Anil Antony | അനിൽ ആൻ്റണിയുടെ മത്സരം അച്ഛൻ എകെ ആൻ്റണിയോടോ?

 


/ സോണി കല്ലറയ്ക്കൽ

(KVARTHA) കോൺഗ്രസിൻ്റെ കേരളത്തിലെ സമുന്നതനായ നേതാവ് ആണ് എ കെ ആൻ്റണി. വലിയ കഷ്ടപ്പാടൊന്നും ഏൽക്കാതെ കോൺഗ്രസിൻ്റെ ചെലവിൽ കേരളത്തിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ ഉന്നത പദവികൾ വഹിച്ചൊരാളാണ് അദ്ദേഹം. 34-ാം വയസിൽ കേരളാ മുഖ്യമന്ത്രിയായ വ്യക്തിയാണ് ആൻ്റണി എന്നോർക്കണം. കെ.പി.സി.സി പ്രസിഡൻ്റ്, കേന്ദ്രമന്ത്രി പദവി വരെയൊക്കെ ആൻ്റണിയ്ക്ക് കോൺഗ്രസ് പാർട്ടിയിലൂടെ നേടാനായി എന്നത് ചരിത്രം. ആ ചോരയിൽ ഉണ്ടായ അനിൽ കെ ആൻ്റണി എന്ന ആൻ്റണിയുടെ മകൻ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേയ്ക്ക് ചേക്കേറിയത് സത്യത്തിൽ കോൺഗ്രസ് നേതാക്കളെ മാത്രം അല്ല പൊതുസമൂഹത്തെ മുഴുവൻ ഞെട്ടിച്ചു എന്ന് വേണമെങ്കിൽ പറയാം. കാരണം, അത് എ കെ ആൻ്റണിയുടെ മകൻ ആയതുകൊണ്ട് മാത്രം.

Anil Antony | അനിൽ ആൻ്റണിയുടെ മത്സരം അച്ഛൻ എകെ ആൻ്റണിയോടോ?

ഇപ്പോൾ പത്തനംതിട്ടയിൽ നിന്നുള്ള ലോക്സഭാ സ്ഥാനാർത്ഥിയുമാണ് അനിൽ. കോൺഗ്രസുകാർ തന്നെ അനിൽ ആൻ്റണി പത്തനംതിട്ടയിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി വന്നപ്പോൾ ഞെട്ടിയെന്നതാണ് സത്യം. എന്തിന് അങ്ങനെ ഞെട്ടിയെന്ന് ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളു, എ കെ ആൻ്റണിയെ അറിഞ്ഞിട്ടില്ല എന്നതുകൊണ്ട് തന്നെ. എ കെ ആൻ്റണിയും ആദർശത്തിൻ്റെ മുഖമൂടി അണിഞ്ഞ് സ്വന്തം നേട്ടങ്ങൾക്ക് പുറകെ പായുന്നതാണ് ചരിത്രം പഠിച്ചാൽ മനസിലാകുക. അടിയന്തിരവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധിയെ എതിർത്ത് സ്വന്തം ഗ്രൂപ്പ് ഉണ്ടാക്കി എൽ.ഡി.എഫുമായി ഇവിടെ സംഖ്യം ഉണ്ടാക്കിയവരാണ് എ കെ ആൻ്റണിയും കൂട്ടരും. പിന്നീട് നായനാരെ കാലുവാരി അധികാരത്തിനു വേണ്ടി ഇന്ദിരാഗാന്ധിയുടെ പാർട്ടിയിൽ ചേക്കേറിയതും ഈ ആൻ്റണി തന്നെയാണ്.

അന്ന് മുതൽ കോൺഗ്രസിൻ്റെ എല്ലാം എല്ലാമായിരുന്ന ലീഡർ കെ കരുണാകരൻ്റെ കഷ്ടകാലവും ആരംഭിച്ചെന്ന് വേണമെങ്കിൽ പറയാം. സ്വന്തം നിലനിൽപ്പിനും വളർച്ചയ്ക്കും വേണ്ടി എ കെ ആൻ്റണി ഏതറ്റം വരെ പോകാനും വേണ്ടി വന്നാൽ കൂടെയുള്ളവരെ പോലും കാലുവാരാനും മടിക്കില്ലെന്നതും നഗ്ന സത്യമാണ്. ആൻ്റണിയുടെ കൂടെ നിന്ന ആരെയെങ്കിലും ആൻ്റണി വളർത്തിയിട്ടുണ്ടോ? നിത്യ സന്തത സഹചാരിയായിരുന്ന ചെറിയാൻ ഫിലിപ്പിൻ്റെ അനുഭവം തന്നെ എടുക്കാം. അദ്ദേഹം കോൺഗ്രസ് ഉപേക്ഷിച്ച് പോകാൻ കാരണം ഈ ആൻ്റണിയല്ലേ? ലീഡർ കെ കരുണാകരൻ, സ്വന്തം ഗ്രൂപ്പിൽ ഉണ്ടായിരുന്ന ചെറുപ്പക്കാരൻ രമേശ് ചെന്നിത്തലയെപ്പോലെയുള്ളവരെയൊക്കെ വളർത്തിയെടുത്തിട്ടുണ്ട് എന്നോർക്കണം.

രമേശിനെ ലീഡർ 27-ാമത്തെ വയസിൽ മന്ത്രിയാക്കി കൊണ്ടുവന്നു. ആ സ്ഥാനത്ത് എ കെ ആൻ്റണി തന്നോട് അങ്ങേയറ്റം ആത്മാർത്ഥത കാണിച്ചു കൂടെ നിന്ന ചെറിയാൻ ഫിലിപ്പിനെ പോലെയുള്ളവരെ വഴിയാധാരമാക്കുകയാണ് ചെയ്തത്. ചെറിയാന് അന്ന് കൊടുത്ത സീറ്റ് കോട്ടയം ആയിരുന്നു, അവിടെ സി.പി.എം സീനിയർ നേതാവ് ടി.കെ.രാമകൃഷ്ണനോട് എതിരിടാനായിരുന്നു നിയോഗം. ഇന്നത്തെ കോട്ടയം അല്ലായിരുന്നു അന്നത്തെ കോട്ടയം. സിപിഎമ്മിന് വളരെ മുൻതൂക്കം ഉണ്ടായിരുന്ന മണ്ഡലം ആയിരുന്നു അന്ന് കോട്ടയം. ആ സീറ്റിൽ നേർച്ചക്കോഴിയായി മത്സരിക്കാൻ എത്തിയ ചെറിയാൻ ഫിലിപ്പ് അന്ന് ടി.കെ.രാമകൃഷ്ണനോട് തോറ്റത് വെറും 2000 വോട്ടിന് മാത്രമായിരുന്നു. അതിന് മുൻപ് കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയായി ടി.കെ.യോട് മത്സരിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ തോറ്റത് പതിനായിരം വോട്ടിന് ആയിരുന്നെന്ന് മറക്കരുത്.

കോട്ടയത്ത് ടി.കെ.രാമകൃഷ്ണൻ്റെ ഭൂരിപക്ഷം കുറച്ച ചെറിയാന് പിന്നീട് മറ്റൊരു അവസരം കൊടുക്കുന്നതിൽ മുൻകൈ എടുക്കാൻ ആൻ്റണി ശ്രമിച്ചില്ലെന്നതാണ് വാസ്തവം. പിന്നീട് ചെറിയാനെ നമ്മൾ കാണുന്നത് വർഷങ്ങൾക്ക് ശേഷം പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിക്കാൻ വരുമ്പോഴാണ്. ശരിക്കും ചെറിയാൻ്റെ കലിപ്പ് ഉമ്മൻ ചാണ്ടിയോട് ആയിരക്കണമെന്നില്ല. ആൻ്റണിയോട് തന്നെ ആയിരിക്കും. തൻ്റെ ഉള്ളിലുള്ള പക ആരോടെങ്കിലും കാണിച്ചു തീർക്കേണ്ടെ. അതാകും ചെറിയാൻ ഉമ്മൻ ചാണ്ടിയ്ക്കെതിരെ പുതുപ്പള്ളിയിൽ നടത്തിയ മത്സരത്തിൽ ചെയ്തത്. ആൻ്റണി ഗ്രൂപ്പിൽ നിന്ന് ഇന്ന് കോൺഗ്രസിൽ ആരെങ്കിലും വളർന്നിട്ടുണ്ടെങ്കിൽ അത് ഉമ്മൻ ചാണ്ടിയുടെ കഴിവ് കൊണ്ട് മാത്രം ആണ്. ചെറിയാൻ ഫിലിപ്പിന് കിട്ടാതെ പോയതും അതാണ്.

ചെറിയാൻ ഫിലിപ്പ് ഉമ്മൻ ചാണ്ടിയെക്കാളും ഉപരി എ കെ ആൻ്റണിയെ ആശ്രയിച്ചു. അദ്ദേഹത്തിൻ്റെ കപട ആദർശത്തിൽ വിശ്വസിച്ചു . ഇവിടെയാണ് ചെറിയാച്ചന് പാളിച്ച വന്നത്. നേരെ മറിച്ച് ഈ ചെറിയാൻ ഫിലിപ്പ് കരുണാകരനോടൊപ്പമായിരുന്നെ ങ്കിൽ ഇന്ന് എവിടെ ഇരുന്നേനെ. ഇന്ന് കോൺഗ്രസിലെ ഹൈക്കമാൻ്റിലെ ഏറ്റവും തലപ്പുത്തുള്ള കെ.സി വേണുഗോപാൽ പോലും കരുണാകരൻ്റെ കാരുണ്യത്തിൽ വളർന്നവരാണ്. വേണുഗോപാലിനെക്കാൾ ഏത്രയോ സീനിയർ ആണ് ഈ ചെറിയാൻ എന്നോർക്കണം. അത്രയ്ക്ക് നിർഗുണ സ്വഭാവത്തിനുടമ എന്ന് വേണമെങ്കിൽ എ കെ ആൻ്റണിയെ വിശേഷിപ്പിക്കാം. അതുകൊണ്ട് തന്നെ തൻ്റെ ചോർ ആയ കോൺഗ്രസ് പാർട്ടിയെ വഞ്ചിച്ച് ബി.ജെ.പി യിലേയ്ക്ക് ആനിൽ ആൻ്റണി ചേക്കേറിയിട്ടുണ്ടെങ്കിൽ അതിൽ ഒട്ടും അതിശയപ്പെടേണ്ട കാര്യമില്ല. കാരണം അനിൽ ആൻ്റണി സാക്ഷാൽ എ കെ ആൻ്റണിയുടെ മകനാണ്. അപ്പനെ കൊണ്ട് തനിക്കും പ്രത്യേകിച്ച് പ്രയോജനം ഉണ്ടാകില്ലെന്ന് അനിലിന് അറിയാം.

പഠിച്ച് മിടുക്കനായി ഇറങ്ങിയ അനിൽ ആൻ്റണി ഒരു ജോലിക്ക് ഇൻ്റർവ്യൂവിനൊക്കെ ആയി പല സ്ഥലങ്ങളിലും ക്യൂവിൽ നിൽക്കുന്നത് നാമൊക്കെ മാധ്യമങ്ങളിൽ കണ്ടതാണ്. അന്ന് അനിലിന് വേണ്ടി ഒരു ചെറുവിരൽ അനക്കാൻ പോലും ആൻ്റണി തയാറായില്ലെന്നതാണ് വാസ്തവം. നാട്ടുകാർക്കോ കൂടെയുള്ളവർക്കോ വേണ്ട, സ്വന്തം കുടുംബത്തിനെങ്കിലൂം ഈ ആൻ്റണിയെ കൊണ്ട് പ്രയോജനപ്പെടേണ്ടെയെന്നാണ് ആക്ഷേപം. ആൻ്റണിയുടെ മകൻ ആയി എന്നതുകൊണ്ട് മാത്രം ആൻ്റണി അറിയാതെ അനിലിനെ കോൺഗ്രസിൻ്റെ ഐ.ടി.സെൽ ചെയർമാനായി ആരോ കൊണ്ട് അവരോധിച്ചു. അത് പിന്നെ അനിൽ തൻ്റെ അലങ്കാരമാക്കി. ഇനി കോൺഗ്രസിൽ നിന്നാൽ രക്ഷയില്ലെന്ന് കണ്ടപ്പോൾ അപ്പനെ പോലും മാനിക്കാതെ അച്ഛൻ്റെ പേരു പോകുമെന്നു പോലും നോക്കാതെ മറുകണ്ടം ചാടി ബി.ജെ.പി യിൽ എത്തി. ഇപ്പോൾ ബി.ജെ.പി യുടെ പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയുമായി.

തന്നെ കോൺഗ്രസ് പാർട്ടിയിൽ, അപ്പനായിട്ടില്ല, മറ്റാരും സപ്പോർട്ട് ചെയ്യാനുണ്ടാകില്ലെന്ന് മനസിലാക്കി ബുദ്ധിപൂർവ്വം ഒരു നീക്കമാണ് അനിൽ നടത്തിയത്. കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് എ കെ ആൻ്റണിയുടെ മകൻ ബി.ജെ.പി യിൽ എത്തുന്നു എന്ന് പറഞ്ഞ് ബി.ജെ.പി നേതാക്കൾ അത് ആഘോഷിക്കുകയും ചെയ്തു. അനിലിന് അവർ കൊടുത്തതോ ബി.ജെ.പിയുടെ ദേശീയ സെക്രട്ടറി സ്ഥാനവും, അതും ഈ ചെറുപ്രായത്തിൽ. കോൺഗ്രസിൽ നിന്നാൽ ഇങ്ങനെയൊരു സ്ഥാനം അനിൽ ആൻ്റണിക്ക് സ്വപ്നം കാണാൻ പറ്റുമോ എന്ന് ആലോചിക്കണം. നാളെ കോൺഗ്രസ് തിരിച്ച് കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയാൽ അനിൽ ആൻ്റണിക്ക് തിരിച്ച് കോൺഗ്രസിലേയ്ക്ക് മടങ്ങി വരികയും ചെയ്യാം.

അങ്ങനെ വരുമ്പോൾ ആൻ്റണിയുടെ മകൻ ആയിട്ടുമാത്രമല്ല, ബി.ജെ.പി യുടെ ദേശീയ നേതാവായിട്ട് കൂടി ആയിരിക്കും അനിൽ വരുന്നത്. അതിന് മറ്റൊരു തിളക്കവും ഉണ്ടാകും. ഇന്ന് എന്തൊക്കെ എതിർത്താലും അന്ന് അനിലിന് ചുവപ്പ് പരവതാനി വിരിക്കാൻ കോൺഗ്രസ് നേതാക്കൾ തന്നെ ഉണ്ടാകും എന്ന കാര്യത്തിൽ അനിൽ അൻ്റണിയ്ക്ക് അല്ലാതെ മറ്റാർക്കാണ് കൂടുതൽ അറിയുന്നത്. തൻ്റെ അപ്പനെ കൂടുതൽ പഠിച്ചത് മകൻ തന്നെ അല്ലെ. ഇപ്പോൾ അനിൽ ആൻ്റണി എന്നത് കോൺഗ്രസിൻ്റെ വെറും കുട്ടി നേതാവ് അല്ല. കെ.സി.വേണുഗോപാലിനെപ്പോലെ തന്നെ ബി.ജെ.പി ദേശീയ തലത്തിലെ നേതാവ് കൂടി ആണെന്ന് ഓർക്കണം. ഒരു പക്ഷേ, അതായിരിക്കാം അനിൽ ആഗ്രഹിച്ചതും. മാത്രമല്ല, എ കെ ആൻ്റണി എന്ന നിർഗുണനായ നേതാവിനെതിരെ മകൻ നടത്തിയ ഒറ്റയാൾ പോരാട്ടവും ആയിരിക്കും ഇത്.

Anil Antony | അനിൽ ആൻ്റണിയുടെ മത്സരം അച്ഛൻ എകെ ആൻ്റണിയോടോ?

രാഷ്ട്രീയത്തിൽ ഒരു മൂല്യം ഇല്ലെന്ന് തെളിയിച്ച അനിൽ ആൻ്റണി ഇപ്പോൾ പത്തനംതിട്ടയിലെ ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാർത്ഥിയാകുന്നതിൽ എന്ത് അതിശയോക്തി ആണ് ഉള്ളത്. ഇന്ന് സ്വന്തം അപ്പനെക്കാളും ഒക്കെ അനിൽ ആൻ്റണിയ്ക്ക് തൃപ്തിപ്പെടുത്തേണ്ടത് മോദിയെയും ബി.ജെ.പി യെയും ആണെന്ന് വ്യക്തം. അതിന് അപ്പുറം ആരും അനിലിന് ഉണ്ടാകാൻ ഇടയില്ല. അതാണ് അനിൽ ആൻ്റണിയിലെ ഇന്നത്തെ രാഷ്ട്രീയക്കാരൻ. ശരിക്കും പറഞ്ഞാൽ സ്‌ഫടികം എന്ന സിനിമയിലെ ആടു തോമായും ചാക്കോ മാഷും പോലെ.

Keywords: News, Kerala, Congress, BJP, Politics, Election, Anil Antony, AK Antony, Lok-Sabha-Election-2024, candidate, Is Anil Antony's competition to his father AK Antony?, Shamil.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia