ഗാന്ധിജിയുടെ ചിത്രമുള്ള കലണ്ടര്‍ കൊണ്ട് സി സി ടി വി മറച്ച് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നു: ദൃശ്യങ്ങള്‍ പുറത്ത്

 


ഇടുക്കി: (www.kvartha.com 09.06.2016) അഴിമതി തടയാന്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് ഓഫീസില്‍ സ്ഥാപിച്ച സി സി ടി വി ക്യാമറയില്‍ ജീവനക്കാരന്‍ കുടുങ്ങി. പഞ്ചായത്ത് ഓഫീസിലെ പ്യൂണ്‍ ആണ് കൈക്കൂലി വാങ്ങുന്നതിനിടെ ക്യാമറയില്‍ കുടുങ്ങിയത്. ഇയാള്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിയാതിരിക്കാന്‍ ഗാന്ധിജിയുടെ ചിത്രമുള്ള സര്‍ക്കാര്‍ കലണ്ടര്‍ കൊണ്ട് ക്യാമറ മറച്ചു പിടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്.

ഇടുക്കി ജില്ലാ പഞ്ചായത്ത് ഓഫീസിലെ കൈക്കൂലി അടക്കമുള്ള അഴിമതി തടയുന്നതിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിലായി 16 ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. മുന്‍വര്‍ഷത്തെ ഓഡിറ്റില്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ കോടികളുടെ അഴിമതി കണ്ടെത്തിയതും സി സി ടി വി വെക്കാന്‍ അധികൃതരെ നിര്‍ബന്ധിതരാക്കി.

ക്യാമറ സ്ഥാപിച്ചതിനെതിരെ ജീവനക്കാരില്‍ ചിലര്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ അസഭ്യ വര്‍ഷത്തില്‍ വരെ പ്രതിഷേധം എത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ച് ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമാക്കുകയായിരുന്നു. ഇതിലൊരു ക്യാമറയില്‍ മാര്‍ച്ച് മൂന്നാം തീയതിയാണ് കൈക്കൂലി വാങ്ങുമ്പോള്‍ കലണ്ടര്‍ കൊണ്ട് ക്യാമറ മറയ്ക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്.

എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ ഓഫീസിലാണ് സംഭവം നടന്നത്. കോണ്‍ട്രാക്ടര്‍മാര്‍ വരുമ്പോള്‍ ഓഫീസിലെ പ്യൂണായ അന്നക്കൊടി ക്യാമറ മറയ്ക്കാന്‍ കലണ്ടറുമായി എത്തുകയാണ് പതിവ്. മൂന്നാര്‍ പഞ്ചായത്തില്‍ നിന്നും പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ വാങ്ങിയാണ് അന്നക്കൊടി ഇടുക്കി ജില്ലാ പഞ്ചായത്ത് ഓഫീസില്‍ എത്തിയത്. 

ജീവനക്കാര്‍ കൈക്കൂലി നല്‍കുന്നത് പുറത്തറിയാതിരിക്കാനുള്ള എല്ലാ സഹായവും ചെയ്യുന്നത് ഇദ്ദേഹമാണ്. ക്യാമറ സ്ഥാപിക്കുന്നതിനെതിരെ രംഗത്തുണ്ടായിരുന്ന ജീവനക്കാരിലൊരാളും ഈ സമയത്ത് ഓഫീസിലുണ്ടായിരുന്നു. ഇയാളുടെ അറിവോടെയാണ് പ്യൂണ്‍ ഇക്കാര്യങ്ങള്‍ ചെയ്തതെന്ന് ദൃശ്യങ്ങളില്‍ നിന്നും മനസ്സില്ലാക്കാം.

സംഭവം സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ പ്യൂണ്‍ അന്നക്കൊടിയോട് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. അഴിമതി തടയാന്‍ ലക്ഷങ്ങള്‍മുടക്കി സ്ഥാപിച്ച ക്യാമറകള്‍ ഗാന്ധിജിയുടെ പടമുള്ള കലണ്ടര്‍ കൊണ്ടു മറച്ച് അഴിമതി തുടരുന്നു എന്നതിന്റെ ഉദാഹരണമാണിത്.
ഗാന്ധിജിയുടെ ചിത്രമുള്ള കലണ്ടര്‍ കൊണ്ട് സി സി ടി വി മറച്ച് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നു: ദൃശ്യങ്ങള്‍ പുറത്ത്

Also Read:
ഭര്‍തൃമതിയെയും മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെയും കാണാതായി

Keywords:  Idukki, Corruption, CCTV, Camera,Transfer, Gandhiji, Office, Employees, Pune,Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia