Inauguration | പെരിങ്ങോം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ പുതിയ കെട്ടിടത്തിന്റെ ഉദ് ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
2018ലെ പ്രളയ കാലത്തും കോവിഡ് കാലത്തും ആ പ്രവര്‍ത്തനം നമ്മള്‍ കണ്ടതാണ്.
അടുത്തകാലത്ത് ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത് തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ ഫയര്‍ഫോഴ്‌സിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും സ്‌കൂബ ഡൈവിംഗ് യൂണിറ്റും നടത്തിയ അങ്ങേയറ്റം പ്രശംസനീയമായ ഇടപെടല്‍ ആണെന്നും മുഖ്യമന്ത്രി
കണ്ണൂര്‍: (KVARTHA) കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സിനെ ഏതു ദുരന്ത മുഖങ്ങളിലും യശസ്സോടെ നമുക്ക് കാണാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെരിങ്ങോം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരുടെയും പിന്നില്‍ അല്ലാതെ ചിലപ്പോഴെങ്കിലും മുന്നിലായി പ്രവര്‍ത്തനം കാഴ്ച വെക്കാന്‍ കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സിന് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
2018ലെ പ്രളയ കാലത്തും കോവിഡ് കാലത്തും ആ പ്രവര്‍ത്തനം നമ്മള്‍ കണ്ടതാണ്. അടുത്തകാലത്ത് ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത് തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ ഫയര്‍ഫോഴ്‌സിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും സ്‌കൂബ ഡൈവിംഗ് യൂണിറ്റും നടത്തിയ അങ്ങേയറ്റം പ്രശംസനീയമായ ഇടപെടല്‍ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട്ടിലും സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെ എല്ലാവരും കാഴ്ചവച്ചത്. ഇത്തരം ദുരന്ത മുഖങ്ങളില്‍ നമ്മുടെ നാടിന്റെ പ്രത്യേകതയായ ജനങ്ങളുടെ സഹകരണവും പിന്തുണയും മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സഹായിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിലെ ഏറ്റവും പ്രധാനം പെട്ടെന്ന് ഇറങ്ങി നടത്തുന്ന പ്രവര്‍ത്തനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സ് ആയാലും പൊലീസ് ആയാലും മറ്റേതെങ്കിലും സേന ആയാലും ദുരന്ത സ്ഥലത്ത് എത്തിച്ചേരുന്നതിന് എടുക്കുന്ന സമയമുണ്ട്. ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ നാട്ടുകാര്‍ സ്വയമേവ ഇറങ്ങി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നത് നമ്മുടെ സ്ഥിരം അനുഭവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം അനുഭവം മനസ്സില്‍ വച്ചു കൊണ്ടാണ് ഇത്തരത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്ന നാട്ടുകാരില്‍ ഒരു വിഭാഗത്തെ ഉള്‍പ്പെടുത്തിക്കൊണ്ട് സന്നദ്ധസേനക്ക് സര്‍ക്കാര്‍ രൂപം കൊടുത്തത്. ഇതിന്റെ ഭാഗമായാണ് 2019ല്‍ സിവില്‍ ഡിഫന്‍സ് സംവിധാനം ആരംഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് ദുരന്ത മേഖലയില്‍ സിവില്‍ ഡിഫന്‍സിന്റെ സേവനം വിലമതിക്കാനാവാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തങ്ങള്‍ക്കിടയാക്കുന്ന ഏറ്റവും പ്രധാന പ്രതിഭാസം കാലാവസ്ഥാ വ്യതിയാനമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി നിര്‍ഭാഗ്യവശാല്‍ അതിന് ഏറ്റവും കൂടുതല്‍ മനുഷ്യര്‍ ഇരയാവുന്നുവെന്നും ചൂണ്ടിക്കാട്ടി. പ്രകൃതിദുരന്തം ഏത് ഘട്ടത്തിലും സംഭവിക്കാം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആപത്ത് പെട്ടെന്ന് ഇല്ലാതാവുന്ന ഒന്നല്ല. ഇത്തരം ആപത്ത് സംഭവിക്കാന്‍ ഇടയുണ്ട് എന്ന കരുതല്‍ നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതായിട്ടുണ്ട്.
അതിന്റെ ഒരു ഭാഗം ഏത് ഘട്ടത്തിലും ഇടപെടാന്‍ ഇത്തരം സേനകളെ പ്രാപ്തമാക്കുക എന്നതാണ്. 2018ലെ പ്രളയത്തിനുശേഷം ഈ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പിലും വലിയ തോതിലുള്ള മാറ്റങ്ങള്‍ ഉണ്ടായി. ഫോര്‍ട്ട് കൊച്ചി കേന്ദ്രീകരിച്ചുള്ള ജല സുരക്ഷാ പരിശീലന കേന്ദ്രം ഇതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടി ഐ മധുസൂദനന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി. കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ കെ പദ്മകുമാര്‍, അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ അരുണ്‍ അല്‍ഫോണ്‍സ്, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സല, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ വി എം ഉണ്ണികൃഷ്ണന്‍ (പെരിങ്ങോം-വയക്കര ), കെ എഫ് അലക്‌സാണ്ടര്‍ (ചെറുപുഴ), എം വി സുനില്‍കുമാര്‍ (കാങ്കോല്‍-ആലപ്പടമ്പ), ഡി ആര്‍ രാമചന്ദ്രന്‍ (എരമം- കുറ്റൂര്‍ ), കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം എം രാഘവന്‍, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി മോഹന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എ കെ രാജന്‍ മാസ്റ്റര്‍, ഇബ്രാഹിം പൂമംഗലം, ജോയ്‌സ് പുത്തന്‍പുര, കെ ഹരിഹര്‍ കുമാര്‍, പി ജയന്‍, അസൈനാര്‍, സംഘടന നേതാക്കളായ എന്‍ വി കുഞ്ഞിരാമന്‍, എം വി ശശി, പി വി പവിത്രന്‍, ബൈജു കോട്ടായി, കെ കെ ഗിരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
#Peringome #FireStation #Kerala #CMInauguration #DisasterManagement #RescueForce