Landslide | ഉരുള്‍ പൊട്ടല്‍: വെള്ളിയാഴ്ച മുതല്‍ 40 ടീമുകള്‍ ആറ് സെക്ടറുകളായി തിരിഞ്ഞ് തിരച്ചില്‍ നടത്തും
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വയനാട്: (KVARTHA) മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ വെള്ളിയാഴ്ച മുതല്‍ 40 ടീമുകള്‍ തിരച്ചില്‍ മേഖല 6 സോണുകളായി തിരിച്ച് തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അട്ടമലയും ആറന്‍മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍.
മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാര്‍മല വില്ലേജ് റോഡ് നാലാമത്തേതും ജി വി എച്ച് എസ് എസ് വെള്ളാര്‍മല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്.
പട്ടാളം, എന്‍ ഡി ആര്‍ എഫ്, ഡി എസ് ജി, കോസ്റ്റ് ഗാര്‍ഡ്, നേവി, എംഇജി ഉള്‍പ്പെടെയുള്ള സംയുക്ത സംഘമാണ് തിരച്ചില്‍ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും.
ഇതിന് പുറമെ വെള്ളിയാഴ്ച മുതല്‍ ചാലിയാര്‍ കേന്ദ്രീകരിച്ച് ഒരേസമയം മൂന്ന് രീതിയില്‍ തിരച്ചിലും തുടങ്ങും.
40 കിലോമീറ്ററില്‍ ചാലിയാറിന്റെ പരിധിയില്‍ വരുന്ന എട്ട് പൊലീസ് സ്റ്റേഷന്റെ പുഴ ഭാഗങ്ങളില്‍ പൊലീസും നീന്തല്‍ വിദഗ്ധരായ നാട്ടുകാരും ചേര്‍ന്ന് തിരയും. പൊലീസ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സമാന്തരമായി മറ്റൊരു തിരച്ചില്‍ നടത്തും. ഇതോടൊപ്പം കോസ്റ്റ് ഗാര്‍ഡും നേവിയും വനം വകുപ്പും ചേര്‍ന്ന് പുഴയുടെ അരികുകളും മൃതദേഹങ്ങള്‍ തങ്ങാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ചും തിരച്ചില്‍ നടത്തും.
25 ആംബുലന്‍സ് ആണ് ബെയ്‌ലി പാലം കടന്നു മുണ്ടക്കൈയിലേക്ക് ഒരു ദിവസം കടത്തിവിടുക. 25 ആംബുലന്‍സുകള്‍
മേപ്പാടി പോളിടെക്‌നിക് ക്യാംപസില്‍ പാര്‍ക്ക് ചെയ്യും. ഓരോ ആംബുലന്‍സിനും ജില്ലാ കലക്ടര്‍ പ്രത്യേക പാസ് നല്‍കും.
മണ്ണില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്താനായി ഡെല്‍ഹിയില്‍ നിന്നും ഡ്രോണ്‍ ബേസ്ഡ് റഡാര്‍ ശനിയാഴ്ച എത്തുമെന്നും മന്ത്രി അറിയിച്ചു. നിലവില്‍ 6 നായകളാണ് തിരച്ചിലില്‍ സഹായിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും നാലു കഡാവര്‍ നായകള്‍ കൂടി വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. തിരച്ചിലിന് വേണ്ടത്ര ജെസിബി, ഹിറ്റാച്ചി, കട്ടിങ് മെഷീന്‍ എന്നിവ ലഭ്യമാക്കും.
വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിസഭ ഉപസമിതി അംഗങ്ങളായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, ഒ ആര്‍ കേളു എന്നിവരും ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീയും പങ്കെടുത്തു. നേരത്തെ മന്ത്രിസഭാ ഉപസമിതി വിവിധ സേനകളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും യോഗം ചേര്‍ന്നു. എല്ലാ സേനകളും വ്യാഴാഴ്ച നടത്തിയ പ്രവര്‍ത്തനങ്ങളും വെള്ളിയാഴ്ച നടത്താന്‍ പോകുന്ന പ്രവര്‍ത്തനങ്ങളും വിവരിച്ചു.
1200 പേര്‍ വ്യാഴാഴ്ചത്തെ തിരച്ചിലില്‍ മൊത്തം പങ്കെടുത്തതായി സേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
