അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ജേക്കബ് തോമസിന്റെ ഐ പി എസ് സേവനത്തിന് വിരാമം; വിരമിക്കുന്നത് രണ്ട് അഴിമതിക്കേസുകളില്‍ പ്രതിയായി

 


ADVERTISEMENT

ഷൊര്‍ണ്ണൂര്‍: (www.kvartha.com 01/06/2020)  35 വര്‍ഷത്തെ ഐ പി എസ് സേവനം അവസാനിപ്പിച്ച് ഡോ ജേക്കബ് തോമസ്. ഷൊര്‍ണ്ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡിയായാണ് ഡോ ജേക്കബ് തോമസ് വിരമിക്കുന്നത്. സര്‍വീസ് കാലയളവില്‍ വിവാദങ്ങളുടെ ഒരു പെരുമഴതന്നെ അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനില്‍ ഇപ്പോഴും പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം പറയുന്നു. 'സിവില്‍ സര്‍വീസ്  അവസാന ദിനത്തിന്റെ തുടക്കവും, ഉറക്കവും ഷൊര്‍ണ്ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ഓഫീസില്‍' എന്ന തലക്കെട്ടോടെ അദ്ദേഹം ഫേയ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്.

ഒരു യാത്രയയപ്പ് ചടങ്ങില്‍ പോലും പങ്കെടുക്കാതെയാണ് തന്റെ ഐ പി എസ് സേവനം ജേക്കബ് തോമസ് അവസാനിപ്പിക്കുന്നത്. പൊലീസ് ആസ്ഥാനത്ത് നടന്നതും ഐ പി എസ് അസോസിയേഷന്‍ നടത്തിയതുമായ യാത്രയയപ്പ് ചടങ്ങുകളില്‍ നിന്ന് പോലും ജേക്കബ് തോമസ് വിട്ടു നിന്നു.

പിണറായി സര്‍ക്കാരിന്റെ തുടക്കകാലത്ത് വിജിലന്‍സ് ഡയറക്ടറുടെ സുപ്രധാന തസ്തികയിലായിരുന്നു ജേക്കബ് തോമസ്. എന്നാല്‍ വിവിധ മേഖലയില്‍ വിജിലന്‍സ് പിടിമുറുക്കിയതോടെ ഐ എ എസ് ഉദ്യോഗസ്ഥരുള്‍പ്പെടെ ജേക്കബ് തോമസിനെതിരെ തിരിയുകയായിരുന്നു. ജേക്കബ് തോമസിനെതിരെ പല ആരോപണങ്ങള്‍ ഉയര്‍ന്നു വന്നപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ ജേക്കബ് തോമസിനെ അനുകൂലിക്കുകയായിരുന്നു.

ഇ പി ജയരാജനെതിരെ ബന്ധുനിയമന പരാതിയില്‍ കേസെടുത്തതോടെ സര്‍ക്കാരുമായി നേരിട്ടൊരു ഏറ്റുമുട്ടലിലേക്ക് ജേക്കബ് തോമസ് തിരിഞ്ഞു. ഇതോടെ ഉന്നത ഉദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും മുഖ്യമന്ത്രിയും ജേക്കബ് തോമസിനോട് ഇടഞ്ഞു. ജേക്കബ് തോമസ് കൊണ്ടുവന്ന പരിഷ്‌കാരങ്ങളെല്ലാം സര്‍ക്കാര്‍ നിര്‍ത്തലാക്കി. ജേക്കബ് തോമസിനോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

അവധി കഴിഞ്ഞ് തിരിച്ചെത്തിയ ജേക്കബ് തോമസിന് സര്‍ക്കാര്‍ നല്‍കിയത് എഎംജി ഡയറക്ടുടെ അപ്രധാനമായ പദവിയാണ്. ഇതോടെ സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായി ജേക്കബ് തോമസ് മാറി. ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ച സമയത്ത് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചതോടെ സസ്‌പെന്‍ഷനിലായ ജേക്കബ് തോമസ് പിന്നീട് അനുമതിയില്ലാതെ പുസ്‌കങ്ങള്‍ എഴുതിയതിന് വീണ്ടും അച്ചടക്ക നടപടിക്ക് വിധേയനായി. രണ്ടു വര്‍ഷം അച്ചക്കടനടപടിയുടെ ഭാഗമായി പുറത്തുനില്‍ക്കേണ്ടി വന്ന ജേക്കബ് തോമസ് നിയമപോരാട്ടത്തിനൊടുവിലാണ് സര്‍വ്വീസില്‍ തിരികെയെത്തിയത്. നഷ്ടത്തിലോടുന്ന ഷൊര്‍ണ്ണൂര്‍ മെറ്റല്‍ ഇന്‍സ്ട്രീസിലാണ് പിന്നീട് സര്‍ക്കാര്‍ കസേര നല്‍കിയത്.

അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ജേക്കബ് തോമസ് വിരമിക്കുന്നത് രണ്ട് അഴിമതിക്കേസുകളില്‍ പ്രതിയാണെന്ന കാര്യം ശ്രദ്ധേയമാണ്.


അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ജേക്കബ് തോമസിന്റെ ഐ പി എസ് സേവനത്തിന് വിരാമം;  വിരമിക്കുന്നത് രണ്ട് അഴിമതിക്കേസുകളില്‍ പ്രതിയായി


Keywords: Kerala, News, palakkad, IPS Officer, Retirement, Pinarayi vijayan, Corruption, IPS officer Dr.Jacob thomsom Retirement

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia