Order | വെള്ളപ്പൊക്കത്തിൽ പെട്ട കാറിന് ഇൻഷുറൻസ് തുക നൽകിയില്ല; ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കോടതി
● ഇൻഷുറൻസ് പ്രീമിയമായി 10,620 രൂപ അടച്ചു.
● ഇൻഷുറൻസ് കമ്പനി നൽകിയത് 8000 രൂപ മാത്രമായിരുന്നു.
തിരുവനന്തപുരം: (KVARTHA) വെള്ളപ്പൊക്കത്തിൽ കാർ മുങ്ങി തകരാറിലായയാൾക്ക് ഇൻഷുറൻസ് തുക നൽകിയില്ല. എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു. ബമ്പർ ടു ബമ്പർ ഇൻഷുറൻസ് ഉണ്ടായിരുന്നിട്ടും ഇൻഷുറൻസ് കമ്പനി പണം നൽകിയില്ലെന്ന പരാതിയിലാണ് ഈ വിധി. സർവീസ് സെൻററും ഇൻഷുറൻസ് കമ്പനിയും നഷ്ടപരിഹാരവും കോടതി ചെലവും ഇൻഷുറൻസ് തുകയും ഉപഭോക്താവിന് നൽകണമെന്നാണ് കമ്മിഷൻ വിധിച്ചത്.
എറണാകുളം സ്വദേശി പി. ടി ഷാജു, സായി സർവീസസ് ഇടപ്പിള്ളി, മാരുതി ഇൻഷുറൻസ്, പോപ്പുലർ വെഹിക്കിൾസ് & സർവീസസ് എന്നിവർക്കെതിരെയായിരുന്നു പരാതി നൽകിയത്. വെള്ളപ്പൊക്കത്തിൽ കാറിൻ്റെ എഞ്ചിൻ ബ്ലോക്ക് ആവുകയും റിപ്പയർ ചെയ്യാൻ കഴിയില്ലെന്ന് സർവീസ് സെൻറർ അറിയിക്കുകയായിരുന്നു. എന്നാൽ, ഇൻഷുറൻസ് കമ്പനി വാഹനത്തിന്റെ മൂല്യത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമേ നൽകാൻ തയ്യാറായുള്ളൂ.
പരാതിക്കാരൻ വാങ്ങിയത് മാരുതി ബലേനോ ആൽഫാ പെട്രോൾ കാറായിരുന്നു. കാറിന് ബമ്പർ ടു ബമ്പർ ഇൻഷുറൻസ് എടുത്തിരുന്നു. ഇൻഷുറൻസ് പ്രീമിയമായി 10,620 രൂപ അടച്ചു. കൂടാതെ, എക്സ്റ്റൻഡഡ് വാറണ്ടിയും എതിർകക്ഷികൾ വാഗ്ദാനം ചെയ്തു.
മാറ്റിവയ്ക്കുന്നതിനായി 64,939 രൂപ ആവശ്യമായിരുന്നുവെങ്കിലും ഇൻഷുറൻസ് കമ്പനി നൽകിയത് 8000 രൂപ മാത്രമായിരുന്നു. ബാക്കിയുള്ള 56,939 രൂപയും 40,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരൻ കമ്മീഷനെ സമീപിച്ചത്. 8000 രൂപ മാത്രമേ നൽകാൻ കഴിയൂ എന്നായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ വാദം. എന്നാൽ, ഇൻഷുറൻസ് കമ്പനിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാർമിക വ്യാപാര രീതിയുമാണെന്ന് ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.
കേസിൽ, കോടതി ഇൻഷുറൻസ് കമ്പനിയെ 56,939 രൂപ ഇൻഷുറൻസ് തുക, 30,000 രൂപ നഷ്ടപരിഹാരം, 15,000 രൂപ കോടതി ചെലവ് എന്നിവ 30 ദിവസത്തിനുള്ളിൽ പരാതിക്കാരന് നൽകാൻ ഉത്തരവ് നൽകി. അഡ്വ. ഈശ്വരപ്രസാദ് പരാതിക്കാരന്റെ വക്കീലായി കോടതിയിൽ ഹാജരായി.
#insurancefraud, #carinsurance, #flooddamage, #consumerrights, #Kerala, #India