Cabbage | ഓര്‍മശക്തിക്കും ഹൃദയാരോഗ്യം വര്‍ധിപ്പിക്കാനും കാന്‍സറിനെതിരെ സംരക്ഷണം നല്‍കാനും കഴിയുന്നു; കാബേജ് കഴിച്ചാലുള്ള കൂടുതല്‍ ഗുണങ്ങള്‍ അറിയാം; ഒപ്പം ദോഷങ്ങളും!
Feb 11, 2024, 16:37 IST
കൊച്ചി: (KVARTHA) നമ്മുടെ നിത്യോപയോഗ സാധനങ്ങളിലെ ഒരു പ്രധാന ഇനമാണ് കാബേജ്. വളരെ അനായാസം വീട്ടില്‍ പാകം ചെയ്യാന്‍ സാധിക്കുന്ന പച്ചക്കറിയാണ് കാബേജ്. ഇലക്കറിയായതിനാല്‍ കാബേജിന് ഒട്ടേറെ ഗുണങ്ങളുണ്ട്. പച്ചയ്ക്കും ആവിയില്‍ വേവിച്ചും കറിവെച്ചും കാബേജ് കഴിക്കാം. എന്നാല്‍ കാബേജിന്റെ ഗുണങ്ങളെ കുറിച്ച് അറിവുണ്ടായതുകൊണ്ടൊന്നുമല്ല ആളുകള്‍ ഇത് വാങ്ങുകയും കഴിക്കുകയും ചെയ്യുന്നത്.
വൈവിധ്യമാര്‍ന്ന വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഒരു പച്ചക്കറിയാണ് ഇത്. കാബേജില്‍ നാല് പ്രധാന ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. കോളിന്‍, ബീറ്റാ കരോട്ടിന്‍, ല്യൂട്ടിന്‍, ക്വെര്‍സെറ്റിന്‍ എന്നിവയാണ് അവ. ഇതില്‍ കോളിന് ഓര്‍മശക്തി മെച്ചപ്പെടുത്താനും വീക്കം ചെറുക്കാനും കഴിയും. ഗര്‍ഭിണികളിലെ ന്യൂറല്‍ ട്യൂബ് തകരാറുകള്‍ തടയാനും ഇതിന് കഴിയും. ബീറ്റാ കരോട്ടിന്‍ പുകവലിയുടെ ദൂഷ്യഫലങ്ങളില്‍ നിന്ന് മനുഷ്യന്റെ ഡിഎന്‍എയെ സംരക്ഷിക്കുന്നു. പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്‍ തടയാന്‍ ല്യൂട്ടിന് കഴിയും. ക്വെര്‍സെറ്റിന്‍ ദോഷകരമായ ബാക്ടീരിയകളെ ചെറുക്കുകയും രോഗങ്ങളെ തടയുകയും ചെയ്യുന്നു
കാബേജില്‍ വിറ്റാമിന്‍ സി, കെ, ബി എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം വര്‍ധിപ്പിക്കാനും ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും വീക്കം ചെറുക്കാനും കാന്‍സറിനെതിരെ സംരക്ഷണം നല്‍കാനും കാബേജ് കഴിക്കുന്നത് ഗുണം ചെയ്യും.
ഹൃദയാരോഗ്യത്തിന്
റെഡ് കാബേജില്‍ ആന്തോസയാനിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങളാണ് അതിന്റെ ചുവന്ന നിറത്തിന് കാരണം. ആന്തോസയാനിനുകള്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതായി ചില പഠനങ്ങള്‍ പറയുന്നു. റെഡ് കാബേജ് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു
ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നു
ലയിക്കാത്തതും ലയിക്കുന്നതുമായ നാരുകളാല്‍ സമ്പന്നമാണ് കാബേജ്. മലബന്ധം അകറ്റുകയും കുടല്‍ സൗഹൃദ ബാക്ടീരിയകളുടെ വളര്‍ച കൂട്ടാനും ഇവ സഹായിക്കും.
അതുപോലെ തന്നെ, കലോറി വളരെ കുറഞ്ഞ കാബേജ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. ഫൈബര്‍ അടങ്ങിയ കാബേജ് കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
വീക്കത്തിനെതിരെ പോരാടുന്നു
ക്രൂസിഫറസ് പച്ചക്കറികളായ കാബേജ് പോലുള്ളവ വീക്കത്തിനെതിരെ പോരാടുന്നു. ക്രൂസിഫറസ് പച്ചക്കറികള്‍ ഏറ്റവും കൂടുതല്‍ കഴിക്കുന്ന സ്ത്രീകള്‍ ഏറ്റവും കുറഞ്ഞ അളവില്‍ വീക്കം കാണിക്കുന്നതായി പഠനം പറയുന്നു. കാന്‍സര്‍, കൊറോണറി ആര്‍ടറി ഡിസീസ് എന്നിവയുള്‍പെടെയുള്ള വീക്കവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ക്കെതിരെ പോരാടാന്‍ കാബേജ് ഫൈറ്റോകെമികലുകള്‍ സഹായിക്കും.
കാന്‍സറിനെതിരെ സംരക്ഷണം നല്‍കുന്നു
സള്‍ഫോറാഫേനിന്റെ കാന്‍സര്‍ വിരുദ്ധ ഫലങ്ങളെക്കുറിച്ച് ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഐസോത്തിയോസയനേറ്റ്‌സ് എന്ന സംയുക്തങ്ങള്‍ കാബേജില്‍ അടങ്ങിയിട്ടുണ്ട്. ഇവ കാര്‍സിനോജനുകളെ ശരീരത്തില്‍ നിന്ന് പുറന്തള്ളുന്നു.
പ്രമേഹ ചികിത്സയെ സഹായിക്കും
റെഡ് കാബേജിന് ആന്റിഹൈപര്‍ ഗ്ലൈസെമിക് ഗുണങ്ങളുണ്ട്, ഇത് ഡയബറ്റിക് നെഫ്രോപതിയുടെ സാധ്യത കുറയ്ക്കും. റെഡ് കാബേജ് പ്രമേഹം കുറക്കുകയും അതിന്റെ വാസ്‌കുലര്‍ സങ്കീര്‍ണതകള്‍ ലഘൂകരിക്കുകയും ചെയ്യും.
കാഴ്ചശക്തി കൂട്ടും
കാബേജിലെ ല്യൂട്ടിന്‍ കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. ല്യൂട്ടിന്‍ (സിയാക്‌സാന്തിന്‍ എന്ന മറ്റൊരു ആന്റിഓക്സിഡന്റിനൊപ്പം) റെറ്റിനയെയും ലെന്‍സിനെയും അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്ന് സംരക്ഷിക്കുന്നു. കാബേജില്‍ കാഴ്ചയെ സഹായിക്കുന്ന മറ്റൊരു പോഷകമായ വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിനുള്ളില്‍ വിറ്റാമിന്‍ ഇയെ പുനരുജ്ജീവിപ്പിച്ചേക്കാം, ഇത് കാഴ്ചശക്തിക്ക് പ്രധാനമായ ഒരു ആന്റിഓക്സിഡന്റാണ്.
ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും
കാബേജില്‍ വൈറ്റമിന്‍ സി ധാരാളമുണ്ട്. ഈ പോഷകം കൊളാജന്‍ എന്ന പ്രോട്ടീനിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നു. ഇത് ചര്‍മത്തിന്റെ രൂപീകരണത്തിനും മുറിവുകള്‍ ഉണക്കുന്നതിനും സഹായിക്കുന്നു. എലികളില്‍ നടന്ന പഠനമനുസരിച്ച്, ചര്‍മ കാന്‍സറിനെ തടയുന്നതില്‍ റെഡ് കാബേജിനും പങ്കുണ്ട്.
എന്നാല്‍ ചിലരില്‍ കാബേജ് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പഠനം പറയുന്നത്. ഇക്കൂട്ടര്‍ കാബേജിനെ ഒരുപടി അകലെ നിര്‍ത്തുന്നതാണ് എന്തുകൊണ്ടും നല്ലത്.
തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനത്തിന് തടസം നില്‍ക്കുന്ന ചില ഭക്ഷ്യവസ്തുക്കളില്‍ ഒന്നാണ് കാബേജ്. കോളിഫ്ളവര്‍, കാബേജ്, ബ്രോക്കോളി പോലെയുള്ള ക്രൂസിഫറസ് പച്ചക്കറികളിലും സോയാബീന്‍സിലും ഗോയിസ്ട്രോജനുകള്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനത്തിനു തടസ്സമാകുന്നു. ഹൈപ്പര്‍ തൈറോയ്ഡിസം ഉള്ളവര്‍ കാബേജ് പോലെയുള്ള ക്രൂസിഫറസ് പച്ചക്കറികള്‍ അമിതമായി കഴിക്കരുത്.
അയഡിന്റെ ശരീരത്തിലേക്കുള്ള ആഗിരണത്തെ തടസപ്പെടുത്തുന്നവയാണ് ഗോയിസ്ട്രോജനുകള്‍ എന്ന സംയുക്തങ്ങള്‍. രക്തത്തില്‍ അയഡിന്റെ കുറവ് മൂലമാണ് തൈറോയ്ഡ് ഉണ്ടാകുന്നത്. മാത്രമല്ല ക്രൂസിഫറസ് പച്ചക്കറികള്‍ കഴിക്കുമ്പോള്‍ അത് ആവിയില്‍ വേവിച്ചോ കറിവെച്ചോ കഴിക്കുന്നതാണ് നല്ലത് എന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
Keywords: Impressive Health Benefits of Cabbage, Kochi, News, Cabbage, Health Benefits, Health, Health Tips, Warning, Doctors, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.