Devotees Rise | ശബരിമലയില്‍ ഭക്തരുടെ എണ്ണം കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതല്‍; പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടില്ലെന്ന് ജില്ലാ പൊലീസ് ചീഫ്


● തുലാമാസ പൂജകള്‍ക്കായി നട തുറന്ന ശേഷം തിരക്ക് കൂടി വരുന്നു
● 16ന് വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്തവരുടെ എണ്ണം 11, 965
● പിന്നീടുള്ള ദിവസങ്ങളില്‍ എണ്ണം വര്‍ധിച്ചു
പത്തനംതിട്ട: (KVARTHA) ശബരിമലയില്‍ ഭക്തരുടെ എണ്ണം കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതലാണെന്നും എന്നാല്‍ പൊലീസിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായി എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പത്തനംതിട്ട പൊലീസ് ചീഫ് വി ജി വിനോദ് കുമാര്‍. പൊലീസുകാരുടെ എണ്ണം കൂട്ടേണ്ട സാഹചര്യമുണ്ടായപ്പോള്‍ ഫലപ്രദമായി ചെയ്തിട്ടുണ്ടെന്നും ശബരിമലയില്‍ പൊലീസ് മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഭക്തര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കാന്‍ പരമാവധി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തുലാമാസ പൂജകള്‍ക്കായി നട തുറന്ന ശേഷം ശബരിമല ദര്‍ശനത്തിന് തിരക്ക് കൂടി വരികയാണ്. നട തുറന്ന 16ന് വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്തവരുടെ എണ്ണം 11, 965 ആണെങ്കില്‍ പിന്നീടുള്ള ദിവസങ്ങളില്‍ എണ്ണം വര്‍ധിച്ചു. മാസപൂജയുടെ സമയങ്ങളില്‍ പടി പൂജയ്ക്കും ഉദയാസ്തമന പൂജയ്ക്കുമായി രണ്ടേകാല്‍ മണിക്കൂറോളം സമയമെടുക്കും. ഈ സമയത്താണ് ക്യൂവില്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ ചെറിയ കാലതാമസം ഉണ്ടാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ക്യൂവില്‍ നില്‍ക്കുന്ന ഭക്തര്‍ക്കെല്ലാം വെള്ളവും ബിസ്‌ക്കറ്റും നല്‍കുന്നുണ്ട്. അതിലൊരു വീഴ്ചയും ഉണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം തുലാമാസ പൂജയ്ക്ക് എത്തിയവരേക്കാള്‍ ഭക്തരാണ് ഇപ്പോള്‍ എത്തുന്നത്. നട തുറന്ന ശേഷം ആകെ എത്തിയവരുടെ എണ്ണം ലക്ഷം കവിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
#Sabarimala #Devotees #ThulamPooja #PoliceControl #Temple #Pilgrimage