Wildlife | 'അത് കടുവയല്ല', ആറളത്ത് കണ്ടെത്തിയത് പുലിയെന്ന് സ്ഥിരീകരിച്ചു; പിടികൂടാൻ ഉടൻ നടപടിയെന്ന് വനം മന്ത്രി 

 
Leopard spotted in Kannur, confirmed by wildlife authorities
Leopard spotted in Kannur, confirmed by wildlife authorities

Photo: Arranged

● വന്യജീവി സാന്നിധ്യം അടുത്തൊന്നും ഇല്ലെന്ന് സ്ഥിരീകരിക്കും വരെ പരിശോധന തുടരുമെന്ന് മന്ത്രി പറഞ്ഞു.
● പ്രദേശത്തെ 25ഓളം കുടുംബങ്ങൾ വനത്തിലെ ജലസ്രോതസ്സിൽനിന്ന് താഴെ വീടുകളിലേക്ക് പൈപ്പിട്ടാണ് കുടിവെള്ളം ശേഖരിക്കുന്നത്. 
● വന്യജീവി ഭയം കാരണം കാട്ടിലേക്ക് പോകാൻ സാധിക്കാത്തതിനാൽ കുടിവെള്ളം ലഭ്യമല്ലാതായിട്ടുണ്ട്. 
● വനത്തിന് പുറത്ത് ടാങ്ക് സ്ഥാപിച്ച് അതിൽ ജലം ശേഖരിച്ച് വീടുകളിലേക്ക് നൽകും.

കണ്ണൂർ: (KVARTHA) ആറളം ചതിരൂർ നീലായിയിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഭീതി പരത്തുന്നത് കടുവയല്ല, പുലിയാണെന്ന് ക്യാമറ ട്രാപ്പിലൂടെ സ്ഥിരീകരിച്ചതായി വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. പുലിയെ പിടികൂടുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. കടുവ ഭീതി ഒഴിഞ്ഞെങ്കിലും വനം വകുപ്പിന്റെ പരിശോധന തുടരും. ആറ് പേരടങ്ങുന്ന മൂന്ന് സംഘങ്ങളാണ് രാത്രിയിൽ പരിശോധന നടത്തുന്നത്. വന്യജീവി സാന്നിധ്യം അടുത്തൊന്നും ഇല്ലെന്ന് സ്ഥിരീകരിക്കും വരെ പരിശോധന തുടരുമെന്ന് മന്ത്രി പറഞ്ഞു.

പ്രദേശത്തെ 25ഓളം കുടുംബങ്ങൾ വനത്തിലെ ജലസ്രോതസ്സിൽനിന്ന് താഴെ വീടുകളിലേക്ക് പൈപ്പിട്ടാണ് കുടിവെള്ളം ശേഖരിക്കുന്നത്. വന്യജീവി ഭയം കാരണം കാട്ടിലേക്ക് പോകാൻ സാധിക്കാത്തതിനാൽ കുടിവെള്ളം ലഭ്യമല്ലാതായിട്ടുണ്ട്. ഇവർക്ക് അടിയന്തിരമായി കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. വനത്തിന് പുറത്ത് ടാങ്ക് സ്ഥാപിച്ച് അതിൽ ജലം ശേഖരിച്ച് വീടുകളിലേക്ക് നൽകും. അവിടെ ജലനിധിയുടെ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. ആ പദ്ധതി പൂർത്തിയാകുന്നതുവരെ കാത്തിരിക്കാതെ, ദുരന്ത നിവാരണ നിയമപ്രകാരമുള്ള നിർദേശങ്ങൾക്കനുസരിച്ച് രണ്ടോ മൂന്നോ ദിവസത്തിനകം ടാങ്ക് സ്ഥാപിക്കും.

വനത്തിൽ അടിക്കാട് വെട്ടിത്തെളിക്കുന്ന പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ആറളം ഫാമിൽ, വനത്തിന് പുറത്ത് അടിക്കാട് തെളിക്കാൻ ദുരന്ത നിവാരണ നിയമപ്രകാരമുള്ള അധികാരം ഉപയോഗിച്ചോ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെയോ ജില്ലാ കലക്ടർ പഞ്ചായത്തുകളുമായി ചർച്ച ചെയ്ത് നടപടികൾ സ്വീകരിക്കും.

വന്യജീവികളുടെ സാന്നിധ്യം പരിശോധിക്കാൻ ഏഴ് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് വർധിപ്പിക്കേണ്ടതുണ്ടെങ്കിൽ അതിന് ആവശ്യമായ നടപടി എടുക്കും. രാത്രി വെളിച്ചമില്ലാത്തത് മൂലം വന്യജീവികളുടെ സാന്നിധ്യം മനസ്സിലാക്കാൻ കഴിയാത്തതിനാൽ തെരുവുവിളക്കുകൾ സ്ഥാപിക്കും. ഇത് സ്ഥാപിക്കേണ്ടത് തദ്ദേശ സ്വയംസ്ഥാപനങ്ങളാണ്. അവർക്ക് സാധിക്കില്ലെങ്കിൽ ജില്ലാ കലക്ടർ ദുരന്ത നിവാരണ നിയമപ്രകാരം കെഎസ്ഇബിയുമായി ആലോചിച്ച് തെരുവു വിളക്കുകൾ സ്ഥാപിക്കും.

ജനങ്ങളിൽ ഉയർന്നുവരുന്ന ആശങ്ക അവസാനിപ്പിക്കാനുള്ള എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രവർത്തനം കൂടുതൽ ഊർജിതമാക്കി ജനങ്ങൾക്ക് ഭീതിയില്ലാതെ ജീവിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാക്കാനാണ് ശ്രമം. കാണുന്നതെല്ലാം കടുവയാണെന്ന കടുവാപ്പേടി ഉണ്ടാക്കരുത്. ആന മതിലിന്റെ പ്രവൃത്തി 90 ശതമാനം കഴിഞ്ഞതായാണ് റിപ്പോർട്ട്. ബാക്കിയുള്ള പ്രവൃത്തികൾ പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കലക്ടറുടെ ചേംബറിൽ മന്ത്രിയുടെ അധ്യക്ഷതയിൽ വനം വകുപ്പ്, ആറളം ഫാം, ടിആർഡിഎം, ഐടിഡിപി, പിഡബ്ല്യുഡി ഉദ്യോഗസ്ഥർ പങ്കെടുത്ത ഉന്നതതല യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്. വനം വകുപ്പ് ഉത്തര മേഖലാ സിസിഎഫ് കെ എസ് ദീപ, ജില്ലാ കലക്ടർ അരുൺ കെ വിജയൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക 

The presence of a leopard, not a tiger, in a Kannur village has been confirmed. Immediate action for capturing it and ensuring safety has been initiated.

#KeralaNews #LeopardSighted #Kannur #Wildlife #LeopardCapture #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia