കെ റെയിലിലും നീതി വേണമെങ്കില്‍ കോടതി കയറണം; തെരഞ്ഞെടുക്കപ്പെട്ട സര്‍കാരെന്തിന്?

 


ആദിത്യന്‍

തിരുവനന്തപുരം: (www.kvartha.com 20.01.2022) ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍കാരുകള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കോടതി മാത്രമേ സാധാരണക്കാരന് ആശ്വാസമാകൂ. കെ റെയില്‍ പദ്ധതിയിലും ഇതാണ് സംഭവിക്കുന്നത്. നേരിട്ട് സര്‍വേ നടത്താതെ ഡീറ്റയില്‍ഡ് പ്രോജക്ട് റിപോർട് (ഡിപിആര്‍) തയ്യാറാക്കിയത് എന്തിനാണെന്ന് ഹൈകോടതി ചോദിച്ചത് ഏറ്റവും അവസാനത്തെ ഉദാഹരണം. കെ റെയിലിനായി നടക്കുന്ന സര്‍വേയ്‌ക്കെതിരെ ഹര്‍ജി നല്‍കിയവരുടെ ഭൂമിയില്‍ സര്‍വേ നടത്തരുതെന്നും വ്യാഴാഴ്ച കോടതി ഉത്തരവിട്ടു. ഡിപിആറിന് പൂര്‍ണ അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍കാരും കോടതിയെ അറിയിച്ചു. പിന്നെ എന്തിനാണ് സര്‍കാര്‍ സര്‍വേ നടത്തുന്നതെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റംപറയാനാകില്ല.
                                  
കെ റെയിലിലും നീതി വേണമെങ്കില്‍ കോടതി കയറണം; തെരഞ്ഞെടുക്കപ്പെട്ട സര്‍കാരെന്തിന്?

ഏരിയല്‍ സര്‍വേ നടത്തുന്നതിനെയും ഹൈകോടതി ചോദ്യം ചെയ്തു. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ പദ്ധതികളുമായി മുന്നോട്ട് പോകുമ്പോഴെല്ലാം ഇത്തരം തിരിച്ചടികള്‍ എല്ലാ സര്‍കാരുകള്‍ക്കും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് സർകാരിന്റെ കാലത്ത് ഇത്തരം നിരവധി പദ്ധതികളാണ് പൊളിഞ്ഞു പാളീസായത്. അതില്‍ ഏറ്റവും പ്രധാനമാണ് ആറന്മുള വിമാനത്താവള പദ്ധതി. ഏകറുകണക്കിന് വയലുകളും തണ്ണീര്‍തടങ്ങളും നികത്തി വിമാനത്താവളം പണിയുന്നതിന് സ്വകാര്യ കംപനിക്ക് സര്‍കാര്‍ കുടപിടിച്ചു. പദ്ധതി പ്രദേശത്തെ പൊതുജനാഭിപ്രായം ആരായുക പോലും ചെയ്യാതെയായിരുന്നു ഇത്.

ആറന്മുളയില്‍ നിന്ന് മൂന്ന് മണിക്കൂര്‍ സഞ്ചരിച്ചാല്‍ തിരുവനന്തപുരം വിമാനത്താവളത്തിലോ, നെടുമ്പാശേരി എയര്‍പോര്‍ടിലോ എത്താം. രണ്ട് വിമാനത്താവളങ്ങള്‍ തമ്മില്‍ 300 കിലോമീറ്റര്‍ ദൂരപരിധി വേണമെന്ന നിയമവും ലംഘിച്ചാണ് പദ്ധതിയുമായി മുന്നോട്ട് പോയത്. അവസാനം ജനരോഷത്തിന് മുന്നില്‍ സര്‍കാര്‍ മുട്ടുമടക്കി. മെത്രാന്‍ കായല്‍ അടക്കമുള്ള പദ്ധതികളും അകാലചരമം അടഞ്ഞെന്ന് മാത്രമല്ല, യുഡിഎഫിനെ ജനം അധികാരത്തില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു. അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും അവര്‍ക്ക് സെക്രടറിയേറ്റിന്റെ പടികടക്കാനായില്ല.

ജലസ്രോതസുകള്‍ തിരിച്ചുവിടുകയും വയലുകളും തണ്ണീര്‍ തടങ്ങളും നികത്തുകയും ചെയ്യേണ്ട കെ റെയില്‍ പദ്ധതി സംസ്ഥാനത്തിന്റെ പരിസ്ഥിതിക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. സ്റ്റേഷനുകളുടെ ഒരു കിലോമീറ്റര്‍ പ്രത്യേക സാമ്പത്തികമേഖലയായി പ്രഖ്യാപിക്കുകയും അവിടെയുള്ള താമസക്കാരോടും വ്യാപാരികളോടും പ്രത്യേക നികുതി ഈടാക്കാമെന്നും ഡിപിആറില്‍ ശുപാര്‍ശയുണ്ട്. കോഴിക്കോട് ഭൂ ഗര്‍ഭ സ്‌റ്റേഷനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

രണ്ട് പ്രളയവും കോവിഡും തകര്‍ത്ത ജീവിതത്തില്‍ നിന്ന് മലയാളി ഇതുവരെ നടുനിവര്‍ത്തിയിട്ടില്ല. അതിന് മുമ്പ് ഇത്തരം വലിയ പദ്ധതികള്‍ ധൃതിപിടിച്ച് നടപ്പാക്കണോ എന്ന് ഭരണത്തിലിരിക്കുന്നവര്‍ ചിന്തിക്കുന്നത് സാധാരണക്കാരന് വലിയ ആശ്വാസമായിരിക്കും.


Keywords:  News, Kerala, Thiruvananthapuram, Top-Headlines, Railway, High Speed Train, Court, Government, People, Justice, If justice is to be done in K Rail too, people must go to the court, Why an elected government?.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia