Statement recorded | മട്ടന്നൂര്‍ ജുമുഅ മസ്‌ജിദ് നിര്‍മാണത്തിൽ ക്രമക്കേട് നടത്തിയെന്ന കേസ്: മുസ്‌ലീം ലീഗ് നേതാവിന്റേതുൾപെടെ വീണ്ടും മൊഴിയെടുത്തു
Sep 26, 2022, 11:31 IST
കണ്ണൂര്‍: (www.kvartha.com) മട്ടന്നൂര്‍ ജുമുഅ മസ്ജിദ് പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുസ്‌ലിം ലീഗ് സംസ്ഥാന സെക്രടറി അബ്ദുർ റഹ് മാന്‍ കല്ലായി ഉള്‍പെടെ മൂന്നുപേരുടെ മൊഴി വീണ്ടും പൊലീസ് ശേഖരിച്ചു. തിങ്കളാഴ്ച രാവിലെ മുതലാണ് മൂന്ന് പേരെയും മട്ടന്നൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഒ എം കൃഷ്ണന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു തുടങ്ങിയത്. പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ഉപാധിയോടെയാണ് തലശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എവി മൃദുല കഴിഞ്ഞ ദിവസം ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.
മട്ടന്നൂര്‍ മഹല്ല് കമിറ്റിയുടെ മുന്‍ പ്രസിഡന്റാണ് അബ്ദുർ റഹ് മാന്‍ കല്ലായി. നിലവിലെ മഹല്ല് കമിറ്റി പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ എംസി കുഞ്ഞഹ് മദ്, സെക്രടറി യു മഅറൂഫ് എന്നിവരാണ് കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച മറ്റുള്ളവര്‍. മൂന്നുപേരും 26ന് മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം, രാജ്യം വിടാന്‍ പാടില്ല, പാസ്‌പോര്‍ട് പൊലീസ് സ്റ്റേഷനിലോ കോടതിയിലോ ഹാജരാക്കണമെന്നായിരുന്നു ജാമ്യവ്യവസ്ഥയിലെ നിബന്ധന. പള്ളി കമിറ്റിയംഗമായ മട്ടന്നൂര്‍ നിടുവോട്ടുംകുന്നിലെ എംപി ശമീറിന്റെ പരാതിയില്‍ മട്ടന്നൂര്‍ പാെലീസാണ് കേസെടുത്തത്. വഖഫ് ബോര്‍ഡിന്റെ അനുമതിയും ടെന്‍ഡറും കൂടാതെ 9.78 കോടി രൂപ പള്ളി നിര്‍മാണത്തിനായി ചിലവഴിക്കുകയും ബിലുകളില്‍ കൃത്രിമം കാണിച്ചെന്നുമാണ് പരാതി.
മട്ടന്നൂരില്‍ നടന്നത് വിശ്വാസികളുടെ പണം ദുരുപയോഗിച്ചുള്ള കൊളളയാണെന്ന് സിപി.എം ജില്ലാ സെക്രടറിയേറ്റംഗം എംപി പുരുഷോത്തമന്‍ ആരോപിച്ചു. നഗരസഭയില്‍ നിന്നും അനുമതി വാങ്ങാതെയാണ് പള്ളി നിര്‍മാണം നടത്തിയത്. ഇതിനെതിരെയുള്ള പരാതിയും പൊലീസില്‍ നല്‍കിയിട്ടുണ്ട്. മട്ടന്നൂരിലെ ജുമുഅ മസ്ജിദ് നിര്‍മാണവുമായി ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേടുകള്‍ നടന്നുവെന്ന ആരോപണം ശക്തമാണ്. ഇത്തരത്തില്‍ നിരവധി പരാതികള്‍ പൊലീസിന് നേരത്തെയും ലഭിച്ചിട്ടുണ്ടെന്നും പുരുഷോത്തമന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ വഖഫ് ബോര്‍ഡിന്റെ പണം തട്ടിയെടുത്തുവെന്ന പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിലാണ് മുസ്‌ലീംലീഗ് സംസ്ഥാന നേതൃത്വം. കല്ലായിയെ പൂര്‍ണമായും സംരക്ഷിക്കുന്ന നിലപാടാണ് ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വം സ്വീകരിച്ചത്.
Keywords: Irregularity in mosque construction: Muslim League leader's statement recorded again, Kerala,Kannur,News,Top-Headlines,Muslim-League,Mattannur,Secretary,Police,Case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.