ഇല്ല തീര്‍ന്നില്ല കസേരക്കളി; ശശീന്ദ്രനും തോമസ് ചാണ്ടിയും കാലാവധി പങ്കുവയ്ക്കും; ഇ പി ജയരാജന്റെ കാര്യത്തില്‍ തീരുമാനമായില്ല

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 28.01.2018) പിണറായി സര്‍ക്കാരിന് ബാക്കിയുള്ള മൂന്നേകാല്‍ വര്‍ഷ കാലാവധിയില്‍ എന്‍സിപിക്ക് രണ്ട് മന്ത്രിമാര്‍ ഉണ്ടായേക്കും. ഫോണ്‍ കെണി കേസില്‍ കുറ്റവിമുക്തനായ എ കെ ശശീന്ദ്രന്‍ ഇപ്പോള്‍ മന്ത്രിയായാലും കായല്‍ കൈയേറ്റ കേസില്‍ രാജിവച്ച തോമസ് ചാണ്ടി പിന്നീട് കുറ്റവിമുക്തനായാല്‍ അദ്ദേഹത്തിനും തിരിച്ചുവരാന്‍ അവസരം നല്‍കും. ഇപ്പോള്‍ പ്രഖ്യാപിച്ചില്ലെങ്കിലും ഈ വിധത്തിലുള്ള ധാരണയിലേക്കാണ് എന്‍സിപി എത്താന്‍ പോകുന്നത് എന്നാണ് സൂചന.

ഇല്ല തീര്‍ന്നില്ല കസേരക്കളി; ശശീന്ദ്രനും തോമസ് ചാണ്ടിയും കാലാവധി പങ്കുവയ്ക്കും; ഇ പി ജയരാജന്റെ കാര്യത്തില്‍ തീരുമാനമായില്ല

ഇത് മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം നേതൃത്വത്തെയും അറിയിക്കും. അതില്‍ അവര്‍ക്കും എതിര്‍പ്പുണ്ടാകില്ല. അങ്ങനെ വരുന്നതോടെ അടുത്ത ഒന്നര വര്‍ഷവും ഒന്നോ രണ്ടോ മാസവും ശശീന്ദ്രനും അതു കഴിഞ്ഞ് ഒന്നര വര്‍ഷം തോമസ് ചാണ്ടിയും മന്ത്രിയാകും. തോമസ് ചാണ്ടിക്കെതിരായ കേസില്‍ വൈകാതെ കാര്യങ്ങള്‍ അനുകൂലമായി വരും എന്നാണ് എന്‍സിപി പ്രതീക്ഷിക്കുന്നത്. ആദ്യം കുറ്റവിമുക്തരാകുന്നവര്‍ ആദ്യം മന്ത്രിയാകട്ടെ എന്ന മുന്‍ധാരണയുടെ അടിസ്ഥാനത്തിലാണ് ശശീന്ദ്രനെ ഇപ്പോള്‍ മന്ത്രിയാക്കുന്നത്.

2016 മെയ് 26ന് പിണറായി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ 2017 മാര്‍ച്ച് 26 വരെ പത്തു മാസമാണ് ശശീന്ദ്രന്‍ മന്ത്രിയായിരുന്നത്. ഒരാഴ്ച കഴിഞ്ഞ് മന്ത്രിയായ തോമസ് ചാണ്ടിക്ക് നവംബര്‍ 15നു രാജിവയ്‌ക്കേണ്ടി വന്നു. ഏകദേശം എട്ടു മാസമാണ് തോമസ് ചാണ്ടി മന്ത്രിയായിരുന്നത്. അതുകൊണ്ടുതന്നെ കുറ്റവിമുക്തനായാല്‍ അദ്ദേഹത്തിനും മന്ത്രിയാകാന്‍ അവകാശമുണ്ട് എന്ന വാദമാണ് എന്‍സിപി ഉയര്‍ത്തുന്നതും എല്‍ഡിഎഫ് അംഗീകരിക്കുന്നതും. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ താന്‍ രാജിവച്ചതു മാത്രമേ നാളെ ചരിത്രത്തില്‍ ഉണ്ടാവുകയുള്ളുവെന്നും അത് തനിക്ക് അപമാനമാണെന്നും തോമസ് ചാണ്ടി എന്‍സിപി നേതൃത്വത്തെ ധരിപ്പിച്ചുവത്രേ.

അതിനിടെ, ഫെബ്രുവരി ഏഴിന് നിയമസഭാ സമ്മേളനം അവസാനിച്ച ശേഷം വൈകാതെ ശശീന്ദ്രന്റെ സത്യപ്രതിജ്ഞ ഉണ്ടായേക്കും എന്നാണ് വിവരം. എന്നാല്‍ ആ കൂട്ടത്തില്‍ ഇ പി ജയരാജനെയും വീണ്ടും മന്ത്രിയാക്കുമോ എന്ന് വ്യക്തമായിട്ടില്ല. ബന്ധുനിയമന ആരോപണം കേസായതിനേത്തുടര്‍ന്ന് പിണറായി മന്ത്രിസഭയില്‍ നിന്ന് ആദ്യം രാജിവച്ചത് ജയരാജനാണ്. പിന്നീട് വിജിലന്‍സ് കോടതി ജയരാജനെ കുറ്റവിമുക്തനാക്കിയിരുന്നു.

Keywords:  Kerala, Thiruvananthapuram, News, Minister, Cabinet, Pinarayi vijayan, LDF, NCP, E.P Jayarajan, It's not the end; Chair play will be continued in Pinarayi cabinet 

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SU
Web Desk SU

154168 Articles

Tags

Share this story

wellfitindia