Allegation | ഐ എച്ച് ആര്‍ ഡി ഡയറക്ടര്‍ നിയമനം; മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍ കുമാറിന് മിനിമം യോഗ്യതയില്ലെന്ന് എഐസിടിഇ


● അപേക്ഷകരായുണ്ടായിരുന്നത് 10 പേര്‍
● പങ്കെടുത്തത് 5 പേര്‍
തിരുവനന്തപുരം; (KVARTHA) ഐ എച്ച് ആര്‍ ഡി ഡയറക്ടര്‍ നിയമനത്തിനുള്ള അഭിമുഖത്തില്‍ പങ്കെടുത്ത മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍ കുമാറിന് ഡയറക്ടര്‍ക്കുള്ള മിനിമം യോഗ്യതയില്ലെന്ന് എഐസിടിഇ സ്റ്റാന്‍ഡിങ് കൗണ്‍സല്‍. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരത്ത് നടന്ന അഭിമുഖത്തില്‍ 10 പേരായിരുന്നു അപേക്ഷകരായുണ്ടായിരുന്നത്. ഇതില്‍ അരുണ്‍ കുമാറിനെ കൂടാതെ അഞ്ചുപേരാണ് അഭിമുഖത്തില്‍ പങ്കെടുത്തത്.
ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വിസി, കുസാറ്റ് മുന്‍ വിസി, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, ഉന്നത വിദ്യാഭ്യാസ അഡീഷനല്‍ സെക്രട്ടറി എന്നിവരായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങള്‍. അരുണ്‍കുമാര്‍ ഒഴികെ അഭിമുഖത്തില്‍ പങ്കെടുത്തവരെല്ലാം തന്നെ ഐ എച്ച് ആര്‍ ഡിയുടെ കീഴിലുള്ള വിവിധ എന്‍ജിനീയറിങ് കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരായും സീനിയര്‍ പ്രൊഫസര്‍മാരായും സേവനം അനുഷ്ഠിച്ചവരാണ്.
സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശ വകുപ്പ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറും. അരുണ്‍കുമാറിന് ഡയറക്ടറുടെ ചുമതല നല്‍കിയ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണയിലാണ്.
#IHDR #AICTE #ArunKumar #VSachuthanandan #KeralaCourt #Education