Politics | വടകരയില്‍ ഇക്കുറി കെ മുരളീധരന്‍ സുരക്ഷിതനോ? കടത്താനാടന്‍ മണ്ണിലെ അടിയൊഴുക്കില്‍ മണ്ഡലം പിടിച്ചെടുക്കാന്‍ കച്ചമുറുക്കി സിപിഎം

 


കണ്ണൂര്‍: (KVARTHA) വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ മുരളീധരനെ തന്നെ വീണ്ടും മത്സരിപ്പിക്കണമെന്ന നിര്‍ദേശം നിലനില്‍ക്കവെ കോണ്‍ഗ്രസില്‍ അതൃപ്തി പടരുന്നു. കെ മുരളീധരന്‍ മത്സരിക്കുകയും എതിര്‍വിഭാഗത്ത് എല്‍ ഡി എഫ് ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തുകയും ചെയ്താല്‍ സീറ്റ് നിലനിര്‍ത്തുക എളുപ്പമായിരിക്കില്ലെന്നാണ് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ ഉള്‍പെടെ പറയുന്നത്.

മുസ്ലിം ലീഗിന്റെ അതിശക്തമായ പിന്‍തുണ മുരളീധരനുണ്ടെങ്കിലും കോണ്‍ഗ്രസിലെ ഗ്രൂപിസമാണ് തിരിച്ചടിയാകാന്‍ പോകുന്നത്. കെ മുരളീധരന്‍ വീണ്ടും വടകരയില്‍ സ്ഥാനാര്‍ഥിയായി നില്‍ക്കുന്നതിനോട് തലശ്ശേരിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തീരെ താല്‍പര്യമില്ല. മാത്രമല്ല മണ്ഡലത്തില്‍ സജീവമല്ലാത്ത ഒരു എംപിയെന്ന ദുഷ്പേര് കെ മുരളീധരനുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

വടകര മണ്ഡലത്തിലെ വികസനമുരടിപ്പ് എല്‍ ഡി എഫ് ആയുധമാക്കിയാല്‍ അതു യു ഡി എഫിനെ വെളളം കുടിപ്പിച്ചേക്കും. ദേശീയപാതയുള്‍പെടെയുളള വന്‍കിട പദ്ധതികള്‍ വടകര മണ്ഡലത്തില്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും എംപിയെന്ന നിലയില്‍ കെ മുരളീധരന്റെ തനത് പദ്ധതികളൊന്നുമുണ്ടായിട്ടില്ലെന്ന വിമര്‍ശനം പാര്‍ടിക്കുളളില്‍ തന്നെയുണ്ട്.

പണ്ട് കെ പി ഉണ്ണികൃഷ്ണന്‍ മത്സരിക്കുമ്പോള്‍ വടകരയിലെ ദേശാടനപക്ഷിയെന്ന് ഡെല്‍ഹിവാസിയായ അദ്ദേഹത്തെ എതിരാളികള്‍ വിമര്‍ശിച്ചിരുന്നു. ഏതാണ്ട് അതേ അവസ്ഥതന്നെയാണ് ഇപ്പോള്‍ മുരളീധരനുമുളളത്. അരലക്ഷത്തിലേറെ വോടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചിട്ടും എംപിയെന്ന നിലയിലുളള സാന്നിധ്യം കെ മുരളീധരന്‍ വടകരയിലുണ്ടാക്കിയിട്ടില്ലെന്നാണ് പാര്‍ടിക്കുളളില്‍ നിന്നുയരുന്ന വിമര്‍ശനം.

കഴിഞ്ഞ തവണ വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോഴുണ്ടായ തരംഗമൊന്നും ഇക്കുറി പ്രതീക്ഷക്കേണ്ടതില്ലെന്ന അടക്കംപറച്ചിലും പാര്‍ടിക്കുളളില്‍ നടക്കുന്നത്. വടകര പാര്‍ലമെന്റ് മണ്ഡലം തങ്ങളുടെ കയ്യില്‍ നിന്നും പോയത് വന്‍ തിരിച്ചടിയായിട്ടാണ് സി പി എം കണക്കാക്കുന്നത്. പി ജയരാജനെ പോലുളള ഒരു ഉന്നത നേതാവ് മത്സരിച്ച് വന്‍തോല്‍വി നേരിടേണ്ടി വന്നത് പാര്‍ടിയുടെ സംഘടനാ അടിത്തറയെ തന്നെ ചോദ്യം ചെയ്തിരുന്നു.

നിരവധി രക്തസാക്ഷികളുളളള പാര്‍ടി ഗ്രാമങ്ങളാല്‍ ചുവന്ന മണ്ഡലമാണ് വടകര. അതുകൊണ്ടു തന്നെ ഇക്കുറി വടകര മണ്ഡലം എങ്ങനെയെങ്കിലും തിരിച്ചു പിടിക്കുകയെന്നത് സി പി എമിനെ സംബന്ധിച്ചു അഭിമാനപോരാട്ടങ്ങളിലൊന്നാണ്. കെ മുരളീധരനെ തറപറ്റിക്കാന്‍ കെല്‍പ്പുളള അതികായകനായ ഒരു നേതാവിനെയോ പുതുമുഖത്തെയോയാണ് സി പി എം വടകരയിലെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത്.

സി പി എം കേന്ദ്രകമിറ്റി അംഗമായ കെ കെ ശൈലജയാണ് പാര്‍ടിയുടെ പ്രഥമപരിഗണനയില്‍. മട്ടന്നൂരില്‍ നിന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെുപ്പില്‍ റെകോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിച്ച കെ കെ ശൈലജയെ നിര്‍ത്തി മണ്ഡലം തിരിച്ചു പിടിക്കണമെന്ന ആവശ്യമാണ് പാര്‍ടിക്കുളളില്‍ നിന്നും ഉയരുന്നത്. ശൈലജ ടീചറല്ലെങ്കില്‍ പാര്‍ടിക്കായി യുവനേതാക്കളാരെങ്കിലും കളത്തിലിറങ്ങും.

സെലിബ്രിറ്റിയെന്ന നിലയില്‍ എം വി നികേഷ് കുമാറിനെയും എല്‍ ഡി എഫ് പരിഗണിക്കുന്ന സീറ്റുകളിലൊന്നാണ് വടകര. ടി പി ചന്ദ്രശേഖരന്‍ രൂപീകരിച്ച ആര്‍ എം പിക്ക് കാല്‍ലക്ഷം വോട് വടകരയിലുണ്ട്. ഇതുകാലങ്ങളായി കോണ്‍ഗ്രസിന് ലഭിക്കുന്നതാണ്. വടകര നിയോജകമണ്ഡലത്തില്‍ കെ കെ രമ വിജയിച്ചതും കോണ്‍ഗ്രസിന്റെ സഹായത്താലാണ്.

സോഷ്യലിസ്റ്റ് പാര്‍ടികള്‍ക്ക് സാമാന്യം നല്ല വോടുളള വടകരയില്‍ മനയത്ത് ചന്ദ്രനാണ് കെ കെ രമയോട് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി നിന്നു പരാജയപ്പെട്ടത്. സംസ്ഥാനത്ത് ലോകസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഏറ്റവും വിവാദമാകുന്ന മണ്ഡലങ്ങളിലൊന്നാണ് വടകര. പ്രബലമായ ഇരുമുന്നണികളും ബി ജെ പിയും ഒരേ പോലെ പോരിനിറങ്ങുന്ന കടത്താനാടന്‍ മണ്ണ് ഇക്കുറി ആരെ തുണയ്ക്കുമെന്നതാണ് ചോദ്യം.

Politics | വടകരയില്‍ ഇക്കുറി കെ മുരളീധരന്‍ സുരക്ഷിതനോ? കടത്താനാടന്‍ മണ്ണിലെ അടിയൊഴുക്കില്‍ മണ്ഡലം പിടിച്ചെടുക്കാന്‍ കച്ചമുറുക്കി സിപിഎം



Keywords: News, Kerala, Kerala-News, Politics, Politics-News, K Muraleedharan, Safe, Vatakara News, CPM, Determined, Capture, Constituency, Politics, Party, Political Party, Congress, Muslim League, RMP, Is K Muraleedharan safe in Vatakara? CPM is determined to capture the constituency.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia