Sidharth's death | സിദ്ധാര്‍ത്ഥിന്റെ മരണം ആത്മഹത്യയാക്കാന്‍ 'ദൃശ്യം മോഡല്‍' തിരക്കഥയോ? കേസ് അട്ടിമറിക്കുന്നതിന് പിന്നിലെ കറുത്ത കരങ്ങള്‍ ആരുടേതെന്നും ചോദ്യം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

/ ഭാമനാവത്ത്


കണ്ണൂര്‍: (KVARTHA)
വയനാട് ജില്ലയിലെ പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ കൊലപാതകം ആത്മഹത്യയാക്കി മാറ്റാന്‍ തുടക്കം മുതലെ ആസൂത്രിത നീക്കം നടത്തിയതായി പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്. ദൃശ്യം സിനിമയെ വെല്ലുന്ന തിരക്കഥയാണ് ഇത്തരം ശ്രമങ്ങളുടെ ഭാഗമായി നടന്നതെന്നും ആത്മഹത്യയാണെന്ന പൊതുബോധം സൃഷ്ടിക്കുന്നതിനുളള ബോധപൂര്‍വ്വമായ നീക്കങ്ങളാണ് ഡീനിന്റെയും പൊലിസിന്റെയും ഭാഗത്തുനിന്നുമുണ്ടായതെന്നുമാണ് ആക്ഷേപം.

 
Sidharth's death | സിദ്ധാര്‍ത്ഥിന്റെ മരണം ആത്മഹത്യയാക്കാന്‍ 'ദൃശ്യം മോഡല്‍' തിരക്കഥയോ? കേസ് അട്ടിമറിക്കുന്നതിന് പിന്നിലെ കറുത്ത കരങ്ങള്‍ ആരുടേതെന്നും ചോദ്യം



സംഭവം നടന്ന ദിവസം വൈകുന്നേരം വൈത്തിരി പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ (നമ്പര്‍ 77/2024) തന്നെ അട്ടിമറി നീക്കത്തിനുളള തെളിവുകളുണ്ട്. സ്വാഭാവിക മരണത്തിന്‌ കേസെടുത്തുകൊണ്ടുളള എഫ്.ഐ.ആറില്‍ ടിയാന്‍ ഏതോ മാനസിക വിഷമത്താല്‍ സ്വയം കെട്ടിത്തൂങ്ങിമരണപ്പെട്ടുവെന്നു രേഖപ്പെടുത്തിയതില്‍ തന്നെ ദുരൂഹതയുണ്ട്. അതു പോലെ തന്നെ എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവം നടന്നത് ഉച്ചയ്ക്ക് 12.30നും 1.45നും ഇടയിലാണെന്ന് വ്യക്തമാണ്. എന്നാല്‍ സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് പിന്നിട്ട് വൈകുന്നരം 4.29-നാണ് പൊലീസ് സ്‌റ്റേഷനില്‍ വിവരം ലഭിച്ചത്. ഇതുകൊണ്ടു തന്നെ എഫ്. ഐ.ആറില്‍ സംശയം ജനിപ്പിക്കുന്ന തരത്തില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.


പൊലീസ് രേഖകള്‍ പ്രകാരം വിവരം ലഭിച്ചുവെന്ന് പറയുന്ന സമയത്തിനുളളില്‍ മൃതദേഹം വൈത്തിരി ആശുപത്രിയില്‍ നിന്നും ബത്തേരി ആശുപത്രിയിലേക്ക് മാറ്റിയിട്ടുമുണ്ട്. ഇതിനിടെ മൃതദേഹം കൊണ്ടു പോയ ആംബുലന്‍സ് ഡ്രൈവര്‍ ഉദ്ദ്യേശം 3.30ന് കാംപസ് ഡീനിനെയും മറ്റുവിദ്യാര്‍ത്ഥികളെയും വൈത്തിരി പൊലീസ് സ്‌റ്റേഷനില്‍ വെച്ചുകാണുകയും ചെയ്തിട്ടുണ്ട്. ആസമയത്താണ് സംഭവം സിദ്ധാര്‍ത്ഥിന്റെ വീട്ടില്‍ അറിഞ്ഞുവെന്ന് ആംബുലന്‍സ് ഡ്രൈവറില്‍ നിന്നും ഡീനിന് മനസിലാകുന്നത്. അതുപോലെ തന്നെ ആത്മഹത്യയാണെന്ന മുന്‍വിധി കൂടിയോടുളള സമീപനമാണ് തുടക്കം മുതല്‍ ഡീന്‍ സ്വീകരിച്ചതെന്നുമാണ് ആരോപണം.


എല്ലാത്തിനും പിന്നിലുളള ബുദ്ധികേന്ദ്രം ഡീനോ?


കേസിലെ പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെടെയുളളവരെ പുറത്താക്കി കൊണ്ടു ഫെബ്രുവരി 22-ന് ഡീന്‍ പുറത്താക്കിയ ഉത്തരവിലും ബോധപൂര്‍വ്വം തന്നെ സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്തതാണെന്നു രേഖപ്പെടുത്തിയതും ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്ന് കെ എസ് യു നേതാവ് മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. ഫെബ്രുവരി 24-ന് ശേഷമാണ് സിദ്ധാര്‍ത്ഥിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു പോലും പുറത്തുവന്നത്. അതു പോലെ തന്നെ ആത്മഹത്യ ചെയ്ത നിലയിലുളള സിദ്ധാര്‍ത്ഥിന്റെ ചിത്രവും ചിലസംശയങ്ങള്‍ക്കും ദുരൂഹതകള്‍ക്കും വഴിവയ്ക്കുന്നതാണ്.

എസ്.എഫ്.ഐ നേതാക്കളായ പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നതനുസരിച്ചു വിവസ്ത്രനാക്കി മര്‍ദ്ദിച്ചുവെന്നു വ്യക്തമാണ്. അതേരീതിയില്‍ വിവസ്ത്രനായി തന്നെയാണ്‌ സിദ്ധാര്‍ത്ഥിനെ മരിച്ച നിലയില്‍ കണ്ടെത്തിയതും. ഇവിടെ മൃതദേഹം കണ്ട ടോയ്‌ലറ്റും സിദ്ധാര്‍ത്ഥന്റെ മുറിയും തമ്മില്‍ സാമാന്യം അകലം ഉണ്ടായിരിക്കെ വിവസ്ത്രനായി സിദ്ധാര്‍ത്ഥന്‍ നടന്നു പോയി ആത്മഹത്യ ചെയ്തുവെന്ന കാര്യവും വിശ്വസനീയമല്ല. പ്രത്യേകിച്ചു രണ്ടു ദിവസങ്ങളിലായി തുടര്‍ച്ചയായി മര്‍ദ്ദനമേറ്റ ഏറ്റുവാങ്ങിയ ഒരാള്‍ എങ്ങനെയാണ് അവശനിലയില്‍ ആത്മഹത്യ ചെയ്യുകയെന്ന ചോദ്യത്തിനും ഉത്തരമില്ലാതായിരിക്കുകയാണ്.

ഞെട്ടിക്കുന്ന വിവരങ്ങളുമായി അനുശോചനയോഗം

കഴിഞ്ഞ ദിവസം പുറത്തുവന്ന ഫെബ്രുവരി 22ന് ചേര്‍ന്ന അനുശോചനയോഗത്തിലെ വീഡിയോ ദൃശ്യങ്ങള്‍ കുറ്റകൃത്യം മറച്ചുവയ്ക്കാനുളള ബോധപൂര്‍വമായ ശ്രമത്തിലേക്കാണ് വെളിച്ചം വീശുന്നത്. ഇവിടെയും ഡീനിന്റെ പ്രസംഗമാണ് വിവാദമായത്. സിദ്ധാര്‍ത്ഥിന്റെ മരണം കൊലപാതകമാണെന്ന സൂചനകളിലേക്കാണ് ഡീനിന്റെ പ്രസംഗം വെളിച്ചം വീശുന്നത്.

ഇപ്രകാരമാണ് ഡീന്‍ നാരായണന്റെ വാക്കുകള്‍: 'ശേഷം വേറെമാര്‍ഗമില്ല, പൊലീസിനെ അറിയിച്ചു, പോസ്റ്റുമോര്‍ട്ടം ചെയ്യണമെങ്കില്‍ ബന്ധുക്കളുടെ സാന്നിധ്യം വേണം, അതുകൊണ്ടു വീട്ടുകാരെയും ബന്ധുക്കളെയും വിവരമറിയിച്ചു. നടന്നസംഭവത്തെ കുറിച്ചു ആരും ഒന്നും പറയരുത്. എല്ലാകാര്യവും പൊലീസ് നിരീക്ഷണത്തിലാണ്. സംഭവിച്ചത് ഒരു പ്രത്യേക കേസാണ്. അതുകൊണ്ടു ആര്‍ക്കും ഒരഭിപ്രായ വ്യത്യാസവും ഉണ്ടാകരുത്. നടന്നത് എന്താണെന്ന് ആരും ഷെയര്‍ ചെയ്യരുത്'.

സിപിഎം നേതാക്കളുടെ ഇടപെടലുകള്‍

സിദ്ധാര്‍ത്ഥന്റെ കൊലപാതകത്തിനു പിന്നിലെ രഹസ്യങ്ങള്‍ പുറത്തുവരണമെങ്കില്‍ ഡീന്‍ എം.കെ നാരായണനെയും ഇതിനെല്ലാം കൂടെയുണ്ടായിരുന്ന അസി. വാര്‍ഡന്‍ കാന്തനാഥനെയും അടിയന്തിരമായി കേസില്‍ പ്രതി ചേര്‍ക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. തെളിവുകള്‍ നശിപ്പിക്കുന്നതിന് മുന്‍പ് കാര്യക്ഷമമായ അന്വേഷണം വേണമെന്നാണ് ആവശ്യം. സിപിഎം ഉന്നത നേതാക്കളുടെ കേസിലെ ഇടപെടലുകള്‍ സംശയാസ്പദമാണെന്ന ആരോപണം ശക്തമാണ്.

മുന്‍ എംഎല്‍എ സി കെ ശശീന്ദ്രന്‍ പ്രതികളെ സംരക്ഷിക്കുന്നതിനായി മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ പോയി കണ്ടത് ആരുപറഞ്ഞിട്ടാണെന്ന് പ്രതിപക്ഷം ചോദിക്കുന്നു. സിപിഎം വയനാട് ജില്ലാസെക്രട്ടറി ഗഗാറിന്റെ സഹോദര പുത്രനും ഡിവൈഎഫ്ഐ ജില്ലാനേതാവും കാംപസ് സ്‌റ്റോറിലെ ജീവനക്കാരനുമായ രമേശനാണ് കേസ് അട്ടിമറിക്കാനുളള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Keywords:  News, Malayalam-News, Kerala, Kerala-News, Kannur, Sidharth's death, Veterinary, Crime, Is 'Drishyam Model' script in Sidharth's death?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script