Woman | ഒരു പെണ്ണ് ഒറ്റയ്ക്ക് രാത്രിയിൽ നിൽക്കുന്നത് കണ്ടാൽ! അപ്പോൾ തീരും ഇവിടുത്തെ സദാചാരവും മാനുഷിക മൂല്യങ്ങളും 

 

 
woman standing alone
woman standing alone


സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെ, ആശങ്കയില്ലാതെ യാത്ര ചെയ്യാൻ ഇനിയും കഴിയുന്നില്ല എന്ന അവസ്ഥ എന്തൊരു ഭീകരമാണ്


 

ഡോണൽ മുവാറ്റുപുഴ 

(KVARTHA) ഒരു പെണ്ണ് ഒറ്റയ്ക്ക് രാത്രിയല്ല നട്ടുച്ചയ്ക്ക് പോലും ഒറ്റയ്ക്ക് നിന്നാൽ ഇവിടെ കേൾക്കാം കൂടെ പോരുന്നോ എന്ന്. അത്രമാത്രം അധ:പതിച്ചു പോയിരിക്കുന്നു ഈ നാട്. സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെ, ആശങ്കയില്ലാതെ യാത്ര ചെയ്യാൻ ഇനിയും കഴിയുന്നില്ല എന്ന അവസ്ഥ എന്തൊരു ഭീകരമാണ്. ഇത് എത്ര കാലമായി തുടരുന്നു. ഇനി എത്ര കാലമാകും തുടരുക. ഇവിടെ ഒരു സ്ത്രീ സുരക്ഷിതയല്ല എന്നതിന് തെളിവാണ് ഈ പോസ്റ്റ്. 

ഒരു പെണ്ണൊറ്റക്ക്, അതും രാത്രിയിൽ, നിൽക്കുന്നത് കണ്ടാൽ അപ്പൊ തീരാവുന്ന സദാചാരവും മാനുഷിക മൂല്യങ്ങളുമേ ഉള്ളൂ കേരളപുരുഷുകൾക്ക്? ഇത്രേയെയുള്ളോ  കൊട്ടിഘോഷിക്കപ്പെടുന്ന മലയാളനാട് എന്നോർക്കുമ്പോൾ മൂക്കത്ത് വിരൽ വെച്ചു പോകുക സ്വഭാവികം.  ഒരു സ്ത്രീ ആയി പോയതിൻ്റെ പേരിൽ തൻ്റെ രാത്രിയിലെ ദുരിതയാത്രയെ ഓർമ്മിപ്പിച്ചു കൊണ്ട്  ഇന്ദുവിൻ്റെ പോസ്റ്റ് പങ്കുവെക്കുന്നു. അതിൽ പറയുന്നകാര്യങ്ങൾ കേട്ടാൽ ഈ നാട്ടിൽ തന്നെയാണോ ഈ സംഭവം നടന്നത് എന്നോർത്ത് നമ്മൾ ഞടുങ്ങി പോകുക സ്വഭാവികം. ആ പോസ്റ്റ് ഇങ്ങനെയാണ്:

'രാത്രി 10.40 കാലിക്കറ്റ് യൂണിവേഴ്സിറ്റി ബസ്റ്റോപ്പിൽ വരേണ്ട കെ.എസ്.ആർ.ടി.സി വണ്ടി 12. 40 കഴിഞ്ഞപ്പോൾ എത്തി. അതുവരെയുള്ള സമയം ഒരു മനുഷ്യജീവിയും ഇല്ലാതെ ഒരു ചെറിയ ബൾബിന്റെ വെട്ടമില്ലാതെ  കുറ്റിരുട്ടിൽ, യൂണിവേഴ്സിറ്റി ബസ് സ്റ്റോപ്പിൽ പരസ്പരം കടിപിടി കൂടുന്ന രണ്ട് പട്ടികൾക്കൊപ്പം ചകിതമായിരുന്നു. നല്ല മഴ പെയ്തു തുടങ്ങിയപ്പോൾ പട്ടികൾ ബസ്റ്റാൻഡിലേക്ക് കയറി നിന്നു എൻറെ അടുത്ത് വന്ന് എന്നെ മണത്തു നോക്കി. ഭാഗ്യത്തിന് കുരച്ചില്ല. എൻറെ കാലുകൾക്ക് എപ്പോഴും നായ്ക്കളുടെ മണമുണ്ട്. ടിങ്കുവും താമരയും തക്കുടുവും നക്കി നക്കി ഉമ്മ വച്ച് അവരുടെ അവശേഷിപ്പിച്ച ആ മണം കിട്ടുമ്പോൾ എനിക്ക് നേരെ കുരയ്ക്കാറില്ല. 

നായവിധ മണമുള്ള ഏതോ ഒരു ചേച്ചി എന്നവർ എന്നെ അനുതാപപൂർവ്വം നോക്കി. വലിയ വലിയ ലോറികൾ  (കൺസ്ട്രക്ഷൻ സൈറ്റിലേക്ക് ഉള്ള തരം) വരുന്നുണ്ടായിരുന്നു. ഡ്രൈവർമാർ വണ്ടി ഒതുക്കി എത്തിയും ഹോയ് ഹോയ് എന്ന് വിളിച്ചു. മറ്റ് ചിലപ്പോൾ സൈഡിൽ ഇരിക്കുന്നവൻ തല പുറത്തേക്ക് ഇട്ടു ചേച്ചി ചേച്ചി എന്ന് വിളിച്ചു, 'എത്രയാ? എത്രയാന്നോ?'. ആദ്യത്തെ രണ്ട് സെക്കൻഡ് ചോദ്യം മനസ്സിലായില്ല പിന്നെ മനസ്സിലായപ്പോൾ ഞാൻ കാലിലെ ചെരുപ്പ് ഊരി കാണിച്ചു. അടുത്തത് കാറുകാരും ബൈക്കുകാരുമാണ്. വരുന്നോ? പോരുന്നോ?  എത്രയാ? മുറിയുണ്ട് അടുത്തുതന്നെ ഉണ്ട്, പൈസ ഉണ്ട് അടിക്കണോ? അഞ്ചോ പത്തോ അല്ല അതിലധികം‘. 

ഒറ്റക്കിരുട്ടിൽ ബസ്റ്റാൻഡിൽ ഒരു സ്ത്രീ രാത്രി നിന്നാൽ ഒറ്റ അർത്ഥമേ ഉള്ളൂ. അവളെ കാശു കൊടുത്താൽ ആർക്കും ലഭ്യമാകും. കുറച്ചു കഴിഞ്ഞപ്പോൾ ഒരു യാത്രക്കാരൻ കൂടി അവിടെ വന്നു നിന്നു. എവിടേക്കാണ് പോകുന്നത് എന്ന് ചോദിച്ചു. പേടി തോന്നിയപ്പോൾ തന്നെ ഓഫീസിന്റെ കാർഡ് എടുത്ത് കഴുത്തിലിട്ട ഞാൻ വിജിലൻസ് ആടാ വിജിലൻസ് എന്നപോലെ അയാളെ തുറിച്ച് നോക്കി കേസന്വേഷണത്തിന് പോവുകയാണ് എന്ന് പറഞ്ഞു. നായക്കുട്ടികൾ അയാളെ നോക്കിക്കൊലയ്ക്കാൻ തുടങ്ങി. നായയെ പേടിച്ചോ ഞാൻ പറഞ്ഞത് വിശ്വസിച്ചോ അയാൾ പെട്ടെന്നിറങ്ങി. കുറച്ചപ്പുറത്ത് നിർത്തിയിട്ട കാറ് ഞാനപ്പോഴാണ് കണ്ടത്. ഫോണിലെ ബാറ്ററി കുറഞ്ഞുകൊണ്ടിരിക്കുന്നു. 

ഇരിക്കുന്ന സ്ഥലം ഒട്ടും സുരക്ഷിതമല്ല പുറകിൽ വിശാലമായ കാടാണ്. അവിടെ നിന്നും ആരെങ്കിലും വന്നു പുറകിൽ നിന്നും മൂക്കും വായയും പൊത്തിപ്പിടിച്ചാൽ! അതുമതി. എവിടെയെത്തി? എവിടെ എത്തി? എന്ന് വിളിച്ചു ചോദിക്കുമ്പോൾ മീഞ്ചന്ത എത്തി ചെറുവണ്ണൂർ എത്തി എന്നെല്ലാം മറുപടികൾ കിട്ടിക്കൊണ്ടിരുന്നു. 10 കിലോമീറ്റർ അപ്പുറത്തുള്ള മീഞ്ചന്തയിൽ നിന്നും യൂണിവേഴ്സിറ്റിയിൽ എത്താൻ 48 മിനിറ്റ്.  റോഡിൽ ബ്ലോക്ക് ഒന്നും ഗൂഗിൾ മാപ്പ് കാണിച്ചിട്ടുമില്ല. എന്തായാലും ഒടുവിൽ ദുരിത ബസ് വന്നു. ഞാൻ കരുതി എന്റെ ദുരിതം അതോടെ തീർന്നുവെന്ന്. എന്നാൽ അത് ആരംഭിക്കുവാൻ പോകുന്നതേണ്ടായിരുന്നുള്ളൂ. എൻറെ മനസ് വളരെ ശക്തിയുള്ളതും എന്ത് പ്രശ്നത്തെയും നേരിടാൻ ആർജ്ജവമായതുമായിരുന്നു. എങ്കിലും ഇത്രയും അധികം ആളുകൾ ഇങ്ങോട്ട് കയറിവന്ന്  ഇങ്ങനെ പറയാൻ ശ്രമിച്ചത് എന്റെ ആത്മവിശ്വാസത്തെ ഇല്ലാതാക്കിക്കളഞ്ഞു. 

ഒരു മദ്യപനവും മയക്കുമരുന്നുകാരനും ഞാൻ നോ പറഞ്ഞാൽ തിരിച്ചറിയാനുള്ള യുക്തിയുണ്ടാകുമോ എന്ന ആന്തരികമായ ഒരു ഭയം എന്ന് പതിയെ ചൂഴ്ന്നു കൊണ്ടിരുന്നു. ഞാനിരിക്കുന്ന പാലമരത്തിന്റെ ചുവട്ടിൽ നേർത്ത പാലപ്പൂവുകളുടെ മണം ഒഴുകി വരുന്നതായി തോന്നി. കുറ്റം പറയരുതല്ലോ ബസ്റ്റോപ്പിലേക്ക്  പെരുച്ചാഴികൾ കയറി വന്നു. യക്ഷിയും ഭൂതവും എപ്പം വരുമെന്നു ഞാൻ കൗതുകപ്പെട്ടു. എൻറെ രോഗാതുരമായ ഹൃദയം പടപടാ ഇടിച്ചു. എനിക്ക് പാൽപ്പിറ്റേഷൻ അനുഭവപ്പെട്ടു. മുട്ടുകൾ ദുർബലമായി വിറച്ചു കൊണ്ടിരുന്നു. പ്രത്യാക്രമണത്തിനായി ഒരു കുട പോലും കയ്യിൽ ഇല്ലാത്തത് എന്നെ ചെറുതായി ഒന്നുമല്ല ആശങ്കപ്പെടുത്തിയത്. പെപ്പർ സ്പ്രേ വാങ്ങാത്ത ബുദ്ധിയെ ഞാൻ പ്രാകി. ബസ്സിനകത്ത് എല്ലാവരും ഉറക്കമായിരുന്നു. എൻറെ ശരീരം അതിൻറെ മിടുപ്പുകൾ നിർത്താൻ കൂട്ടാക്കിയില്ല. ആശ്വാസത്തിന് പകരം ആകുലത വർദ്ധിച്ചു. 

എപ്പോഴത്തെയും പോലെ  അമിതമായ  സ്ട്രെസ് ടെൻഷൻ കാരണം പത്തോ പന്ത്രണ്ടോ ദിവസങ്ങൾക്ക് മുന്നേയായി ഉടൽ രക്തസ്നാതമായി. തൃശ്ശൂരിലെ കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ നിന്നും ഓരോ കടകളിലും കയറി സാനിറ്ററി പാടുകൾ ഉണ്ടോ ഉണ്ടോ എന്ന് ഞാൻ കെഞ്ചി കൊണ്ടിരുന്നു. അവസാനത്തെ പാഡുകളും വിറ്റ് തീർത്തു എന്ന് കടക്കാരൻ നിസ്സാരമായി പറഞ്ഞു. കാലടി, എറണാകുളം, മൂവാറ്റുപുഴ കോട്ടയം  ഒരു കെഎസ്ആർടിസി ബസ് സ്റ്റേഷൻ പോലും പെൺ സൗഹൃദകാരിയായിരുന്നില്ല. എല്ലാ കടക്കാരനും ഒരു സാമൂഹ്യ ഉത്തരവാദിത്വം എന്ന നിലയിൽ എങ്കിലും ഒരു സാനിറ്ററി പാഡ് വാങ്ങിച്ചു വെക്കാവുന്നതല്ലേ ഉള്ളൂ എന്ന് ഞാൻ നിസ്സഹായമായി ഓർത്തു. ബസ്സിലെ, സ്റ്റാൻഡിലെ ഓരോ സ്ത്രീയോടും ഒരു പാഡിൻറെ സാധ്യതയെപ്പറ്റി ആരാഞ്ഞു. 

മെൻസ്ച്വറൽ കപ്പുകളുടെ കാലത്ത് അവർ ആരും തന്നെ പാഡുകൾ സൂക്ഷിക്കുന്നുണ്ടായിരുന്നില്ല. മുതിർന്ന ഒരു സ്ത്രീ തൻ്റെ ആർത്തവ ദിനങ്ങളെ അറിയാതെ പൊതുഇടത്തിൽ പ്രത്യക്ഷയായത് എത്ര പരിഹാസ്യമെന്ന് കരച്ചിലോടെ ഓർത്തു. കടുത്ത അപമാനത്തെ, അശ്ലീലമായ പുരുഷ നോട്ടങ്ങളെ എങ്ങനെ രക്ഷപ്പെടാൻ എന്ന് ഞാൻ വേപഥുവോടെ ഉഴന്നു കയ്യിൽ ഒരു പുതപ്പ് ഉണ്ടായിരുന്നു. അത് വച്ച് എന്തെങ്കിലും ചെയ്യാനുള്ള ഒരു സാധ്യത മാത്രമേ എന്റെ കയ്യിലുണ്ടായിരുന്നുള്ളൂ. വരുന്നതു വരട്ടെ എന്ന് കരുതി.  സിനിമയിലും മറ്റും മേൽക്കോട്ടുകൾ ചുറ്റും ചുറ്റുന്നത് പോലെ പുതപ്പു മടക്കി ചുറ്റുന്നതിന്റെ സാധ്യതയെ കുറിച്ചാണ് ഞാൻ ആലോചിച്ചത്. ലജ്ജാകരമായ ഈ അവസ്ഥയിൽ ഉറക്കം വന്നില്ല. ഇന്നലെ രാത്രിയാകട്ടെ ആകെ മൂന്ന് മണിക്കൂറാണ് എനിക്ക് ഉറങ്ങാൻ കഴിഞ്ഞത്. ഉച്ചയ്ക്കും ഉറങ്ങാൻ കഴിഞ്ഞില്ല. 

മൂവാറ്റുപുഴ കഴിഞ്ഞപ്പോൾ ഞാൻ ക്ഷീണിച്ച് ഉറങ്ങി. 5 -10 ഓ മിനുട്ട് മാത്രം. പുറത്തെ മഴ മുഖത്ത് ശറ ശറ പെയ്തപ്പോൾ ഞാൻ കിടുങ്ങിപ്പോയി. യൂണിവേഴ്സിറ്റി ബസ്റ്റോപ്പിൽ ഞാനുറങ്ങിയെന്നും മഴ നനയുന്നെന്നും ഭയപ്പെട്ടു. എന്നാൽ ഞാൻ  ബസ്സിൽ തന്നെയായിരുന്നു. എൻ്റെ ആറാം നമ്പർ സീറ്റിൽ. കെ.എസ്.ആർ.ടി.സിയുടെ മേൽപ്പുര ചോർന്ന് വെള്ളം ചിതറുന്നതാണ്. എന്തു ചെയ്യും? വേർ ഈസ് മൈ ട്രെയിൻ നോക്കിയപ്പോൾ 6.57 ടൈം തിരുവല്ലയിൽ നിന്നുണ്ട് എന്ന് കണ്ടു. ഇത്രയധികം കാശുകൊടുത്ത് ഈ ബസ്സിൽ ടിക്കറ്റ് എടുത്ത് മഴ മുഖത്ത് വീണ് പോകേണ്ട അവസ്ഥ എനിക്ക് അസഹനീയമായിരുന്നു. സാനിറ്ററി പാഡ് ഇല്ലാത്ത അവസ്ഥ അതിലേറെ ശോചനീയം. തിരുവല്ല ഇറങ്ങി ഫാർമസിയിൽ കയറി സാനിറ്ററി പാഡ് വാങ്ങുന്നു അതേ ഓട്ടോയിൽ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നു ടിക്കറ്റ് എല്ലാം ഓൺലൈൻ എടുത്തു. 

പാപി ചെന്നിടം പാതാളം. 6.57ന് എത്തിയിട്ടും മൂന്നാം പ്ലാറ്റ് ഫോമിലേക്ക് കയറാൻ പറ്റാത്തതുകൊണ്ട് ട്രെയിൻ പോകുന്നത് നോക്കി നിന്നു. അടുത്ത ട്രെയിൻ എട്ടുമണിക്കാണ് ‘സാരമില്ലെന്ന് ആശ്വസിച്ചു. ഈ മരണകാലത്ത് ഇതൊക്കെ നിസ്സാരം. എസിയും മഴയും കൊണ്ട്  തൊണ്ട മുഴുവൻ വേദന തുടങ്ങിയിരുന്നു. ആർത്തവ സംബന്ധിയാ വേദനയും 8 മണിയുടെ തീവണ്ടി കിട്ടി. രണ്ടുമണിക്കൂർ കൊണ്ട് ഈ തീവണ്ടി കൊല്ലത്തെത്തും. കെ.എസ്.ആർ.ടി.സിയ്ക്ക് ഗുണം പിടിക്കട്ടെ എന്ന് കരുതി 925  രൂപ കൊടുത്ത ഞാൻ വിഡ്ഡി. കെ.എസ്.ആർ.ടി.സിയോട്  ചില അപേക്ഷകൾ

1) ബസ് ലേറ്റ് ആണെങ്കിൽ അത് എസ്എംഎസ് വഴിയോ വാട്സ്ആപ്പ് വഴിയോ കോളുകൾ വഴിയോ യാത്രികരെ അറിയിക്കുന്ന സംവിധാനം എന്തുകൊണ്ടും നല്ലതാണ്. 2) 20 കിലോമീറ്റർ മുമ്പുള്ള പോയിന്റിൽ എത്തുമ്പോൾ വിളിച്ച് യാത്രികനും വിവരം നൽകുന്നതും നല്ലതാണ്. 3) 925 രൂപ നൽകിയിട്ടുള്ള ബസ് വാങ്ങുമ്പോൾ യാത്രക്കാരന്റെ മുഖത്ത് മഴ പെയ്യിക്കാതിരിക്കുവാനുള്ള ഒരു ടാർപോളിൻ ഷീറ്റെങ്കിലും ബസ്സിനകത്ത് വലിച്ചുകെട്ടേണ്ടതാണ്. 4) ഒരു സ്ത്രീ ഒരു കെഎസ്ആർടിസി സ്റ്റാൻഡിൽ ഓരോ തവണയും ഇറങ്ങി വെപ്രാളത്തോടെ മെഡിക്കൽ ഷോപ്പ് ഉണ്ടോ എന്ന് അന്വേഷിക്കുമ്പോൾ പോകുന്ന വഴിക്ക് എവിടെയെങ്കിലും മെഡിക്കൽ ഷോപ്പ് ഉണ്ടെങ്കിൽ ഫാർമസി ഉണ്ടെങ്കിൽ അവിടെ നിർത്തി അവൾക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ അനുവദിക്കുന്നുവെങ്കിൽ അത് വളരെ നല്ലതാണ്. ഇത്ര എമർജൻസിയിൽ തൂറ്റിനുള്ള വല്ല മരുന്നോ അല്ലെങ്കിൽ സാനിറ്ററി പാഡ് ആയിരിക്കും അവൾ അന്വേഷിക്കുക എന്ന് മനസ്സിലാക്കാനുള്ള ഒരു വിവേകം ജീവനക്കാർക്ക് നല്ലതാണ്. 

ഇതാണ് ആ പോസ്റ്റ് .  കേരളത്തിൽ സ്ത്രീകളുടെ രാത്രിയാത്ര  ഭയാനകമാണ് എന്ന് തെളിയിക്കുന്നതാണ് ഈ പോസ്റ്റ്. ബസ് സ്റ്റോപ്പിൽ കാത്തു നിന്ന സമയത്ത് സംഭവിക്കാമായിരുന്ന ദുരന്തത്തിൽ നിന്ന് ഇന്ദു  രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രമാണ്. പെപ്പർ സ്പ്രേ, സാനിറ്ററി പാഡ്, നല്ലൊരു പവർ ബാങ്ക്, ഒരു മിനി ടോർച് മുതലായ നമ്മുടെ നാട്ടിൽ ഇടക്കെങ്കിലും ധാരാളം യാത്ര ചെയ്യുന്ന സ്ത്രീകൾ ബാഗിൽ സൂക്ഷിക്കുന്നില്ല എന്നത് ഒരു പോരായ്മയാണ്. വികസിത രാജ്യങ്ങളിൽ ഇതൊന്നും അത്ര നിർബന്ധമില്ല. കാരണം അവിടത്തെ പെട്രോൾ സ്റ്റേഷനുകൾ മുതൽ 24 മണിക്കൂർ സൂപ്പർ മാർക്കറ്റ് വരെ, കൂടാതെ വിശേഷിച്ചു 'ജനമൈത്രി' ആവശ്യമില്ലാത്ത പോലീസ് മുതൽ ധാരാളം സൗകര്യങ്ങൾ അവിടെ ഉണ്ടാകും. 

നമ്മുടെ നാടിന്റെ അവസ്ഥ മുൻകൂട്ടി അറിഞ്ഞു കരുതലോടെ പെരുമാറുക എന്നത് ഒരു പ്രധാന കാര്യമാണ്. കേരളം നമ്പർ വൺ എന്നത് ഒരു ആപേക്ഷിക സ്വപ്നം മാത്രമാണ് എന്നത് മറക്കാതിരിക്കുക. ഒന്നുമല്ലെങ്കിൽ  സാനിറ്ററി പാഡ് ബസിൽ വില്പനക്ക് വെയ്ക്കാൻ തീരുമാനമുണ്ടാകണം. ഇതിൽ നാലാമത്തെ പോയിന്റിൽ ചെറിയൊരു വിയോജിപ്പുണ്ട്. പോകുന്ന വഴിക്ക് മെഡിക്കൽ ഷോപ്പിന് മുൻപിൽ നിർത്താൻ ആവശ്യപ്പെട്ടാൽ നിർത്തി തരുന്ന ജീവനക്കാരാണ് ഭൂരിഭാഗവും. ഇവിടെ ആ മാഡം നിർത്താൻ ആവശ്യപ്പെട്ടോ എന്നും വ്യക്തമാകുന്നില്ല. എന്തായാലും ഇന്ദുവിൻ്റെ ഈ ദുരിത യാത്ര വ്യക്തമായി വിവരിക്കുന്ന ഈ പോസ്റ്റ് അധികാരികളുടെ കണ്ണുതുറപ്പിച്ചാൽ നന്നായിരുന്നു. ഇല്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ അല്ല ഇവിടെ ഇനിയും നിരവധി പീഡനങ്ങളും ബലാത്സംഗങ്ങളും കൊലപാതകങ്ങളും അരങ്ങേറുമെന്ന് തീർച്ചയാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia