Qasim Irikkur | '90 കളുടെ തുടക്കത്തില്‍ ഇബ്രാഹീം സുലൈമാന്‍ സേട്ട് വെട്ടിത്തുറന്ന് വ്യക്തമാക്കിയിരുന്നതാണ് മണിശങ്കര്‍ അയ്യര്‍ ആത്മകഥയുടെ പ്രകാശനത്തോടനുബന്ധിച്ച് പറഞ്ഞത്'; എന്തുകൊണ്ട് ഇന്‍ഡ്യയുടെ പ്രധാനമന്ത്രി ലോകത്തെ നടുക്കിയ ഈ ദുരന്തത്തിന് കാര്‍മികത്വം വഹിച്ചുവെന്ന ചോദ്യത്തിനുള്ള മറുപടിയാണ് അതില്‍ പരാമര്‍ശിക്കുന്നതെന്ന് ഖാസിം ഇരിക്കൂര്‍
Aug 26, 2023, 12:38 IST
ന്യൂഡെല്‍ഹി: (www.kvartha.com) പി വി നരസിംഹറാവുവിനെ ബി ജെ പിയുടെ ആദ്യ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യറിനെ അനുകൂലിച്ച് ഐഎന്‍എല്‍ സംസ്ഥാന ജെനറല്‍ സെക്രടറി ഖാസിം ഇരിക്കൂര്‍. പി.വി നരസിംഹ റാവു ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന് ഉറച്ചുവിശ്വസിച്ച ഒരു നേതാവാണെന്നും തന്നോട് അത് തുറന്നുപറഞ്ഞിട്ടുണ്ടെന്നും അയ്യര്‍ പറയുമ്പോള്‍ കോണ്‍ഗ്രസുകാര്‍ മാത്രമല്ല നിഷ്പക്ഷ മതികളെല്ലാം ഞെട്ടിത്തരിക്കുന്നുണ്ടാവണം. എന്നാല്‍ ഇബ്രാഹീം സുലൈമാന്‍ സേട്ടിന്റെ അനുയായികള്‍ക്ക് മണിശങ്കര്‍ അയ്യരുടെ വെളിപ്പെടുത്തലില്‍ ഒരു പുതുമയും തോന്നുന്നില്ലെന്നും 90 കളുടെ തുടക്കത്തില്‍ സ്വകാര്യ സംഭാഷണത്തിലും പൊതുയോഗങ്ങളിലെല്ലാം റാവു ഇത് വെട്ടിത്തുറന്നു പറയുമായിരുന്നുവെന്നും ഖാസിം ഇരിക്കൂര്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.
ഖാസിം ഇരിക്കൂറിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മീസ്റ്റര്‍ മണിശങ്കര്‍ അയ്യര്‍,
സുലൈമാന്‍ സേട്ട് 30 കൊല്ലം
മുമ്പ് ഇത് പറഞ്ഞതാണ്!
ഞാന്‍ ഇഷ്ടപ്പെടുന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് മണിശങ്കര്‍ അയ്യര്‍. ഇന്ത്യന്‍ വിദേശകാര്യ വകുപ്പില്‍നിന്ന് നേരെ രാഷ്ട്രീയക്കളത്തിലിറങ്ങി ബുദ്ധിയും വിവരവും വൈഭവനും തെളിയിച്ച ശുദ്ധ മതേതരവാദിയാണ് അദ്ദേഹം. ആ ജനുസ്സില്‍പ്പെട്ട ഒരാളേ ഇന്ന് കോണ്‍ഗ്രസിലുള്ളു; അത് നമ്മുടെ ശശി തരൂരാണ്.
മണിശങ്കര്‍ അയ്യര്‍ തന്റെ ആത്മകഥയുടെ പ്രകാശനത്തോടനുബന്ധിച്ച് ഒരഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സംവാദത്തിന് തിരി കൊളുത്തിയിട്ടുണ്ട്. അതാവശ്യമാണ് താനും. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഒരു നിര്‍ണായക സന്ധിയില്‍ (199196) രാജ്യഭരണം കൈയാളിയ പി.വി നരസിംഹ റാവു ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന് ഉറച്ചുവിശ്വസിച്ച ഒരു നേതാവാണെന്നും തന്നോട് അത് തുറന്നുപറഞ്ഞിട്ടുണ്ടെന്നും അയ്യര്‍ പറയുമ്പോള്‍ കോണ്‍ഗ്രസുകാര്‍ മാത്രമല്ല നിഷ്പക്ഷ മതികളെല്ലാം ഞെട്ടിത്തരിക്കുന്നുണ്ടാവണം. റാവുവാണ് ഇന്ത്യയുടെ 'ആദ്യത്തെ ബി.ജെ.പി പ്രധാനമന്ത്രി' എന്ന് കൂടി കേള്‍ക്കുമ്പോള്‍ കഥ പൂര്‍ത്തിയാവുന്നു.
എന്നാല്‍, ഞങ്ങള്‍ക്ക്, ഇബ്രാഹീം സുലൈമാന്‍ സേട്ടിന്റെ അനുയായികള്‍ക്ക് മണിശങ്കര്‍ അയ്യരുടെ വെളിപ്പെടുത്തലില്‍ ഒരു പുതുമയും തോന്നുന്നില്ല. കാരണം, സുലൈമാന്‍ സേട്ട് 1990കളുടെ തുടക്കത്തില്‍ സ്വകാര്യ സംഭാഷണത്തിലും പൊതുയോഗങ്ങളിലെല്ലാം വെട്ടിത്തുറന്നു പറയുമായിരുന്നു റാവു ആര്‍.എസ്.എസുകാരനാണെന്ന്.
മൂന്നാം സര്‍ സംഘ് ചാലക്കായിരുന്ന ബാലാസാഹെബ് ദേവറസ് മരണശയ്യയില്‍ കിടക്കുമ്പോള്‍ എഴുതിവെച്ച പിന്‍ഗാമിയുടെ പേര് പി.വി നരസിംഹറാവിന്റേതായിരുന്നുവെന്ന് സംഘ്പരിവാര്‍ അകത്തളങ്ങളില്‍ തമാശരൂപേണയായെങ്കിലും ഒരു വേള പ്രചരിപ്പിക്കപ്പെട്ടിരുന്നു.
1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ആ ഞായറാഴ്ച വൈകുന്നേരം പ്രധാനമന്ത്രിയുടെ വസതിയില്‍ ചെന്ന് റാവുവിന്റെ മുഖത്ത് നോക്കി സേട്ട് സാഹിബ് പറഞ്ഞിട്ടുണ്ട്; താങ്കര്‍ ഈ രാജ്യത്തെ വഞ്ചിച്ചിരിക്കയാണെന്ന്. ആര്‍.എസ്.എസിന്റെ പദ്ധതിയാണ് നടപ്പാക്കിയിരിക്കുന്നത് എന്നും.
അന്ന് സേട്ട് സാഹിബിനോടൊപ്പമുണ്ടായിരുന്ന സയ്യിദ് ശഹാബുദ്ദീന്‍ പിന്നീട് സ്വകാര്യസംഭാഷണത്തില്‍ റാവുവുമായുള്ള ആ കൂടിക്കാഴ്ചയെ കുറിച്ച് ഓര്‍മിച്ചെടുത്തത് അല്‍പം വിറയലോടെയാണ്: 'ഞാന്‍ ജീവിതത്തില്‍ ഇങ്ങനെ പേടിച്ച ഒരു സന്ദര്‍ഭമുണ്ടായിട്ടില്ല, സേട്ട് സാഹിബിന്റെ വിരലുകള്‍ റാവുവിന് നേരെ നീണ്ടു നീണ്ടുപോവുകയായിരുന്നു. റാവുവിന്റെ മുഖത്ത് നോക്കി ഗര്‍ജിക്കുകയായിരുന്ന സേട്ട് സാഹിബ് പ്രധാനമന്ത്രിയുടെമേല്‍ കൈ വെച്ചേക്കുമോ എന്ന് പോലും ഭയപ്പെട്ടു.' ആധുനിക ലോക ചരിത്രത്തില്‍ ഒരു ഭരണാധികാരിയുടെ മുഖത്ത് നോക്കി ഇങ്ങനെ ഒരു നേതാവ് വിരല്‍ കൈ ചൂണ്ടിയതായി കാണാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞുനിര്‍ത്തി.
പള്ളി തച്ചുടക്കുന്നത് തടയണമെന്നുണ്ടെങ്കില്‍ റാവുവിന് ഒരു നിമിഷാര്‍ധം കൊണ്ട് പട്ടാളത്തെ വിളിച്ച് കര്‍സേവകരുടെ വേഷമിട്ട് വന്ന സംഘ് ഗുണ്ടകളെ അവിടെ നിന്ന് ഓടിക്കാമായിരുന്നു. പക്ഷേ, ഒരു മഹത്തായ പുണ്യകര്‍മം സരയൂ നദീതീരത്ത് അരങ്ങേറുകയാണെന്ന വിശ്വാസത്തില്‍ റാവു രാവിലെ തൊട്ട് പൂജാമുറിയിലായിരുന്നു. ബാബരി മസ്ജിദ് പൊടപടലമായി മാറുന്ന 6.30 വരെ മുസ്ലിം നേതാക്കള്‍ ആവശ്യപ്പെട്ട അപ്പോയ്മെന്റ് പോലും നല്‍കിയില്ല. ഓരോ സംഭവവികാസവും അപ്പപ്പോള്‍ അദ്ദേഹം അറിയുണ്ടായിരുന്നു.
എന്തുകൊണ്ട് ഇന്ത്യയുടെ പ്രധാനമന്ത്രി ലോകത്തെ നടുക്കിയ ഈ ദുരന്തത്തിന് കാര്‍മികത്വം വഹിച്ചു എന്ന ചോദ്യത്തിനുള്ള മറുപടിയാണ് മണിശങ്കര്‍ അയ്യര്‍ ആത്മകഥയില്‍ പരാമര്‍ശിക്കുന്നത്.
ഒന്നാമതായി, ബാബരി മസ്ജിദ് തകര്‍ത്ത് അവിടെ രാമക്ഷേത്രം പണിയണം എന്ന സംഘ്പരിവാര്‍ കാഴ്ചപ്പാട് തന്നെയാണ് കോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയായി റാവുവിന്റേതും. രണ്ടാമതായി, അയ്യര്‍ സൂചിപ്പിക്കുന്നത് പോലെ, രാജ്യത്തെ മതേതര പാതയില്‍നിന്ന് വര്‍ഗീയ പാതയിലേക്ക് നയിച്ച നരസിംഹറാവുവില്‍നിന്ന് മറ്റൊരു തീരുമാനം പ്രതീക്ഷിക്കുന്നത് പോലും വിഡ്ഡിത്തമാണ്. കടുത്ത വര്‍ഗീയവാദിയും വിഭാഗീയ ചിന്ത വെച്ചുപുലര്‍ത്തുന്ന ആളുമാണ് ഈ തെലുഗ് ബ്രാഹ്മണന്‍. അത് പറഞ്ഞുതരാന്‍ തമിഴ് ബ്രാഹ്മണനായ മണിശങ്കര്‍ അയ്യറെ കാലം നിയോഗിച്ചുവെന്നത് മറ്റൊരു കാവ്യനീതി.
മണിശങ്കറയ്യര്‍ നമ്മുടെ മുന്നില്‍ നിരത്തിയ സത്യപ്രസ്താവത്തിന്റെ ഗൗരവം പൂര്‍ണമായി ഉള്‍ക്കൊള്ളാനാവണമെങ്കില്‍ നരസിംഹറാവുവുമായുള്ള പോരാട്ടത്തില്‍ ഇബ്രാഹീം സുലൈമാന്‍ സേട്ട് അനുഭവിച്ച കഷ്ടനഷ്ടങ്ങളുടെ കണക്കുപുസ്തകത്തിലൂടെ ഒന്ന് കണ്ണോടിച്ചുനോക്കേണ്ടതുണ്ട്. കോണ്‍ഗ്രസിന്റെ ജന്മബാധ്യതയായ മതേതര പ്രതിബദ്ധതയില്‍നിന്ന് ആര്‍.എസ്.എസിന്റെ ഹിന്ദുത്വ വീക്ഷണകോണിലേക്ക് തെന്നിമാറിയ രാജീവിന്റെ കാലം തൊട്ട് ഏകാന്തപഥികനായി രണഭൂമിയില്‍ പോരാടിയ ധീരനായ ഇബ്രാഹീം സുലൈമാന്‍ സേട്ടിനെ ഓര്‍ക്കാതെ ഈ ദുരന്തചരിത്രം പൂര്‍ത്തിയാകില്ല.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംഘ്പരിവാര്‍ നേതൃത്വവുമായുള്ള രഹസ്യ ധാരണയുടെ അടിസ്ഥാനത്തില്‍ പള്ളിയുടെ കൈവശമുള്ള തര്‍ക്കസ്ഥലത്ത് 1989ല്‍ ശിലാന്യാസം നടത്താന്‍ രാജീവ് സര്‍ക്കാര്‍ ഒത്താശ ചെയ്തുകൊടുത്തു. തര്‍ക്കസ്ഥലത്തിന് പുറത്താണ് എന്ന് കോണ്‍ഗ്രസും അവരെ പിന്താങ്ങുന്ന മീഡിയയും പ്രചരിപ്പിച്ചപ്പോള്‍, ഭരണകൂടം പറയുന്നത് പച്ചക്കള്ളമാണെന്ന് സുലൈമാന്‍ സേട്ട് തുറന്നടിച്ചത് കേരളത്തില്‍ ലീഗിന് സഹിക്കാനായില്ല. എല്‍.കെ അദ്വാനിയുടെ രഥയാത്ര രക്തച്ചാലുകള്‍ തീര്‍ത്ത്, വഴിവക്കിലാകെ മയ്യിത്തുകള്‍ നിറച്ചപ്പോള്‍ പാര്‍ലമെന്റിനകത്തും പുറത്തും സേട്ട് സാഹിബ് സിംഹഗര്‍ജനം നടത്തി.
മുസ്ലിം ലീഗിന്റെ ജിഹ്വ, പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്റിന്റെ പ്രസംഗം മുക്കി. മറ്റു പത്രങ്ങളില്‍, വിശിഷ്യാ മാധ്യമത്തില്‍ വരുന്ന വാര്‍ത്തകള്‍ ജമാഅത്തെ ഇസ്ലാമിയുടെ കുത്തിത്തിരിപ്പാണെന്ന് ലേഖനങ്ങള്‍ എഴുതി. മസ്ജിദിനെ ആര്‍.എസ്.എസിന്റെ അള്‍ത്താരയില്‍ കുരുതി കൊടുത്ത റാവുവിന് ഇനി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല എന്ന് സുലൈമാന്‍ സേട്ട് വെട്ടിത്തുറന്നു പറയാന്‍ തുടങ്ങിയപ്പോഴാണ് സേട്ടിന്റെ ശല്യം എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ ലീഗ് സംസ്ഥാന, അഖിലേന്ത്യാ നേതാക്കള്‍ (അതില്‍ പി.കെ കുഞ്ഞാലിക്കുട്ടി മാത്രമാണ് ഇന്ന് ജീവിച്ചിരിപ്പുള്ളത്. മറ്റുള്ളവരെല്ലം കാലയവനകിക്കുള്ളില്‍ മറഞ്ഞത് കൊണ്ട് പേര് പറയുന്നില്ല) 1994ല്‍ ദേശീയ എക്സിക്യൂട്ടീവ് യോഗം വിളിച്ചുചേര്‍ക്കുന്നതും സേട്ടിനെ അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനത്ത്നിന്ന് വലിച്ചു താഴെയിടുന്നതും.
സുലൈമാന്‍ സേട്ടിനെതിരെ കേരള നേതൃത്വം 20 പേജുള്ള ഒരു കുറ്റപത്രം തയാറാക്കി നേതാക്കള്‍ക്കിടയില്‍ വിതരണം ചെയ്തിരുന്നു. അതില്‍ ഒന്നാമതായി പറയുന്ന അപരാധം, പി.വി നരസിംഹ റാവുവിനോട് സുലൈമാന്‍ സേട്ട് പ്രധാനമന്ത്രി പദം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു എന്നതാണ്. 1991 ആഗസ്റ്റ് 15ന് പാലക്കാട്ട് സിറാജുന്നിസ എന്ന പെണ്‍കുട്ടി പോലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടതാണ് രണ്ടാമത്തെ അപരാധം. മുസ്ലിം ലീഗ് ഉള്‍ക്കൊള്ളുന്ന യു.ഡി.എഫ് ഭരിക്കുമ്പോള്‍ സേട്ട് എങ്ങനെ ഇത്തരമൊരു ആവശ്യം ഉന്നയിച്ചുവെന്നാണ് കുഞ്ഞാലിക്കുട്ടി കമ്പനി ചോദ്യം ചെയ്തത്.
ബാബരിയാനന്തരം ആര്‍.എസ്.എസിനൊപ്പം ജമാഅത്തെ ഇസ്ലാമിയെയും ഐ.എസ്.ഐയെയും നിരോധിച്ചത് ശരിയായില്ല എന്ന സേട്ടിന്റെ അഭിപ്രായപ്രകടനം കടന്ന കൈയായിപ്പോയി എന്ന് കേരള നേതാക്കള്‍ പരസ്യമായി വിമര്‍ശിച്ചു. ജമാഅത്തിനെ നിരോധിച്ചതിനെ ലീഗ് സ്വാഗതം ചെയ്തു. ചന്ദ്രികയെ ഒഴിവാക്കി മാധ്യമത്തിന് പരസ്യം കൊടുത്തത് ചതിയായിപ്പോയെന്ന് ലീഗ് നേതാക്കള്‍ ചാര്‍ജ് ഷീറ്റില്‍ വിവരിക്കുന്നുണ്ട്.
മുസ്ലിം ലീഗിനോട് വഴിപിരിഞ്ഞ സുലൈമാന്‍ സേട്ട് എം.എ ലത്തീഫ്, പ്രൊഫ. സുലൈമാന്‍, സി.കെ.പി ചെറിയ മമ്മുക്കേയി, പി.എം അബൂബക്കര്‍, യു.എ ബീരാന്‍ തുടങ്ങിയ നേതാക്കളുടെ പിന്തുണയോടെ 1994 ഏപ്രില്‍ 23ന് ഇന്ത്യന്‍ നാഷണല്‍ ലീഗിന് ബീജാവാപം നല്‍കിയ ചരിത്ര പശ്ചാത്തലം ഇതാണെന്ന് മനസ്സിലാക്കുമ്പോഴാണ് മതേതര പക്ഷത്തുനിന്നുകൊണ്ട് സേട്ട് സാഹിബ് നടത്തിയ രാഷ്ട്രീയ പോരാട്ടത്തിന്റെ ഔജ്ജ്വല്യം അനാവൃതമാകുന്നത്.
തന്റെ ആത്മകഥയിലൂടെ മണിശങ്കര്‍ അയ്യര്‍ തുറന്നുകാട്ടിയത് രാജ്യത്തിന്റെ മുന്നോട്ടുള്ള ഗമനത്തെ അപായഗര്‍ത്തത്തിലേക്ക് തള്ളിവിട്ട വര്‍ഗീയ വാദിയായ ഒരു കോണ്‍ഗ്രസ് നേതാവിന്റെ ശാപഗ്രസ്തമായ മുഖമാണ്. ആ നേതാവിന്റെ പിന്നില്‍ അണിനിരക്കുകയും, മതേതര മൂല്യങ്ങള്‍ക്ക് വേണ്ടി അടരാടിയ സേട്ട് സാഹിബിനെ തങ്ങളുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി ബലി കൊടുക്കുകയും ചെയ്ത മുസ്ലിം ലീഗ് നേതാക്കളുടെ മുഴുവന്‍ പാതകങ്ങളും ഇന്നല്ലെങ്കില്‍ നാളെ ചരിത്രപുസ്തകത്തില്‍ അടയാളപ്പെടുത്തിയേ കാലം കടന്നുപോകുള്ളുവെന്ന് മുന്നറിയിപ്പ് നല്‍കട്ടെ.
Keywords: News, Kerala, Kerala-News, Politics, Politics-News, INL, State General Secretary, Qasim Irikkur, Support, Mani Shankar Aiyar, BJP, Congress, INL State General Secretary Qasim Irikkur support's Mani Shankar Aiyar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.