുന്നതും അസഭ്യം പറയുന്നതും മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ സിജോ സുധാകരന്റെ ശ്രദ്ധയില്‍ പെട്ടു.
അവിടേക്ക് ചെന്ന സിജോയുടെ ഫോണ്‍ പിടിച്ചു വാങ്ങാന്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട ചില ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. മീഡിയവണ്‍ ക്യാമറമാന്‍ മുഹമ്മദ് അസ്ലമിനെയും ഇവര്‍ കയ്യേറ്റം ചെയ്യുകയും ക്യാമറയില്‍ അടിക്കുകയും ചെയ്തു. ക്യാമറ തല്ലി പൊട്ടിക്കുമെന്നും ഇവരില്‍ ഒരാള്‍ ഭീഷണിപ്പെടുത്തി. മീഡിയവണ്‍ ഡ്രൈവര്‍ സജിന്‍ലാലിനെയും ഇവര്‍ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ഭാരവാഹികള്‍ ആരോപിച്ചു.