ജയരാജനും മാവേലിയെ കാണാന്‍ ജയിലിന് പുറത്തേക്ക്

 


ജയരാജനും മാവേലിയെ കാണാന്‍ ജയിലിന് പുറത്തേക്ക്
കണ്ണൂര്‍: അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും ഒടുവില്‍ കോടതി ജാമ്യം അനുവദിച്ചത് പാര്‍ട്ടീ പ്രവര്‍ത്തകരില്‍ പുത്തനുണര്‍വേകും. നേരത്തെ കോടതിയലക്ഷ്യ കേസില്‍ എം.വി. ജയരാജന് ജാമ്യം കിട്ടിയപ്പോഴുണ്ടായതുപോലുള്ള സ്വീകരണ പരിപാടികളും മറ്റും സി.പി.എം. സംഘടിപ്പിക്കുമോ എന്നകാര്യം സംശയമാണ്. ഷുക്കൂര്‍ വധക്കേസിലെ മുപ്പത്തിരണ്ടാം പ്രതിയായി റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പി. ജയരാജന് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുകയോ ചെയ്യരുതെന്നും സമാനമായ മറ്റ് കുറ്റകൃത്യങ്ങളിലേര്‍പ്പെടുകയോ ചെയ്യരുതെന്നുമുള്ള കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. 25,000 രൂപയ്ക്കും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യത്തിലുമാണ് ജയരാജന് ജാമ്യം അനുവദിച്ചത്. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ജയരാജന്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യവും കോടതി നിരാകരിച്ചു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ ജയരാജന്‍ ജില്ലയില്‍ പ്രവേശിക്കുന്നത് തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

ഓണത്തോടനുബന്ധിച്ച് നാല് ദിവസങ്ങളില്‍ കോടതി അവധിയായതിനാല്‍ ജാമ്യ ഉത്തരവ് ഉടന്‍തന്നെ ഫാക്‌സ് ആയി കണ്ണൂര്‍ കോടതിയിലെത്തിക്കാനും കോടതി നിര്‍ദേശിച്ചു. കേസിന്റെ അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു ജയരാജന്റെ അഭിഭാഷകന്റെ വാദം. നേരത്തെ വിചാരണക്കോടതിയും ഹൈക്കോടതിയും ജയരാജന് ജാമ്യം നിഷേധിച്ചിരുന്നു. ജയരാജന്റെ അറസ്റ്റിന് ശേഷമുണ്ടായ അക്രമസംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം നിഷേധിച്ചത്. എന്നാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി എപ്പോഴും ജാമ്യം നിഷേധിക്കാനാകില്ലെന്ന് ജാമ്യം അനുവദിച്ച അവധിക്കാല ബെഞ്ച് വ്യക്തമാക്കി.

അക്രമത്തിന് ആഹ്വാനം ചെയ്തത് ജയരാജനല്ലെന്നും കോടതി നിരീക്ഷിച്ചു. ഷുക്കൂറിന്റെ കൊലപാതക വിവരം മുന്‍കൂട്ടി അറിഞ്ഞിട്ടും മറച്ചുവെച്ചതിന്റെ പേരില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 118-ാം വകുപ്പ് പ്രകാരമാണ് ജയരാജനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ഈ മാസം ഒന്നുമുതല്‍ ജയരാജന്‍ റിമാന്‍ഡിലാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അദ്ദേഹത്തെ രണ്ടാം ഘട്ട റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് രാവിലെ കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവ് വന്ന ശേഷം കേസ് പരിഗണിച്ചാല്‍ മതിയെന്ന തീരുമാനത്തില്‍ കോടതി ഇക്കാര്യം മാറ്റിവെച്ചിരിക്കുകയായിരുന്നു. ഈ കേസില്‍തന്നെ പ്രതിയായ ടി.വി. രാജേഷ് എം.എല്‍.എയ്ക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

എം.എല്‍.എ എന്ന നിലയില്‍ അദ്ദേഹത്തിന്റെ മണ്ഡലത്തിലെ താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ടതുള്ളതിനാലാണ് കോടതി ജാമ്യം അനുവദിച്ചത്. പി ജയരാജനെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ സി പി എം ഉയര്‍ത്തിയ കലാപം ഹൈക്കോടതി വളരെ ഗൗരവത്തോടെയാണ് നിരീക്ഷിച്ചത്. പൊതുമുതലും സ്ഥാപനങ്ങളും തകര്‍ത്ത് ഒരു വ്യക്തിയുടെ പേരില്‍ സമൂഹത്തിന്റെ സ്വാതന്ത്ര്യം തന്നെ തച്ചുടക്കുന്ന സി പി എം നിലപാടിനോട് ഹൈക്കോടതിയും പ്രതികരിക്കുകയുണ്ടായി. കോടതിക്ക് കല്ലെറിഞ്ഞും ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയും നിയമം കൈയിലെടുത്തും സി പി എം നേതൃത്വമാണ് പരമാധികാരികളെന്ന മട്ടില്‍ പെരുമാറി അപഹാസ്യരായവര്‍ ഇപ്പോള്‍ പത്തിമടക്കിയിരിക്കുകയായിരുന്നു.

കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് ജയരാജന്‍ പോലീസ് മുമ്പാകെ ഹാജരായത് അണികള്‍ക്കൊപ്പം പ്രകടനം നയിച്ചുകൊണ്ടായിരുന്നു. മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം ജയരാജന്റെ അറസ്റ്റിനു ശേഷം സി പി എം കണ്ണൂരിലെന്നല്ല സംസ്ഥാനത്താകെ കലാപമഴിച്ചു വിടുകയും ചെയ്തിരുന്നു. ക്രിമിനല്‍ കേസില്‍ പ്രതിയായ ഒരാളെ അറസ്റ്റ് ചെയ്തതിന്റെ പേരിലുള്ള ഹര്‍ത്താലിനും സംസ്ഥാനം സാക്ഷ്യം വഹിക്കുകയുണ്ടായി. സി പി എമ്മിന്റെ കണ്ണൂരിലെ നേതാക്കളെ തൊട്ടാല്‍ പാര്‍ട്ടി തീപ്പന്തമാകുമെന്നും ജനങ്ങളെ അണിനിരത്തി നേരിടുമെന്നുമൊക്കെ പ്രഖ്യാപിച്ച പിണറായി വിജയനടക്കം കണ്ണൂരിലെ നേതാക്കള്‍ തീര്‍ത്തും പ്രതിക്കൂട്ടിലായ സാഹചര്യത്തിലാണ് കോടതി ജയരാജന് ജാമ്യം അനുവദിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ വൈകിട്ടോടെ ജയരാജന്‍ ജയില്‍മോചിതനാകുമെന്നാണ് സൂചന.

-ജോസഫ് പ്രിയന്‍

Keywords:  Kannur, Shukur murder, CPM, P. Jayarajan, Case, Kerala, Jail
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia