Priyanka Gandhi | വയനാട്ടില്‍ നിന്നും ജനവിധി തേടുക പ്രിയങ്കാഗാന്ധി തന്നെയോ? മുസ്ലിം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്ന ലീഗിന്റെയും മുസ്ലിം സംഘടനകളുടെയും സമ്മര്‍ദത്തില്‍ പ്രതികരിക്കാതെ കോണ്‍ഗ്രസ്


വയനാട്ടില്‍ ഒരു മുസ്ലിം സ്ഥാനാര്‍ഥിയെ പ്രതീക്ഷിക്കുന്നുവെന്ന് എസ് വൈ എസ് സംസ്ഥാന ജെനറല്‍ സെക്രടറി കാന്തപുരം അബ്ദുല്‍ ഹക്കീം അസ്ഹരി
പാര്‍ലമെന്റില്‍ മുസ്ലിം അംഗങ്ങള്‍ കുറവായ സാഹചര്യത്തില്‍ ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുസ്ലിം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ തയാറാവണം എന്നും ആവശ്യം
കനവ് കണ്ണൂർ
കണ്ണൂര്‍: (KVARTHA) വയനാട്ടില്‍ പ്രിയങ്കാഗാന്ധിയെ മത്സരിപ്പിക്കുന്നതിനായി അണിയറ നീക്കം നടത്തുന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് തിരിച്ചടിയായി മുസ്ലിം സംഘടനകളുടെ നിലപാട്. വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് മുസ്ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന ആവശ്യവുമായി കൂടുതല്‍ മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയതാണ് പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. രാഹുല്‍ ഗാന്ധി വയനാട് ഒഴിയുകയാണെങ്കില്‍ പകരം മുസ്ലിം സ്ഥാനാര്‍ഥി വരണമെന്ന ആവശ്യവുമായി ഏറ്റവും ഒടുവില്‍ കാന്തപുരം വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.
വയനാട്ടില്‍ ഒരു മുസ്ലിം സ്ഥാനാര്‍ഥിയെ പ്രതീക്ഷിക്കുന്നുവെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ മകനും എസ് വൈ എസ് സംസ്ഥാന ജെനറല്‍ സെക്രടറിയുമായ കാന്തപുരം അബ്ദുല്‍ ഹക്കീം അസ്ഹരി ആവശ്യപ്പെട്ടു.
'മുസ്ലിം ഭൂരിപക്ഷ മണ്ഡലമാണ് വയനാട്, നേരത്തെ മുസ്ലിം സ്ഥാനാര്‍ഥികള്‍ ആയിരുന്നു ഇവിടെ നിന്നും മത്സരിച്ച് വിജയിച്ചിരുന്നത്.
2019ല്‍ ടി സിദ്ദീഖിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതിനുശേഷം ആണ് രാഹുല്‍ ഗാന്ധി വന്നത്.
വയനാട് ഒറ്റക്കെട്ടായി രാഹുല്‍ ഗാന്ധിയെ സ്വാഗതം ചെയ്തു. പക്ഷെ പാര്‍ലമെന്റില്‍ മുസ്ലിം അംഗങ്ങള്‍ കുറവായ സാഹചര്യത്തില്‍ ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുസ്ലിം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ തയാറാവണം'- എന്നും അബ്ദുല്‍ ഹക്കീം അസ്ഹരി വാര്‍ത്താമാധ്യമങ്ങളോട് പ്രതികരിച്ചു.
നേരത്തെ ഇതേ ആവശ്യവുമായി സമസ്ത മുഖപത്രവും രംഗത്തുവന്നിരുന്നു. സമസ്ത കേരള ജെം ഇയ്യത്തുല്‍ ഉലമയുടെ മുഖപത്രമായ സുപ്രഭാതം ദിനപത്രത്തിലാണ് ഈ തരത്തിലുള്ള നിര്‍ദേശം വന്നിരുന്നത്. ജനസംഖ്യാനുപാതികമായി ഒരു പാര്‍ടിയും മുസ്ലിം സമുദായത്തിന് പ്രാതിനിധ്യം നല്‍കാത്തതിനാല്‍ ലോക് സഭയിലെ മുസ്ലിം പ്രാതിനിധ്യം അപകടത്തിലാണെന്നും ഇത് തിരുത്താന്‍ കോണ്‍ഗ്രസ് തയാറാവണമെന്നും സുപ്രഭാതം മുഖപ്രസംഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് മൂന്നാം സീറ്റ് നല്‍കുകയാണെങ്കില്‍ അത് വയനാടായിരിക്കണമെന്ന് മുസ്ലിം ലീഗ് നേതൃത്വവും ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായതോടെയാണ് ഇവര്‍ പിന്‍വലിഞ്ഞത്. രാഹുല്‍ ഗാന്ധി ഉത്തരേന്‍ഡ്യയില്‍ മത്സരിച്ച റായ് ബറേലി നിലനിര്‍ത്താന്‍ തീരുമാനിച്ചതോടെ വയനാട് ലഭിക്കുന്നതിനായി മുസ്ലിം ലീഗും സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ സ്വീകാര്യത നേടിക്കഴിഞ്ഞ കോണ്‍ഗ്രസ് പ്രിയങ്കാ ഗാന്ധിയെ വയനാട്ടിലൂടെ പാര്‍ലമെന്റില്‍ എത്തിക്കാനുളള നീക്കമാണ് നടത്തുന്നത്. ഇതിനായി എ ഐ സി സി ജെനറല്‍ സെക്രടറി കെസി വേണുഗോപാല്‍ ഉള്‍പെടെ ഹൈകമാന്‍ഡില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. പ്രിയങ്കയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ സീറ്റുമോഹികളായ മറ്റു സംഘടനകളെയും പാര്‍ടിയില്‍ നിന്നുളള ചരടുവലികളെയും ഒഴിവാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
എന്നാല്‍ വയനാട്ടില്‍ മുസ്ലിം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയാണെങ്കില്‍ ടി സിദ്ദീഖിനോ നിയാസിനോ നറുക്ക് വീണേക്കാം. തൃശൂരില്‍ തോറ്റ കെ മുരളീധരന്‍ മുസ്ലിം ലീഗിന് ഏറെ പ്രിയപ്പെട്ട നേതാവാണ്. മുരളി വയനാട്ടില്‍ ജനവിധി തേടുകയാണെങ്കില്‍ വയനാട് സീറ്റ് ആവശ്യത്തില്‍ നിന്നും മുസ്ലിം ലീഗ് പിന്‍മാറാന്‍ സാധ്യതയേറെയാണ്.