Obituary |  ശ്രുതി ജെന്‍സനെ കാണാനെത്തിയപ്പോള്‍ ആശുപത്രി സാക്ഷ്യം വഹിച്ചത് അതിവൈകാരിക രംഗങ്ങള്‍ക്ക്; സംസ്‌കാരം വൈകിട്ട് 

 
Jensen's Funeral: Emotional Scenes as Shruti Visits

Photo Credit: Facebook / MV Govindan Master

ADVERTISEMENT

● ശസ്ത്രക്രിയയ്ക്കുശേഷം കല്‍പറ്റയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ശ്രുതി
● എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ബന്ധുക്കള്‍ 

കല്‍പറ്റ: (KVARTHA) വെള്ളാരംകുന്നില്‍ വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയ ജെന്‍സന്റെ സംസ്‌കാരം വൈകിട്ട് നടത്തും. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ നിന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി. പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് അമ്പലവയല്‍ ആണ്ടൂര്‍ ഗ്ലോറിസ് ഓഡിറ്റോറിയത്തില്‍ നടത്തുന്ന പൊതുദര്‍ശനത്തിനുശേഷം ആണ്ടൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. 

Aster_MIMS

 

സംസ്‌കാരം വൈകിട്ട് നാലു മണിയോടെ ആണ്ടൂര്‍ നിത്യസഹായ മാതാ പള്ളി സെമിത്തേരിയില്‍ നടക്കും. അതേസമയം, പ്രതിശ്രുത വരന്‍ ജെന്‍സന്റെ മരണവിവരം ശ്രുതിയെ ബന്ധുക്കള്‍ അറിയിച്ചു. ജെന്‍സന്‍ ജീവിതത്തിലേക്കു തിരിച്ചുവരാന്‍ സാധ്യതയില്ലെന്ന് ഉറപ്പിച്ചതോടെ ബുധനാഴ്ച രാത്രിയില്‍ മരിക്കുന്നതിനു മുമ്പ് തന്നെ മേപ്പാടിയിലെ ആശുപത്രിയില്‍ എത്തിച്ച് ശ്രുതിയെ ജെന്‍സനെ കാണിച്ചിരുന്നു. 

 

വാഹനാപകടത്തില്‍ പരുക്കേറ്റ ശ്രുതി ശസ്ത്രക്രിയയ്ക്കുശേഷം കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്രുതിയെ, മേപ്പാടിയിലെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അതിവൈകാരിക രംഗങ്ങള്‍ക്കാണ് ആശുപത്രി സാക്ഷ്യം വഹിച്ചത്.

 

ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജെന്‍സന്‍ ബുധനാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. അമ്മയെ അടക്കിയ സ്ഥലം കാണാന്‍ പുത്തുമലയിലെ പൊതുശ്മാശാനത്തില്‍ എത്തിയതായിരുന്നു ശ്രുതിയും ജെന്‍സനും. അതിനിടെയാണ് അപകടം സംഭവിച്ചത്. 

 

ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ശ്രുതിയുടെ അമ്മ സബിത, അച്ഛന്‍ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവര്‍ മരിച്ചിരുന്നു. അച്ഛന്റെ രണ്ട് സഹോദരങ്ങള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഒമ്പത് പേരെ ദുരന്തത്തില്‍ നഷ്ടമായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു ശ്രുതി. മേപ്പാടി പഞ്ചായത്തിലെ പത്താം വാര്‍ഡ് മുന്‍ മെമ്പര്‍ കൂടിയായിരുന്നു അമ്മ സബിത. കല്‍പ്പറ്റ എന്‍ എം എസ് എം ഗവ കോളേജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായിരുന്നു അനുജത്തി ശ്രേയ. 

ശ്രുതിയുടെ അച്ഛന്‍ കെട്ടുപണിക്കാരനും അമ്മ ഷോപ്പില്‍ ജോലി ചെയ്യുകയുമായിരുന്നു. പുതിയ വീടും വിവാഹത്തിനായി കരുതിവച്ചിരുന്ന നാലുലക്ഷം രൂപയും 15 പവന്‍ സ്വര്‍ണവും ഒലിച്ചുപോയി. ഉരുള്‍പൊട്ടലിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ അച്ഛനെയും അനിയത്തിയേയും തിരിച്ചറിഞ്ഞ് സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഡിഎന്‍എ പരിശോധനയുടെ ഫലം വന്ന ശേഷമാണ് അമ്മയെ തിരിച്ചറിഞ്ഞത്. എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞ ശ്രുതിക്ക് കൂട്ടായി ജെന്‍സനുണ്ടായിരുന്നു. ആ കൂട്ടാണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്.  

രണ്ട് മത വിഭാഗങ്ങളില്‍ നിന്നുള്ള ശ്രുതിയും ജെന്‍സനും സ്‌കൂള്‍ കാലം മുതല്‍ സുഹൃത്തുക്കളാണ്. പിന്നീട് പ്രണയത്തിലാകുകയും വിവാഹനിശ്ചയത്തിലെത്തുകയുമായിരുന്നു. ഈ ഡിസംബറില്‍ നടത്താനിരുന്ന വിവാഹം ശ്രുതിയുടെ ഉറ്റവര്‍ എല്ലാവരും ദുരന്തത്തില്‍പ്പെട്ട് മരിച്ചതിനാല്‍ നേരത്തെ ആക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹന് ഗുരുതരമായി പരുക്കേറ്റത്. തുടര്‍ന്ന് മേപ്പാടിയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

എല്ലാം നഷ്ടപ്പെട്ട ശ്രുതിയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ വിഷമിച്ചിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.

#KeralaNews, #WayanadTragedy, #AccidentNews, #EmotionalScenes, #Funeral, #ShrutiAndJensen

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia