കാസര്‍കോട്: കേരള രജിസ്‌ട്രേഷനില്ലാത്ത ചിട്ടിക്കമ്പനികള്‍ പൂട്ടും. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന ചിട്ടി സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഇനി കേരളത്തില്‍ പ്രവര്‍ത്തിക്കാനാകൂ. ഇത് സംബന്ധിച്ച ചട്ടങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഗസറ്റിലൂടെ വിജ്ഞാപനത്തിലൂടെ പുറത്ത് വരും.
കേരളത്തില്‍ ചിട്ടികള്‍ നടത്തുന്നതിന് കര്‍ശനമായ വ്യവസ്ഥകളോട് കൂടിയുള്ള പുതിയ ചട്ടങ്ങളാണ് വരാനിരിക്കുന്നത്. കേരളത്തില്‍ മലയാളികളുടെ ഉടമസ്ഥതയില്‍ നിരവധി സ്വകാര്യ ധനകാര്യ പണമിടപാട് ചിട്ടി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ നികുതി ഇളവിനും മറ്റുമായി. ിട്ടിക്കമ്പിനികള്‍ രജിസ്റ്റര്‍ ചെയ്യുന്നത് അന്യ സംസ്ഥാനങ്ങളിലാണ്. ഹൈദരബാദ്, രാജസ്ഥാന്‍, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലാണ് കേരളത്തിലെ ഇത്തരം ചിട്ടിക്കമ്പിനികളുടെ രജിസ്‌ട്രേഷന്‍ നിലവിലുള്ളത്. ജമ്മുകാശ്മീരില്‍ രജിസ്റ്റര്‍ ചെയ്ത മലയാളികളുടെ ചിട്ടിക്കമ്പിനികള്‍ വരെ ഇതില്‍പ്പെടും.
പുതിയ നിബന്ധനകള്‍ അനുസരിച്ച് രജിസ്‌ട്രേഷന്‍ ഐ ജിയുടെ കീഴിലുള്ള ചിട്ടി രജിസ്ട്രാറുടെ മുമ്പാകെയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. ചിട്ടിയുടെ ആദ്യതവണക്ക് തുല്യമായ തുക ട്രഷറിയില്‍ കെട്ടിവെക്കണം. സ്ഥാപനത്തിന്റെ മൊത്തം ആസ്തിയുടെ പത്ത് മടങ്ങില്‍ കൂടിയ തുകയ്ക്കുള്ള ചിട്ടികള്‍ നടത്താന്‍ പാടില്ല. പരമാവധി 60 മാസം വരെയുള്ള ചിട്ടികള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. അത് പോലെ മൊത്തം തുകയുടെ 30 ശതമാനം വരെ മാത്രമേ കുറച്ച് വിളിക്കുവാന്‍ പാടുള്ളൂ. ലേലമായാലും നറുക്കായാലും ഇതാണ് വ്യവസ്ഥ. ചിട്ടി നടത്തിപ്പുകാര്‍ക്ക് ഇതരവ്യാപാര ബന്ധങ്ങള്‍ പാടില്ല. നിലവില്‍ മറ്റു ബിസിനസ്സുകളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ 3 വര്‍ഷത്തിനകം അത് ഒഴിവാക്കണം. ചിട്ടി വട്ടമെത്തിയ ശേഷം എല്ലാ വര്‍ക്കും പണം നല്‍കിയെന്ന് ചിട്ടി രജിസ്ട്രാര്‍ ഉറപ്പ് വരുത്തണം.
റിസര്‍വ്വ് ബാങ്കുമായി ആലോചിച്ചാണ് കേന്ദ്ര നിയമമനുസരിച്ചുള്ള പുതിയ ചട്ടങ്ങള്‍ പുറത്തിറക്കുന്നത്. 1975 ലെ ചിട്ടി നിയമം കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ചിട്ടി സ്ഥാപനങ്ങള്‍ക്കും ബാധകമാക്കുകയും കേരള രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുകയും ചെയ്യുന്നതോടെ കേന്ദ്ര ചിട്ടിനിയമം ബാധകമല്ലാത്ത ജമ്മുകാശ്മീരില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ചിട്ടി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന നിലവിലുള്ള രീതി ഇനിമുതല്‍ സാധ്യമല്ലാതാകും.
Keywords: Illegal finance companies, Shut, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.