Empowerment | കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ പൊതു ഇടങ്ങളിലെ വളർച്ച അഭിനന്ദനാർഹമാണെന്ന് ജമാഅത്തെ ഇസ്‌ലാമി അമീർ പി മുജീബ് റഹ്‌മാൻ


● ജീവിതത്തെ സന്തുലിതമായി മുന്നോട്ട് നയിക്കാനുള്ള മാർഗനിർദേശങ്ങളും അമീർ പരിപാടിയിൽ നൽകി.
● ദാമ്പത്യം, പാരൻ്റിംഗ്, സംരംഭകത്വം, ആരാധനാ കർമ്മങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രത്യേക സെഷനുകളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.
● ബിസിനസ് സ്റ്റാളുകളും ഒരുക്കിയിരുന്നു.
കോഴിക്കോട്: (KVARTHA) ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം കേരള ഘടകം സംഘടിപ്പിച്ച പ്രൊഫിസിയ പ്രൊഫഷണൽ വിമൻസ് സമ്മിറ്റ് കോഴിക്കോട് കാലിക്കറ്റ് ടവറിൽ സമാപിച്ചു. സച്ചാർ കമ്മിറ്റി റിപ്പോർട്ടിനു ശേഷം കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ പൊതു ഇടങ്ങളിലെ വളർച്ച അഭിനന്ദനാർഹമാണെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബ് റഹ്‌മാൻ അഭിപ്രായപ്പെട്ടു.
മുസ്ലിം വെറുപ്പ് ഉൽപാദിപ്പിക്കപ്പെടുന്ന ഈ കാലത്ത് ഇസ്‌ലാമിക പൊതുബോധത്തെ മറികടന്നുകൊണ്ട് യഥാർത്ഥ ഇസ്ലാമിന്റെ സൗന്ദര്യത്തെ അടയാളപ്പെടുത്തി പാശ്ചാത്യ നവലിബറൽ സംസ്കാരത്തെ ചെറുക്കാൻ മാതാവ്, മകൾ, ഇണ, പ്രൊഫഷണൽ എന്നീ നിലയിലൊക്കെ ഏറ്റവും കൂടുതൽ സമൂഹവുമായി ഇടപഴകുന്നവർ എന്നർത്ഥത്തിൽ സാധിക്കേണ്ടതുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിനകത്തും പുറത്തുമുള്ള പ്രൊഫഷണൽ മുസ്‌ലിം സ്ത്രീകളെ ഒരുമിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടിയിൽ, ദൈനംദിന ജീവിതത്തിലെ മുസ്‌ലിം സ്ത്രീയുടെ പ്രതിനിധാനം, കുടുംബം, തൊഴിൽ, സാമ്പത്തികം, ബഹുസ്വര സമൂഹത്തിലെ ഇടപെടൽ തുടങ്ങിയ വിഷയങ്ങളിൽ ഇസ്‌ലാമിക മൂല്യങ്ങളെക്കുറിച്ചുള്ള ചർച്ചകളും സംവാദങ്ങളും നടന്നു. ജീവിതത്തെ സന്തുലിതമായി മുന്നോട്ട് നയിക്കാനുള്ള മാർഗനിർദേശങ്ങളും പരിപാടിയിൽ നൽകി.
കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം ചർച്ച ചെയ്ത സെഷനിൽ, യുകെ ആസ്ഥാനമായ ബ്ലൂമിംഗ് പാരന്റിങ് ഫൗണ്ടർ ഡോ. മെഹറ റൂബി മുഖ്യപ്രഭാഷണം നടത്തി. ഓൾ ഇന്ത്യ മുസ്‌ലിം പേർസണൽ ലോ ബോർഡ് അംഗം എ. റഹ്മത്തുന്നിസ, സിഎസ്ആർ കേരള ഡയറക്ടർ ടി.കെ.എം. ഇക്ബാൽ, ഇത്തിഹാദുൽ ഉലമ കേരള സെക്രട്ടറി സമീർ കാളികാവ്, മീഡിയ വൺ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ സുഹൈല എം.കെ. എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് പാനൽ ചർച്ചയിൽ പങ്കെടുത്തു. ക്രിങ്ക് ആപ്പ് കോ ഫൗണ്ടർ മറിയം വിധു വിജയൻ, ഇന്റൽ പ്രിൻസിപ്പൽ എൻജിനിയർ റഷി ഫിത്തർ, ഇഖ്‌റാ ഹോസ്പിറ്റൽ ഫിസിയോതെറാപ്പി ഡിപ്പാർട്മെൻ്റ് ഹെഡ് മുഹമ്മദ് നജീബ് തുടങ്ങിയവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.
ദാമ്പത്യം, പാരൻ്റിംഗ്, സംരംഭകത്വം, ആരാധനാ കർമ്മങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രത്യേക സെഷനുകളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ഡോ. വി.എം. സാഫിർ, ഡോ. നിഷാദ് വി.എം., വാഹിദ ഹുസൈൻ എന്നിവർ ഈ സെഷനുകളിൽ പങ്കെടുത്തു. സാജിത പി.ടി.പി., നസീമ കെ.ടി., റുക്‌സാന പി., പി.വി. റഹ്മാബി, സി.ടി. സുഹൈബ് തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. ബിസിനസ് സ്റ്റാളുകളും ഒരുക്കിയിരുന്നു.
#MuslimWomen, #KeralaNews, #Empowerment, #WomenInIslam, #SocialIssues, #WomenSummit