വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ മോശം രീതിയില്‍ പ്രചരിപ്പിച്ച സംഭവം; കുറ്റക്കാര്‍കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com 14.08.2021) ചില സാമൂഹ്യവിരുദ്ധര്‍ ഫോണ്‍ നമ്പര്‍ മോശം രീതിയില്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് അപമാനം നേരിടുകയും ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്ത വീട്ടമ്മയുടെ പരാതിയില്‍ എത്രയും പെട്ടെന്ന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തന്റെ ഫേബുകിലൂടെയാണ് മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരണം അറിയിച്ചത്. കുറ്റക്കാരെ കണ്ടെത്തി അവരെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ മോശം രീതിയില്‍ പ്രചരിപ്പിച്ച സംഭവം; കുറ്റക്കാര്‍കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകള്‍ സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായാണ് ഉപയോഗിക്കേണ്ടത്. അതുപയോഗിച്ച് മറ്റുള്ളവരെ ഉപദ്രവിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന കുറ്റകരമായ പ്രവണത വെച്ചു പൊറുപ്പിക്കാന്‍ ആകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മനുഷ്യരുടെ സ്വാതന്ത്ര്യത്തിനും സൈ്വര്യജീവിതത്തിനും വിഘാതമാകുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. സാങ്കേതിക വിദ്യകളുടെ ദുരുപയോഗം തടയാന്‍ കൂടുതല്‍ കര്‍ശനമായ ഇടപെടലുകള്‍ ഉണ്ടാകും. സ്ത്രീകള്‍ക്കെതിരെ ഇത്തരം ഹീനമായ ആക്രമണം നടത്തുന്നവര്‍ കടുത്ത സമൂഹ വിരുദ്ധരാണെന്നതിനാല്‍ അവര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുക എന്ന ഉത്തരവാദിത്തം പൊലീസ് നിറവേറ്റുമെന്നും മുഖ്യമന്ത്രി ഫേസ് ബുക് കുറിപ്പില്‍ പറഞ്ഞു.

സാമൂഹിക വിരുദ്ധരുടെ പ്രവൃത്തി കാരണം കോട്ടയത്തെ ഒരു വീട്ടമ്മയുടെ ജീവിതം വഴിമുട്ടിയ വാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ നാലു കുട്ടികളടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ തയ്യല്‍ ജോലിചെയ്ത് ഉപജീവനം നടത്തുന്ന ഇവരുടെ മൊബൈല്‍ നമ്പര്‍ സാമൂഹ്യ വിരുദ്ധര്‍ ലൈംഗിക തൊഴിലാളിയുടേതെന്ന പേരില്‍ ശൗചാലയങ്ങളില്‍ എഴുതിവെക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് തുന്നല്‍ ജോലി ചെയ്ത് കുടുംബം നോക്കുന്ന വീട്ടമ്മയുടെ ദുരിതം തുടങ്ങിയത്.

ഇതുസംബന്ധിച്ച് പല സ്റ്റേഷനുകളില്‍ മാറിമാറി പരാതി നല്‍കിയെങ്കിലും നമ്പര്‍ മാറ്റണമെന്ന നിര്‍ദേശമാണ് പൊലീസ് നല്‍കിയത്. വസ്ത്രം തുന്നി നല്‍കുന്ന ജോലി വര്‍ഷങ്ങളായി ചെയ്യുന്നതിനാല്‍ നമ്പര്‍ മാറ്റുന്നത് തന്റെ ജോലിയെ ബാധിക്കില്ലേയെന്നാണ് വീട്ടമ്മയുടെ പേടി.

ദിവസവും അന്‍പതോളം ഫോണ്‍ കോളുകളാണ് ഇവരുടെ നമ്പറിലേക്ക് വരുന്നത്. ഇവര്‍ തയ്യല്‍ സ്ഥാപനം തുടങ്ങിയിട്ട് ഒമ്പതു മാസമായി. സഹികെട്ട് വീട്ടമ്മ സാമൂഹിക മാധ്യമത്തില്‍കൂടി സാമൂഹികവിരുദ്ധരുടെ അതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് വിഡിയോ ഇട്ടു. ഇതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിഞ്ഞത്.

Keywords:  Incident where housewife's phone number was spread in a bad way; CM says strong action will be taken against accused, Thiruvananthapuram, News, Facebook Post, Social Media, Mobile Phone, Chief Minister, Pinarayi Vijayan, Kerala.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia