Book | പല സുപ്രധാന വെളിപ്പെടുത്തലുകൾ; ചർച്ചയായി കാന്തപുരത്തിന്റെ ആത്മകഥ 'വിശ്വാസപൂര്‍വം'

 
 Important Disclosures; Kanthapuram autobiography widely discussed
 Important Disclosures; Kanthapuram autobiography widely discussed


മർകസിന് കീഴിലെ ഇമാം റാസി എജുകേഷണൽ ട്രസ്റ്റ് പിടിച്ചെടുക്കാൻ മുസ്ലിംലീഗ് നേതാക്കൾ ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണവും ആത്മകഥയിൽ ഉന്നയിച്ചിട്ടുണ്ട്

കോഴിക്കോട്: (KVARTHA) സുപ്രധാന വെളിപ്പെടുത്തലുകൾ കൊണ്ട് ചർച്ചയായി സമസ്ത കേരള ജംഇയ്യതുൽ ഉലമ ജെനറൽ സെക്രടറി കാന്തപുരം എ പി അബൂബകർ മുസ്ല്യാരുടെ ആത്മകഥ 'വിശ്വാസപൂര്‍വം'. ചേകന്നൂർ കേസിൽ തന്നെ പ്രതിയാക്കാൻ സിബിഐ സ്പെഷ്യൽ ജഡ്‌ജ്‌ ആയിരിക്കെ ജസ്റ്റിസ് കമാൽ പാഷ ഗൂഢാലോചന നടത്തിയെന്ന് കാന്തപുരം പുസ്‌തകത്തിൽ പറയുന്നു. സിബിഐ സ്‌പെഷ്യൽ കോടതി ഉത്തരവ് പിന്നീട് ഹൈകോടതി റദ്ദാക്കിയപ്പോഴാണ് ഗൂഢാലോചന വെളിച്ചത്തായതെന്നും അദ്ദേഹം പറഞ്ഞു.

ചേകന്നൂർ കേസ് വഴി ചിലർ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചു. രാഷ്ട്രീയ സാംസ്കാരിക മാധ്യമ രംഗം ഇതിന് കൂട്ട് നിന്നു. മുജാഹിദുകൾ ചേകന്നൂർ മൗലവിക്കെതിരെ കൊലവിളി നടത്തിയിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങൾക്കിടെ ഇവർ രക്ഷപ്പെട്ടുവെന്നും 'ചേകന്നൂരിലെ താർക്കികൻ' എന്ന അധ്യായത്തിൽ കാന്തപുരം വിവരിക്കുന്നു. തന്നെ ലക്ഷ്യം വെച്ച് ലേഖനങ്ങൾ എഴുതിയ എം എൻ കാരശ്ശേരി ചേകന്നൂരിനെ കൊല്ലുമെന്ന് പറഞ്ഞവരെ കുറിച്ച് മിണ്ടിയില്ലെന്നും കാന്തപുരം പറയുന്നു. 

മർകസിന് കീഴിലെ ഇമാം റാസി എജുകേഷണൽ ട്രസ്റ്റ് പിടിച്ചെടുക്കാൻ മുസ്ലിംലീഗ് നേതാക്കൾ ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണവും ആത്മകഥയിൽ ഉന്നയിച്ചിട്ടുണ്ട്. വ്യാജമായി രൂപീകരിച്ച പുതിയ ട്രസ്റ്റിൽ ജസ്റ്റിസ് കമാൽ പാഷയും ഉണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. സമസ്ത കേരള ജംഇയ്യതുല്‍ ഉലമയും മുസ്ലിം ലീഗും തമ്മിലുള്ള ബന്ധത്തിന്റെ സങ്കീര്‍ണമായ ചരിത്രം വിശദമായി പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. 

ഇ കെ അബൂബകര്‍ മുസ്ലിയാരുമായുള്ള ബന്ധങ്ങളും സമസ്തയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന നിരവധി അനുഭവങ്ങളും വിവരിക്കുന്നുണ്ട്. കുട്ടിക്കാലം മുതൽ വളര്‍ച്ചയിലെ വിവിധ ഘട്ടങ്ങളിലെ അനുഭവങ്ങള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ തുടങ്ങി മലബാറിലെ മുസ്ലിം സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷം വരെ ആത്മകഥയിൽ വിഷയമാകുന്നുണ്ട്. 

ബുധനാഴ്ചയാണ് കാന്തപുരത്തിന്റെ ആത്മകഥ വിശ്വാസപൂർവം പ്രകാശനം ചെയ്തത്. തിരുവനന്തപുരം ഹയാത്ത് റിജന്‍സിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം നിർവഹിച്ചത്. ശശി തരൂര്‍ എം പിക്ക് പുസ്തകത്തിന്റെ ആദ്യ പ്രതി സ്വീകരിച്ചു. യഥാര്‍ഥ മതമൂല്യങ്ങളെ വിശ്വാസികള്‍ക്ക് പകര്‍ന്ന് നല്‍കിയ നേതാവാണ് കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാരെന്ന് ചടങ്ങിൽ മുഖ്യമന്ത്രി പിറണായി വിജയന്‍ പറഞ്ഞു. 

മതത്തെ സമുദ്ധാരണത്തിനും സംഹാരത്തിനും ഉപയോഗിക്കാമെന്നിരിക്കെ മതത്തെ സമൂഹത്തിന്റെ സമുദ്ധാരണത്തിന് ഉപയോഗിക്കാനാണ് കാന്തപുരം ശ്രമിച്ചത്. സ്ഥാപിത താത്പര്യങ്ങള്‍ക്ക് വേണ്ടി വികസനത്തെ എതിര്‍ക്കുന്ന ഘട്ടത്തില്‍ വികസനത്തിന് പ്രാമുഖ്യം നല്‍കണമെന്നാണ് കാന്തപുരത്തിന്റെ ജീവിതകഥ പറഞ്ഞുവെക്കുന്നത്. മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന്റെ ദോഷം അനുഭവിക്കുന്ന കാലമാണ്. കേരളത്തിന് യോജിക്കാനും വിയോജിക്കാനും കഴിയുന്നൊരു മണ്ഡലമുണ്ട്. അത് തകര്‍ക്കുന്ന സാഹചര്യവും ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യങ്ങളിലെല്ലാം കൃത്യമായ നിലപാടെടുത്ത വ്യക്തിയാണ് കാന്തപുരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തന്റെ ജീവിതമാണ് പുസ്‌കത്തിലൂടെ എഴുതി വെച്ചതെന്ന് കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഭാവി സമൂഹത്തിന്റെ ഗുണകരമാകുന്ന കാര്യങ്ങളാണ് പുസ്തകത്തിലുള്ളത്. എഴുതിയതില്‍ വല്ല വിശദീകരണവും ആവശ്യം വരുമ്പോള്‍ അത് തര്‍ക്കവിതര്‍ക്കങ്ങള്‍ വിഷയീഭവിക്കാത്ത വിധത്തില്‍ ചോദിച്ച് മനസിലാക്കണം. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ നാടിന് ഉപകാരമുള്ളതാവണം. നാം കേരളത്തിലാണ്. ഇവിടെ വ്യത്യസ്ത മത, ചിന്തകളുള്ളവര്‍ യോജിച്ച് ജീവിക്കുന്നു. ഇത് കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും കാന്തപുരം പറഞ്ഞു.

പ്രകാശന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തി. മന്ത്രി പി രാജീവ്, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, പി വി അന്‍വര്‍ എം എല്‍ എ, വ്യവസായ പ്രമുഖരായ ഡോ. സിദ്ദീഖ് അഹ്മദ്, ടി എന്‍ എം ജവാദ്, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സയ്യിദ് ത്വാഹ സഖാഫി കുറ്റ്യാടി, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ എന്നിവര്‍ സംസാരിച്ചു. 

എം എല്‍ എമാരായ അഡ്വ. പി ടി എ റഹീം, അഹ്‌മദ്‌ ദേവര്‍കോവില്‍, സച്ചിന്‍ ദേവ്, ലിന്റോ ജോസഫ്, ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ അഡ്വ. എ എ റശീദ്, സംസ്ഥാന വിവരാവകാശ കമീഷണര്‍ എ എ ഹകീം നഹ, സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ അംഗം എ സൈഫുദ്ദീന്‍ ഹാജി, എ പി അബ്ദുല്‍ കരീം ഹാജി ചാലിയം സംബന്ധിച്ചു. നൂറുദ്ദീന്‍ മുസ്തഫ സ്വാഗതവും സിദ്ദീഖ് സഖാഫി നേമം നന്ദിയും പറഞ്ഞു. മര്‍കസ് നോളജ് സിറ്റി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ സംരംഭം മലൈബാര്‍ ഫൗണ്ടേഷന്‍ ഫോര്‍ റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്റാണ് പ്രസാധകര്‍. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീഡ് പ്രസാണ് പുസ്തകത്തിന്റെ വിതരണം ചെയ്യുന്നത്. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia