ഹെല്‍മറ്റ് ധരിക്കണമെന്ന് പറയുമ്പോള്‍ വഴി നന്നാക്കിയിട്ട് ഹെല്‍മറ്റ് ധരിക്കാം എന്ന് പറയുന്നവരോട് തര്‍ക്കിക്കാനില്ല; ഡോക്ടറുടെ കുറിപ്പ് വൈറല്‍

 



തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും നാല് വയസിനും മുകളിലുള്ള കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന ഹൈക്കോടതി ഉത്തരവ് കര്‍ശനമായി നടപ്പാക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ ഹെല്‍മെറ്റ് ധരിക്കാന്‍ മടിയുള്ളവരാണ് ഭൂരിഭാഗം ആളുകളും. മുടികൊഴിയും, മറ്റുവാഹനങ്ങള്‍ ഹോണ്‍അടിച്ചാല്‍ കേള്‍ക്കില്ല, കുറച്ചു ദൂരം മാത്രമേ പോകുന്നുള്ളു തുടങ്ങിയ മുടന്തന്‍ന്യായങ്ങള്‍ നിരത്തി ഹെല്‍മെറ്റ് ധരിക്കാരിക്കാന്‍ വിചിത്രവാദങ്ങള്‍ ഉന്നയിക്കുന്ന നിരവധി പേരെ സോഷ്യല്‍ മീഡിയയിലും മറ്റും കാണാം.

ഹെല്‍മറ്റ് ധരിക്കണമെന്ന് പറയുമ്പോള്‍ വഴി നന്നാക്കിയിട്ട് ഹെല്‍മറ്റ് ധരിക്കാം എന്ന് പറയുന്നവരോട് തര്‍ക്കിക്കാനില്ല; ഡോക്ടറുടെ കുറിപ്പ് വൈറല്‍

ഓരോ വര്‍ഷവും റോഡുകളില്‍ പൊലിയുന്നത് ആയിരക്കണക്കിന് ജീവനുകളാണ്. അപകടങ്ങളില്‍ പെട്ട് ആശുപത്രിക്കിടക്കയിലായവരുടെ എണ്ണം അതിലും എത്രയോ കൂടുതല്‍. അപകടത്തിന്റേയും മരണത്തിന്റേയും എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഇരുചക്രവാഹനങ്ങളാണ്. അലക്ഷ്യമായി, അശ്രദ്ധമായി വാഹനം ഓടിക്കുന്നതുമൂലവും അപകടങ്ങള്‍ ധാരാളമുണ്ടാകുന്നുണ്ടെങ്കിലും ഇരുചക്രവാഹന യാത്രക്കാരുടെ മരണത്തിന്റെ പ്രധാന കാരണം തലയ്‌ക്കേല്‍ക്കുന്ന പരിക്കുകളാണ്

എന്നാല്‍ ഇത്തരക്കാര്‍ക്ക് കൃത്യമായ മറുപടി നല്‍കുകയാണ് ഒരു ഡോക്ടറുടെ കുറിപ്പ്.

കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം നടത്തിയ ഒരു പഠനം ചൂണ്ടിക്കാട്ടി ഡോക്ടര്‍ ജിനേഷ് പി എസ് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇരുചക്ര വാഹന അപകടങ്ങളില്‍ മരണപ്പെട്ടവരെ കുറിച്ചുള്ള ഞെട്ടിക്കുന്ന കണക്കുകളാണ് കുറിപ്പില്‍. മരണമടഞ്ഞതില്‍ നാലില്‍ ഒരാള്‍ ഇരുപതിനും മുപ്പതിനും ഇടയ്ക്ക് പ്രായമുള്ളവരാണെന്നും 69 ശതമാനം പേര്‍ വണ്ടി ഓടിച്ചവരും 31 ശതമാനം പേര്‍ പിന്നിലിരുന്ന് യാത്ര ചെയ്തവരാണെന്നും ഡോക്ടര്‍ ഓര്‍മ്മിപ്പിക്കുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റവര്‍ 91 ശതമാനവും അതില്‍ തലയോട്ടിക്ക് പരിക്കുപറ്റിയവര്‍ 68 ശതമാനവും തലച്ചോറില്‍ സബ്ഡ്യൂറല്‍ ഹെമറേജ് ഉള്ളവര്‍ 88 ശതമാനവും തലച്ചോറില്‍ സബ്അരക്‌നോയ്ഡ് ഹെമറേജ് ഉള്ളവര്‍ 86 ശതമാനമെന്നും ഡോക്ടര്‍ വിശദമാക്കുന്നു.

ഹെല്‍മറ്റ് ധരിച്ചാല്‍ ഇരുചക്ര വാഹന അപകടങ്ങളില്‍ മരണപ്പെടാനുള്ള സാധ്യത 50% ശതമാനവും തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കാനുള്ള സാധ്യത 70 ശതമാനവും കുറയുമെന്നും തലച്ചോറിന് ചകിരിച്ചോറിനേക്കാള്‍ പ്രാധാന്യം ഉണ്ടെന്ന് കരുതുന്നവര്‍ മുമ്പില്‍ ഇരുന്നാലും പിന്നിലിരുന്നാലും ഹെല്‍മറ്റ് ധരിക്കണം എന്നും ഓര്‍മ്മിപ്പിച്ചാണ് കുറിപ്പ് അവസാനിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ നടന്ന ഒരു പഠനമാണ്.

ഇരുചക്ര വാഹന അപകടങ്ങളില്‍ മരണപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍.

മരണമടഞ്ഞതില്‍ നാലില്‍ ഒരാള്‍ ഇരുപതിനും മുപ്പതിനും ഇടയ്ക്ക് പ്രായമുള്ളവര്‍

മരണമടഞ്ഞതില്‍ 69% പേര്‍ വണ്ടി ഓടിച്ചവര്‍, 31% പേര്‍ പുറകില്‍ ഇരുന്ന് യാത്ര ചെയ്തവര്‍...

പിന്നില്‍ ഇരുന്ന് യാത്ര ചെയ്തവരില്‍ ഒരാള്‍ പോലും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ!

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റവര്‍ - 91%

അതില്‍ തലയോട്ടിക്ക് പരിക്കുപറ്റിയവര്‍ - 68%

തലച്ചോറില്‍ സബ്ഡ്യൂറല്‍ ഹെമറേജ് ഉള്ളവര്‍ - 88%

തലച്ചോറില്‍ സബ്അരക്‌നോയ്ഡ് ഹെമറേജ് ഉള്ളവര്‍ - 86%

34% പേര്‍ക്ക് നെഞ്ചിലും 21% പേര്‍ക്ക് വയറ്റിലും 10% പേര്‍ക്ക് കഴുത്തിലും ഗുരുതരമായ പരിക്കുകളുണ്ട്.

ഏറ്റവും കൂടുതല്‍ അപകടം നടക്കുന്ന സമയം വൈകുന്നേരം 6 മുതല്‍ 9 വരെ - 23%

ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടന്ന ദിവസങ്ങള്‍ വെള്ളിയും ഞായറും - 18% വീതം

അപകടം നടന്ന് ഒരു മണിക്കൂറിനകം മരിച്ചവരുടെ എണ്ണം - 34%

24 മണിക്കൂറിനകം മരിച്ചവരുടെ എണ്ണം - 27%

ഡോ. അജിത് കുമാര്‍ ചെയ്ത പഠനമാണിത്.

കണക്കുകള്‍ ഒന്നുകൂടി ഇരുത്തി വായിച്ചു നോക്കൂ..

നെഞ്ചിലും വയറിലും ഒക്കെ പരിക്കുപറ്റിയവരെ അപേക്ഷിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരിച്ചവരുടെ ശതമാനം വളരെ വളരെ വളരെ ഉയര്‍ന്നത് (91%)

മരിക്കുന്നതില്‍ പകുതിയും ചെറുപ്പക്കാര്‍...

പിന്നില്‍ യാത്ര ചെയ്തവര്‍ 31%, ഇതൊരു ചെറിയ സംഖ്യയല്ല.

ഇനി നമുക്ക് കേരളത്തിലെ കണക്കുകളിലേക്ക് ഇതൊന്ന് അപ്ലൈ ചെയ്തു നോക്കാം.

2018ല്‍ കേരളത്തില്‍ ആകെ ഉണ്ടായ ഇരുചക്ര വാഹന അപകടങ്ങളുടെ എണ്ണം - 16493

അതില്‍ മരണമടഞ്ഞവരുടെ എണ്ണം - 1636

ഗുരുതരമായി പരിക്കുപറ്റിയവരുടെ എണ്ണം - 13468

മരണമടഞ്ഞവരില്‍ 30% പേര്‍ പിന്നിലിരുന്നവര്‍ ആണ് എന്ന് കണക്കാക്കിയാല്‍, 490 പിന്നിലിരുന്ന് യാത്ര ചെയ്തവര്‍...

ഹെല്‍മറ്റ് ധരിച്ചാല്‍ ഇരുചക്ര വാഹന അപകടങ്ങളില്‍ മരണപ്പെടാനുള്ള സാധ്യത 50% കണ്ട് കുറയും, തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കാനുള്ള സാധ്യത 70% കുറയും.

ഈ പഠനം അപഗ്രഥിച്ചാല്‍ ആ 490 പേരില്‍ പകുതി പേര്‍ ജീവനോടെ ഇരുന്നേനെ, ഹെല്‍മറ്റ് ധരിച്ചിരുന്നു എങ്കില്‍...

ഹെല്‍മറ്റ് ധരിക്കണമെന്ന് പറയുമ്പോള്‍ വഴി നന്നാക്കിയിട്ട് ഹെല്‍മറ്റ് ധരിക്കാം എന്ന് പറയുന്നവരോട് തര്‍ക്കിക്കാനില്ല, കാരണം വഴി മോശമാണെങ്കില്‍ അപകടം ഉണ്ടാകാനും ഗുരുതരമായി പരിക്കേല്‍ക്കാനും മരണം അടയുവാനുമുള്ള സാധ്യത കൂടുതലാണ് എന്ന് അവര്‍ക്ക് അറിയായിട്ടല്ല... തലച്ചോറിന് ചകിരിച്ചോറിന്റെ പ്രാധാന്യം പോലും നല്‍കാത്തതുകൊണ്ട് മാത്രമാണവരിങ്ങനെ പറയുന്നത്.

വഴി മെച്ചപ്പെടുകയും ശാസ്ത്രീയമായ രീതിയില്‍ ഡിസൈന്‍ ചെയ്യുകയും വേണം എന്നതില്‍ ഒരു സംശയവുമില്ല. പക്ഷേ ഹെല്‍മറ്റ് വെക്കാതിരിക്കാന്‍ അതൊരു ന്യായീകരണമല്ല.

കൂടുതല്‍ ഫൈന്‍ ഈടാക്കി പണം സമ്പാദിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുകയാണ് എന്ന് പറയുന്നവരോടും തര്‍ക്കിക്കാനില്ല... ഹെല്‍മറ്റ് ധരിച്ചാല്‍ ഫൈന്‍ നല്‍കേണ്ട എന്നറിയാതെ തര്‍ക്കിക്കുന്നതല്ല അവര്‍. അത്തരക്കാര്‍ ഒരു രൂപ പോലും ഫൈനടക്കരുത്, പകരം ഹെല്‍മറ്റ് ധരിച്ചാല്‍ മാത്രം മതി.

ഹെല്‍മറ്റ് നിര്‍ബന്ധം ആക്കിയാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങും എന്ന് പറയുന്ന ചിലരുണ്ട്, കൈക്കൂലി ചോദിച്ചാല്‍ നിയമപരമായ നടപടി സ്വീകരിക്കണം എന്നാണ് അവരോട് പറയാനുള്ളത്.

ഈ പറയുന്നതൊക്കെ മുട്ടു ന്യായങ്ങള്‍ മാത്രമാണ് എന്ന് ഏവര്‍ക്കും അറിയാം, ഹെല്‍മറ്റ് ധരിച്ചാല്‍ ഈ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാവില്ല. കൂടുതല്‍ കാലം ജീവനോടെ ഇരിക്കാനും സാധിക്കും.

തലച്ചോറിന് ചകിരിച്ചോറിനേക്കാള്‍ പ്രാധാന്യം ഉണ്ട് എന്ന് കരുതുന്നവര്‍ ഹെല്‍മറ്റ് ധരിക്കണം, മുന്‍പില്‍ ഇരുന്നാലും പിന്നിലിരുന്നാലും...
(www.kvartha.com 21.11.2019) 


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Kerala, Thiruvananthapuram, Facebook, Doctor, bike, Accident, Helmet, Police, Brain, Importance of Helmet While two Wheeler Traveling

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia