Court Ruling | ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ ബാലചന്ദ്ര മേനോന് ഇടക്കാല മുന്‍കൂര്‍ ജാമ്യം


● പരാതി നല്‍കാന്‍ കാലതാമസം എടുത്തതിനെ കുറിച്ച് നടി പറയുന്നില്ലെന്ന് കോടതി
● ജസ്റ്റിസ് സി എസ് ഡയസ് ആണ് നവംബര്‍ 21 വരെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്
● അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ജാമ്യം അനുവദിക്കണമെന്നും ഉത്തരവ്
● ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത് പ്രോസിക്യൂഷന്‍
കൊച്ചി: (KVARTHA) ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ ബാലചന്ദ്ര മേനോന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. ആലുവ സ്വദേശിയായ നടി നല്‍കിയ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം.
ജസ്റ്റിസ് സി എസ് ഡയസ് ആണ് നവംബര്‍ 21 വരെ ബാലചന്ദ്ര മേനോനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ജാമ്യം അനുവദിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. നടന്മാരായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു അടക്കമുള്ള നടന്മാര്‍ക്കെതിരെയും ഇതേ നടി തന്നെ നേരത്തേ പരാതി നല്‍കിയിരുന്നു.
ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അഭിഭാഷക വ്യക്തമാക്കി. തുടര്‍ന്ന് കേസ് നവംബര്‍ 21ന് വീണ്ടും പരിഗണിക്കാനായി മാറ്റി.
മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ട് കോടതിയുടെ നിരീക്ഷണം:
2007 ജനുവരി ഒന്നിനും 21നുമാണ് ലൈംഗികാതിക്രമത്തിന് ആധാരമായ സംഭവങ്ങള്‍ ഉണ്ടായത് എന്നാണു പരാതിക്കാരി പറയുന്നത്. എന്നാല്‍ പരാതി നല്‍കുന്നത് ഈ വര്‍ഷം സെപ്റ്റംബര്‍ 30നാണ്. എന്തുകൊണ്ടാണ് പരാതി നല്‍കാന്‍ ഇത്രയും കാലതാമസമുണ്ടായത് എന്ന് ബോധ്യമാകുന്ന വിശദീകരണം നല്‍കാന്‍ പരാതിക്കാരിക്ക് സാധിച്ചിട്ടില്ല. മാത്രമല്ല, ഇതു സംബന്ധിച്ച് സുപ്രീം കോടതിയുടെ മുന്‍വിധിന്യായങ്ങളുമുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണു മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതായി കോടതി ഉത്തരവിട്ടത്.
'2007ല്‍ 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് നടി ആരോപിക്കുന്നത്. ഇത് വാസ്തവവിരുദ്ധവും കെട്ടിച്ചമച്ചതുമാണ്. 2024 സെപ്റ്റംബര്‍ 13ന് തന്നെയും ഭാര്യയെയും നടിയുടെ അഭിഭാഷകന്‍ എന്ന് പരിചയപ്പെടുത്തിയ വ്യക്തി ഒട്ടേറെ തവണ ഫോണില്‍ വിളിച്ചു. പരാതി നല്‍കാന്‍ പോവുകയാണെന്ന് ഭീഷണിപ്പെടുത്തി.
പണം തട്ടാനുള്ള ശ്രമമാണ് നടന്നതെന്നു മനസ്സിലായി. ചിത്രത്തില്‍ പ്രസ്തുത നടിക്ക് വളരെ ചെറിയ റോള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവസാന എഡിറ്റിങ്ങില്‍ ചിത്രത്തിന്റെ നിര്‍മാതാവ് ഈ രംഗങ്ങളും നീക്കി. തനിക്കെതിരെ നല്‍കിയിരിക്കുന്ന പരാതിക്ക് പുറമെ ഇനിയും ആരോപണങ്ങള്‍ ഉയര്‍ത്തി അറസ്റ്റ് ചെയ്യിക്കാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണം എന്നും ബാലചന്ദ്ര മേനോന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടു.
നേരത്തേ നടന്‍ സിദ്ദീഖ് ഒഴികെയുള്ളവര്‍ക്ക് ഹൈകോടതിയില്‍ നിന്നും കീഴ് ക്കോടതികളില്‍ നിന്നും ജാമ്യം ലഭിച്ചിരുന്നു. തനിക്കു മുന്‍കൂര്‍ജാമ്യം നിഷേധിച്ചതിനെതിരെ സിദ്ദീഖ് സുപ്രീം കോടതിയെ സമീപിച്ച് താല്‍ക്കാലിക ജാമ്യം നേടിയിരുന്നു. കേസ് വൈകാതെ വീണ്ടും പരിഗണിക്കും.
#BalachandraMenon, #MalayalamCinema, #KeralaCourt, #InterimBail, #LegalNews, #ImmoralAssaultCase